ഭീകരതയെ പൂട്ടി ഇന്ത്യയുടെ നയതന്ത്ര വിജയം

Friday 3 May 2019 1:45 am IST
പത്തുവര്‍ഷമായി തുടര്‍ന്നുപോന്ന നിലപാടില്‍നിന്നാണു ചൈന വ്യതിചലിച്ചത്. അവരുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിനെതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള വന്‍ശക്തികളെ അണിനിരത്താന്‍ കഴിഞ്ഞിടത്താണ് ഇന്ത്യയുടെ വിജയം.

ചൈനയും വഴങ്ങിയതോടെ കൊടുംഭീകരന്‍ മസൂദ് അസര്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യാന്തരരംഗത്ത് ഇന്ത്യയുടെ നിലപാടിനു കിട്ടിയ വമ്പന്‍ അംഗീകരമാണിത്. പാക്കിസ്ഥാനു കിട്ടിയ കനത്ത പ്രഹരവും. ആഗോള ഭീകരതയ്ക്കെതിരെ ഇന്ത്യ വിരിച്ച വല മുറുകിവരുന്നതിന്റെ ശരിയായ തെളിവായി, ഐക്യരാഷ്ട്ര സംഘടനയുടെ ഈ പ്രഖ്യാപനത്തെ കണക്കാക്കാം. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തലച്ചോറാണ്, ജയ്ഷെ മുഹമ്മദ് സ്ഥാപകനും അതിന്റെ തലവനുമായ മസൂദ് അസറിന്റെ വിലക്കോടെ നിര്‍വീര്യമാക്കപ്പെട്ടത്. പാക്കിസ്ഥാനിലെ സുരക്ഷിതമായ ഒളിത്താവളത്തിലിരുന്ന്, ലോകമെമ്പാടുമുള്ള ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പുകളെ നിയന്ത്രിച്ചിരുന്ന ബുദ്ധികേന്ദ്രമാണ് മസൂദ്. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്ന ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരം കൂടിയാണിത്. ഇനി മസൂദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടും. ധനസമ്പാദനവും യാത്രയും വാര്‍ത്താവിനിമയ ബന്ധങ്ങളും നിഷേധിക്കപ്പെടും. പാക്കിസ്ഥാനില്‍നിന്നു പുറത്തുപോകാനാവില്ല. അതോടെ ഭീകരസംഘടനകളുടെ കണ്ണികളുമായുള്ള ബന്ധവും വിലക്കപ്പെടും. സമാധാനം കാംക്ഷിക്കുന്ന രാഷ്ട്രങ്ങള്‍ക്കും ജനതയ്ക്കും ഇതുനല്‍കുന്ന ആത്മവിശ്വാസവും ആശ്വാസവും ചെറുതല്ല. ലോകത്തിലാകെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രത്യേകിച്ചും നിറഞ്ഞുനില്‍ക്കുന്ന ഭീകരതയുടെ കെട്ടുറപ്പിനെ ഇത് ഉലയ്ക്കാതിരിക്കില്ല. എങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ ഇതു തുടക്കം മാത്രമാണ്. ഇനിയും ഏറെ ചെയ്യാനുണ്ട്. ഈ വിജയം അതിന് ഊര്‍ജം പകരും. 

