ചെന്നൈ മിന്നി

Friday 3 May 2019 1:12 am IST

ചെന്നൈ: ക്യാപ്റ്റന്‍ ധോണിയും റെയ്‌നയും പിന്നെ സ്പിന്നര്‍മാരും അരങ്ങുതകര്‍ത്തതോടെ ദല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി ചെന്നൈ ഐപിഎല്ലില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. എണ്‍പത് റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ദല്‍ഹിയെ തോല്‍പ്പിച്ചത്്. ഈ വിജയത്തോടെ ചെന്നൈക്ക് പതിമൂന്ന് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റായി. അതേസമയം ദല്‍ഹി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവര്‍ക്ക് പതിമൂന്ന് മത്സരങ്ങളില്‍ പതിനാറ് പോയിന്റാണുള്ളത്.

ഓപ്പണര്‍ ഫാ ഡു പ്ലെസിസും റെയ്‌നയും രണ്ടാം വിക്കറ്റില്‍ എണ്‍പത്തിമൂന്ന് റണ്‍സ് അടിച്ചെടുത്ത് ചെന്നൈക്ക് മികച്ച അടിത്തറ നല്‍കി. പിന്നീട് ധോണി 22 പന്തില്‍ 44 റണ്‍സ് അടിച്ചെടുത്ത അജയ്യനായി നിന്നതോടെ ചെന്നൈ ഇരുപത് ഓവറില്‍ നാല് വിക്കറ്റിന് 179 റണ്‍സ് നേടി. ധോണി മൂന്ന് സിക്്‌സറും നാലു ഫോറും അടിച്ചു. 

സുരേഷ് റെയ്‌ന 37 പന്തില്‍ 59 റണ്‍സോടെ ടോപ്പ് സ്‌കോററായി. എട്ട് ഫോറും ഒരു സിക്‌സറും അടിച്ചു. ഡു പ്ലെസിസ് 41 പന്തില്‍ 39 റണ്‍സ് നേടി. ആദ്യ പത്ത്  ഓവറില്‍ ചെന്നൈ 

53 റണ്‍സാണ്  നേടിയത്. പിന്നീട് ധോണി എത്തിയതോടെയാണ് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചുതുടങ്ങിയത്.

180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദല്‍ഹി ക്യാപിറ്റല്‍സിനെ ചെന്നൈ സ്പിന്നര്‍മാരായ ഇംറാന്‍ താഹിറും രവീന്ദ്ര ജഡേജയും ചേര്‍ന്ന ചുരുട്ടിക്കെട്ടി. 16.2 ഓവറില്‍ ദല്‍ഹി 99 റണ്‍സിന് ബാറ്റ് താഴ്ത്തി.

ഇംറാന്‍ താഹില്‍ 3.2 ഓവറില്‍ 12 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ജഡേജ മൂന്ന് ഓവറില്‍ ഒമ്പത് റണ്‍സിന് മൂന്ന് ബാറ്റ്‌സ്മാന്മാരെ വീഴ്ത്തി. ദല്‍ഹിയുടെ ബാറ്റിങ്ങ് നിരയില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് പിടിച്ചുനിന്നത്. 31 പന്തില്‍ 44 റണ്‍സ് അടിച്ചുകൂട്ടി. നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. ഓപ്പണര്‍ ശിഖര്‍ ധവാനും രണ്ടക്കം കടന്നു. 13 പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും അടക്കം 19 റണ്‍സ് കുറിച്ചു.

പൃഥ്വി ഷാ (4), ഋഷഭ് പന്ത് (5), കോളിന്‍ ഇന്‍ഗ്രാം (1), എ.ആര്‍. പട്ടേല്‍ (9), റൂഥര്‍ഫോര്‍ഡ് (2), മോറിസ് (0), ജെ. സുചിത് (6), മിശ്ര (8) എന്നിവര്‍  അനായാസം കീഴടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.