നാദാപുരത്ത് ഉഗ്രശേഷിയുള്ള ബോംബ് ശേഖരം പിടിച്ചു

Saturday 4 May 2019 2:52 am IST
പയ്യോളിയില്‍ നിന്ന് എസ്‌ഐ കെ. കെ. ഭാസ്‌കരന്റെ നേത്യത്വത്തിലുള്ള ബോംബ്് സ്‌ക്വാഡും ബാലുശ്ശേരിയില്‍ നിന്ന് സ്‌ഫോടകവസ്തു കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച 'റിമോ 'എന്ന പോലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി. ബോംബ് കണ്ടത്തിയ മേഖലയില്‍ സിപിഎം-മുസ്ലിംലീഗ് സംഘര്‍ഷം പതിവാണ്.

നാദാപുരം: നാദാപുരത്തിനടുത്ത് ചേലക്കാട് പൂശാരിമുക്കില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. പൂശാരിമുക്കിലെ മഞ്ഞത്താന്‍കണ്ടി മൂസ ഹാജിയുടെ പറമ്പില്‍ മണ്ണ് നീക്കുന്നതിനിടയിലാണ് ഉഗ്രശേഷിയുള്ള ആധുനിക രീതിയില്‍ നിര്‍മ്മിച്ച പതിമൂന്ന് പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയത്. ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മുന്നൂറ് ഗ്രാം  വെടിമരുന്നും ഇതിനോടൊപ്പമുണ്ടായിരുന്നു.

 ഇന്നലെ രാവിലെ പതിനൊന്നരയോടെ രണ്ട് പ്ലാസ്റ്റിക്ക് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് പറമ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയത്.  മണ്ണ് നീക്കാനെത്തിയ ലോറി െ്രെഡവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം സി.ഐ രാജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പതിനഞ്ച് സെന്റീമീറ്റര്‍ നീളത്തിലുള്ള പിവിസി പൈപ്പിന്റെ ഇരുഭാഗവും സ്‌റ്റോപ്പറുകള്‍ കൊണ്ട് അടച്ച് രണ്ട് തിരികള്‍ പുറത്തേക്ക് ഇട്ട നിലയിലാണ് ബോംബുകള്‍ നിര്‍മിച്ചിട്ടുള്ളത്. 

പയ്യോളിയില്‍ നിന്ന് എസ്‌ഐ കെ. കെ. ഭാസ്‌കരന്റെ നേത്യത്വത്തിലുള്ള ബോംബ്് സ്‌ക്വാഡും ബാലുശ്ശേരിയില്‍ നിന്ന് സ്‌ഫോടകവസ്തു കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച 'റിമോ 'എന്ന പോലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി. ബോംബ് കണ്ടത്തിയ മേഖലയില്‍ സിപിഎം-മുസ്ലിംലീഗ് സംഘര്‍ഷം പതിവാണ്. കല്ലാച്ചിയിലെ ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളില്‍ മണല്‍നിറച്ച് പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു ബോംബ് ശേഖരം. ചേലക്കാട് കരിങ്കല്‍ ക്വാറിയില്‍ എത്തിച്ച് ബോംബുകള്‍ നിര്‍വീര്യമാക്കി.  അടുത്തകാലത്ത് കണ്ടെത്തിയതില്‍ ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.