ഐക്യരാഷ്ട്ര സംഘടനയുടെ ഈ നടപടിക്കു നിമിത്തമാകാന്‍ സാധിച്ചു എന്നത് ഇന്ത്യക്കും കേന്ദ്രസര്‍ക്കാരിനും ആശ്വാസത്തോടൊപ്പം അഭിമാനവും നല്‍കും. അത്തരമൊരു തീരുമാനത്തെ എതിര്‍ത്തുപോന്ന ചൈനയുടെ നിലപാടുമാറ്റം, അവര്‍ക്കുമേല്‍ ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവന്ന സമ്മര്‍ദ്ദം എത്രമാത്രം കടുത്തതായിരുന്നു എന്നതിനു തെളിവുനല്‍കുന്നു. പത്തുവര്‍ഷമായി തുടര്‍ന്നുപോന്ന നിലപാടില്‍നിന്നാണു ചൈന വ്യതിചലിച്ചത്. അവരുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിനെതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള വന്‍ശക്തികളെ അണിനിരത്താന്‍ കഴിഞ്ഞിടത്താണ് ഇന്ത്യയുടെ വിജയം. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടാണു നൂറുശതമാനവും ശരിയെന്ന് ഉറപ്പിച്ചുപറയാനും ചൈനയ്ക്കുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്താനും അമേരിക്ക തയാറായതാണ് ആത്യന്തിക വിജയത്തില്‍ കലാശിച്ചത്. യുഎന്‍ രക്ഷാസമിതിയില്‍ നാലുതവണ എതിര്‍ത്തു തോല്‍പിച്ച ആവശ്യത്തിനുമുന്നില്‍ അവസാനം ചൈനയ്്ക്കു വഴങ്ങേണ്ടിവന്നു. അല്ലെങ്കില്‍ പൂര്‍ണമായും ഒറ്റപ്പെടുമെന്നും നാണംകെടുമെന്നും അവര്‍ക്കു ബോധ്യമായി. ഇതു തങ്ങളുടെ നയതന്ത്ര വിജയമാണെന്ന് അമരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഇടപെടല്‍ ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞതാണ്. 

പാക്കിസ്ഥാനില്‍ ജനിച്ച് ഇന്ത്യയിലേയ്ക്കു കടന്ന മസൂദ് അസറിന്റെ പ്രഥമ ലക്ഷ്യം ഇന്ത്യയുടെ സര്‍വനാശമായിരുന്നു. അതിനായി രൂപം നല്‍കിയ സംഘടനയാണ് ജയ്ഷെ മുഹമ്മദ്. 1994 ജനുവരിയില്‍ ഇന്ത്യയിലെത്തിയ മസൂദ് തൊട്ടടുത്ത മാസം കശ്മീരില്‍വച്ച് സൈന്യത്തിന്റെ പിടിയിലായി. പക്ഷേ പിന്നീട്, തട്ടിയെടുത്ത ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ബന്ദികളുടെ ജീവനു പകരമായി, ഭീകരര്‍ മസൂദിന്റെ മോചനം ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്കു വഴങ്ങേണ്ടിവന്നു. കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യയിലേയ്ക്കു പറന്ന ആ വിമാനത്തില്‍ 189 പേരുണ്ടായിരുന്നു. അന്നു മോചിപ്പിക്കപ്പെട്ട മസൂദ് ആണു പിന്നീട് പാര്‍ലമെന്റ്് ആക്രമണവും ജമ്മുകശ്മീര്‍ നിയമസഭാ ആക്രമണവും മുംബൈ ഭീകരാക്രമണവുമൊക്കെ ആസൂത്രണം ചെയ്തത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന്റെകൂടി ഫലമായി നടത്തേണ്ടിവന്ന ആ മോചനത്തിന്റെ പേരില്‍ അന്നത്തെ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ ഏറെ പഴികേട്ടിരുന്നു. അതിനു പരിഹാരമാണ് മോദിയുടെ സര്‍ക്കാര്‍ കൈവരിച്ച ഈ നേട്ടം. 

പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയില്‍ ഏറെ പരിഹാസവും ആരോപണങ്ങളും ഏറ്റുവാങ്ങി നടത്തിയ വിദേശപര്യടനങ്ങളും അതുവഴി ലോക രാഷ്ട്രങ്ങളുടെ തലവന്‍മാരുമായി സ്ഥാപിച്ച ബന്ധങ്ങളും രാജ്യത്തിനു മാത്രമല്ല ലോകത്തിനുതന്നെ നല്‍കിയ വിലപിടിപ്പുള്ള നേട്ടമാണിത്. നേര്‍ബുദ്ധിയോടെ ചിന്തിക്കുന്നവര്‍ക്ക് അതു മനസ്സിലാക്കാന്‍ ഇതിനപ്പുറം തെളിവ് ആവശ്യമില്ല. ഇന്ത്യയുടേയും മോദിയുടേയും നിലപാടും ലക്ഷ്യവും വ്യക്തമാണ്. മതവിഭാഗങ്ങളെ സംരക്ഷിക്കുക, ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുക. ലോകം അംഗീകരിച്ച ഈ നിലപാട് ആഗോളതലത്തില്‍ മികച്ച നേട്ടങ്ങളോടെ ഇന്ത്യയെ ഇനിയും ഉയരങ്ങളിലെത്തിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.