വോട്ട് ബിജെപിക്ക്; മന്ത്രിയുടെ പ്രസംഗം പുതിയ ഏറ്റുമുട്ടലിലേക്ക്

Friday 3 May 2019 4:24 am IST
ഉഡുപ്പിയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യം അറിയിച്ച സിദ്ധരാമയ്യ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും സിദ്ധരാമയ്യ അതൃപ്തി അറിയിച്ചു. തുടര്‍ന്ന് കെ.സി. വേണുഗോപാലും കുമാരസ്വാമിയെ വിയോജിപ്പ് അറിയിച്ചു. മന്ത്രിയുടെ പരാമര്‍ശം കൂട്ടുകക്ഷി ഭരണത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും പറഞ്ഞു.

ജി.ടി. ദേവഗൗഡ, എസ്.ആര്‍. മഹേഷ്‌

ബെംഗളൂരു: മൈസൂരുവില്‍ ജെഡിഎസ് പ്രവര്‍ത്തകരുടെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി പ്രതാപ് സിംഹയ്ക്ക് ലഭിച്ചെന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ ജി.ടി. ദേവഗൗഡയുടെ പ്രസംഗം ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനുള്ളില്‍ പുതിയ പൊട്ടിത്തെറി സൃഷ്ടിച്ചു. മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്.  

ജി.ടി. ദേവഗൗഡയുടെ പരാമര്‍ശത്തോട് രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ദേവഗൗഡയേയും മൈസൂരുവില്‍ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജെഡിഎസ് നേതാവും മറ്റൊരു മന്ത്രിയുമായ എസ്.ആര്‍. മഹേഷിനേയും  മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

ഉഡുപ്പിയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യം അറിയിച്ച സിദ്ധരാമയ്യ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും സിദ്ധരാമയ്യ അതൃപ്തി അറിയിച്ചു. തുടര്‍ന്ന് കെ.സി. വേണുഗോപാലും കുമാരസ്വാമിയെ വിയോജിപ്പ് അറിയിച്ചു. മന്ത്രിയുടെ പരാമര്‍ശം കൂട്ടുകക്ഷി ഭരണത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും പറഞ്ഞു. 

മൈസൂരുവിലെ സംയുക്ത പ്രവര്‍ത്തനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ജി.ടി. ദേവഗൗഡയുടെ വിവാദ മറുപടി. സ്ഥിരവൈരികളായ ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെ താഴെതട്ടില്‍ ഒരുമിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ദേവഗൗഡ പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ രണ്ടുമാസം മുന്‍പെങ്കിലും പ്രഖ്യാപിക്കേണ്ടതായിരുന്നു. എങ്കില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നു. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ജെഡിഎസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. പല സ്ഥലത്തും ഇരുപാര്‍ട്ടി സ്ഥാനാര്‍ത്ഥികളും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. 

അതിനാല്‍, പ്രവര്‍ത്തകരെ ഒരുമിപ്പിക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ്സിനോട് എതിര്‍പ്പുള്ള ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രതാപ് സിംഹയ്ക്കാണ് വോട്ടു ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

ജെഡിഎസ് നേതാവും മന്ത്രിയുമായ എസ്.ആര്‍. മഹേഷ് തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ സമാന പരാമര്‍ശവും വിവാദമായിരുന്നു. മാണ്ഡ്യ, ഹാസന്‍ മണ്ഡലങ്ങളില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിക്ക് എതിരെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചതാണ് മഹേഷിനെ ചൊടിപ്പിച്ചത്. മാണ്ഡ്യ, ഹാസനിലും പണി തന്നാല്‍ മൈസുരുവില്‍ മറുപടി നല്‍കുമെന്നായിരുന്നു മഹേഷിന്റെ പ്രസംഗം. 

