ആലപ്പുഴ: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റില്പ്പെട്ടവരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. ആലപ്പുഴ നഗരത്തിലെ ചില സ്കൂളുകളിലെ കുട്ടികളെ ചൂഷണം ചെയ്യുവാന്‍ ശ്രമം നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു യുവാക്കളുടെ രേഖാ ചിത്രം തയാറാക്കി പോലീസ് പുറത്തുവിട്ടത്.
ഒറ്റപ്പെട്ട് നില്ക്കുന്ന പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായം വരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഇത്തരത്തിലുള്ള ചൂഷണം കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവരെ പിടികൂടാന്‍ പോലീസ് മുന്‍കരുതലുകള്‍ സ്വീകരിച്ച് തുടങ്ങി. ഇക്കാര്യത്തില്‍ രക്ഷിതാക്കളും പൊതുസമുഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് പറയുന്നത്.
പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ രേഖാചിത്ര പ്രകാരമുള്ള വിവരങ്ങള്‍ ഇങ്ങനെ; മുപ്പത്തഞ്ച് വയസ്സില്‍ താഴെ പ്രായമുള്ളവരും, ഒരാള്‍ മെലിഞ്ഞ് വെളുത്ത നിറമുള്ളതും, മറ്റേയാള്‍ ഇരു നിറമുള്ളതും, പൊക്കം കുറഞ്ഞതും വണ്ണമുള്ളതുമാണ്. ആലപ്പുഴ നഗരത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെങ്കിലും സംസ്ഥാനത്ത് എവിടെയും നടക്കാവുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: