വാരാണസിയില്‍ തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി

Thursday 2 May 2019 5:03 pm IST

വാരാണസി:  സേനയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ബിഎസ്എഫ് കോണ്‍സ്റ്റബിളും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക വാരാണസി ലോക്‌സഭാ മണ്ഡലം വരാണാധികാരി തള്ളി. സേനയില്‍ നിന്ന് പിരിച്ചുവിട്ടതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാത്തതിനാലാണ് പത്രിക തള്ളിയത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു യാദവ്. 

അഴിമതിയുടെയോ അവിശ്വാസ്യതയുടെയോ പേരിലല്ല യാദവിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയതെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തേജ് സമര്‍പ്പിച്ചില്ല. ഇതിനായി തേജിന് 11 മണി വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍, കൃത്യസമയത്ത് രേഖകള്‍ സമര്‍പ്പിക്കാനായില്ലെന്ന് വരണാധികാരി സുരേന്ദ്ര സിങ് പറഞ്ഞു. 

1951ലെ റെപ്രസെന്റേഷന്‍ ഓഫ് ദ പീപ്പിള്‍ ആക്ട് സെക്ഷന്‍ 9, 33(3) പാലിക്കാത്തതിനാലാണ് തേജിന്റെ പത്രിക തള്ളിയത്. ഈ വകുപ്പ് പ്രകാരം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി അഞ്ച് വര്‍ഷമായിട്ടില്ലെങ്കില്‍ അഴിമതിയോ അവിശ്വാസ്യതയോ കാരണമല്ല ഇവരെ പുറത്താക്കിയതെന്ന രേഖ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കണം. 

സ്വതന്ത്രനായും, എസ്പി സ്ഥാനാര്‍ഥിയായും രണ്ട് നാമനിര്‍ദേശ പത്രിക യാദവ് സമര്‍പ്പിച്ചിരുന്നു. ഈ വൈരുദ്ധ്യം കാരണം പത്രിക തടഞ്ഞുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെയ് ഒന്നിന് 11 മണിക്ക് രേഖകള്‍ സമര്‍പ്പിക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയത്. 

ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലെ സൈനികര്‍ക്ക് ഗുണമേന്‍മയില്ലാത്ത ഭക്ഷണമാണ് നല്‍കുന്നതെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത യാദവിനെ അച്ചടക്ക ലംഘനം നടത്തിയതിനാണ് 2017ല്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.