മൈസുരു: സിദ്ധരാമയ്യക്ക് അഭിമാനപ്പോരാട്ടം

മൈസൂരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം, സിദ്ധരാമയ്യക്ക് അനിവാര്യമാണ്. സിദ്ധരാമയ്യയുടെ വീടു നില്‍ക്കുന്ന മണ്ഡലമാണ് മൈസൂരു. സിദ്ധരാമയ്യയുടെ പിടിവാശിയിലാണ് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചത്. 

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയ്ക്കായി ജെഡിഎസ് മൈസൂരു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൈസൂരു വിട്ടു നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സിദ്ധരാമയ്യ. 

മൈസൂരുവിനു പകരമായി കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായ തുമകൂരു വിട്ടു നല്‍കിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്് പ്രശ്‌നം പരിഹരിച്ചത്. 

തുമകൂരു ജെഡിഎസ്സിന് നല്‍കുന്നതിനെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവ് മല്ലികാര്‍ജുന ഉള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ത്തിരുന്നെങ്കിലും സിദ്ധരാമയ്യയുടെ പിടിവാശി ഹൈക്കമാന്‍ഡ്് അംഗീകരിക്കുകയായിരുന്നു. 

സിദ്ധരാമയ്യയുടെ അടുപ്പക്കാരനായ വിജയശങ്കറായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വിജയശങ്കറെ വിജയിപ്പിക്കാന്‍ സിദ്ധരാമയ്യ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തനം. 

ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ദേവഗൗഡയെയും രാഹുല്‍ ഗാന്ധിയെയും മണ്ഡലത്തില്‍ എത്തിച്ചു. 

വൈരങ്ങള്‍ മറന്ന് ജെഡിഎസ് നേതാക്കള്‍ക്കൊപ്പം സിദ്ധരാമയ്യ വേദി പങ്കിട്ടു. എന്നാല്‍, നേതാക്കള്‍ ഐക്യം പ്രകടിപ്പിച്ചപ്പോഴും പ്രവര്‍ത്തകര്‍ ഇരുധ്രുവങ്ങളിലായിരുന്നു. 

ജെഡിഎസ്-കോണ്‍ഗ്രസ് സംയുക്ത യോഗങ്ങള്‍ പലതും സംഘര്‍ഷത്തില്‍ കലാശിച്ചു. കോണ്‍ഗ്രസ്സുകാര്‍ രാഹുല്‍ ഗാന്ധിച്ച് ജയ് വിളിച്ചപ്പോള്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ മോദിക്ക് ജയ് വിളിച്ചതും വലിയ ചര്‍ച്ചയായിരുന്നു. 

മൈസൂരുവിലെ വിജയ പരാജയങ്ങള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ സിദ്ധരാമയ്യയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. മൈസൂരുവില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ തുമകൂരു വിട്ടതില്‍ ഇടഞ്ഞു നില്‍ക്കുന്ന പരമേശ്വരയുള്‍പ്പെടെയുള്ള നേതാക്കള്‍ സിദ്ധരാമയ്യക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തും. 

കോണ്‍ഗ്രസ്-ജെഡിഎസ് വോട്ട് ലഭിച്ചു: ബിജെപി

ബെംഗളൂരു: സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ അതൃപ്തിയുള്ള ഇരുപാര്‍ട്ടിയിലെയും വലിയൊരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ബിജെപിക്ക് ലഭിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍. അശോക് പറഞ്ഞു. 

പ്രത്യേകിച്ച് മാണ്ഡ്യ, മൈസൂരു, ഹാസന്‍, തുമകൂരു, കോലാര്‍ മണ്ഡലങ്ങളില്‍ ഈ വോട്ടുകള്‍ ബിജെപിക്ക് ഗുണം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സംയുക്ത പ്രവര്‍ത്തനം നടന്നില്ല. സഖ്യസര്‍ക്കാരിന് അധികം ആയുസ്സുണ്ടാകില്ല, സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ സഖ്യത്തിനുള്ളിലെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനുള്ളിലെ പ്രശ്‌നങ്ങളില്‍ ബിജെപി ഇടപെടില്ലെന്നും അശോക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.