ന്യൂദല്‍ഹി:ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണം ഇന്ത്യയിലും ബംഗ്ലാദേശിലും ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍ പുറത്തിറക്കിയ പോസ്റ്ററില്‍ ആക്രമണം നടത്തുമെന്ന സൂചന നല്‍കുന്നുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗ്ലദേശിലെയും ബംഗാളിലെയും സ്ഥിതിഗതികള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചുവരികയാണ്.
അതിനിടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) അനുബന്ധ ഗ്രൂപ്പായ ‘അല്‍മുര്‍സലാത്ത്’ ബംഗാളില്‍ തങ്ങളുടെ പുതിയ തലവനെ (എമിര്‍) നിയമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അബു മുഹമ്മദ് അല്ബംഗാളിയെന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് പറഞ്ഞു. ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കുക, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയാണ് ഇയാളുടെ ചുമതലകള്‍.
തിങ്കളാഴ്ച ധാക്കയിലെ ഗുലിസ്റ്റന് തിയറ്ററിനു സമീപം സ്ഫോടനമുണ്ടായിരുന്നു. ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: