മയക്കുമരുന്ന്‌ വില്‍പ്പന: ഏജന്റ്‌ പിടിയില്‍

Friday 30 November 2012 9:49 pm IST

കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കഞ്ചാവും, മയക്കുമരുന്നുകളും ചില്ലറ വില്‍പ്പനക്കാര്‍ക്ക്‌ വിതരണം ചെയ്യുന്ന ഏജന്റിനെ സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്‌ കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക്ക്‌ സ്ക്വാഡ്‌ അറസ്റ്റ്‌ ചെയ്തു.
പറവൂര്‍ പുക്കുളം സുനാമി ഫ്ലാറ്റില്‍ താമസിക്കുന്ന കലേഷി(26)നെയാണ്‌ എസിപി ബി. കൃഷ്ണകുമാര്‍, ഈസ്റ്റ്‌ സിഐ വി. സുഗതന്‍, എസ്‌ഐമാരായ ജി.ഗോപകുമാര്‍, ആര്‍. രാജീവ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എ. അനന്‍ബാബു, ഹരിലാല്‍, സജിത്ത്‌ എന്നിവരടങ്ങിയ സംഘം അറസ്റ്റ്‌ ചെയ്തത്‌. പ്രതിയില്‍ നിന്നും ഒന്നര കിലോ കഞ്ചാവും ബ്രൂഫിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട ആറ്‌ ആംപ്യുളുകളും കണ്ടെടുത്തിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ തേനിയില്‍ കഞ്ചാവ്‌ മാഫിയയുടെ കൈയില്‍ നിന്നും ഇയാള്‍ പ്രതിമാസം 50 കിലോ കഞ്ചാവ്‌ സുഗന്ധദ്രവ്യങ്ങള്‍ എന്ന വ്യാജേന പാക്ക്‌ ചെയ്ത്‌ ആഢംബര കാറുകളില്‍ എത്തിച്ചാണ്‌ കച്ചവടം ചെയ്തുവരുന്നത്‌. പള്ളിത്തോട്ടം, പറവൂര്‍, താന്നി, മയ്യനാട്‌ എന്നിവിട ങ്ങളിലെ സുനാമി ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ്‌ ഇയാള്‍ കൂടുതലായും കഞ്ചാവ്‌ മയക്കുമരുന്ന്‌ എന്നിവ വില്‍പന നടത്തുന്നത്‌. കൊല്ലം ടൗണിലും, ബീച്ചിലും, കരിക്കോട്‌, ഇരവിപുരം, അയത്തില്‍, കിളികൊല്ലൂര്‍ എന്നിവിടങ്ങളിലെ ചില്ലറ കഞ്ചാവ്‌ വില്‍പ്പനക്കാരും ഇയാളുടെ കൈയില്‍ നിന്നാണ്‌ കഞ്ചാവ്‌ വാങ്ങുന്നത്‌.
കോളജ്‌ ജംഗ്ഷന്‍, പോളയത്തോട്‌, പള്ളിമുക്ക്‌ എന്നിവിടങ്ങളില്‍ ആംപ്യുളുകള്‍ ചില്ലറ വില്‍പ്പന നടത്താന്‍ ഇയാള്‍ എത്തിയതായി മനസിലാക്കിയ പോലീസ്‌ ശ്രമകരമായാണ്‌ കര്‍ബല ജംഗ്ഷനില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. മയക്കുമരുന്ന്‌ കലര്‍ന്ന ആംപ്യുളുകള്‍ മൈസൂറില്‍ നിന്നാണ്‌ എത്തിച്ചിരുന്നത്‌. കമ്പ്യൂട്ടര്‍ മോഷണത്തിനും കഞ്ചാവ്‌ കേസിലും കലേഷിനെതിരെ ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ കേസുണ്ട്‌.
കൂടാതെ പള്ളിത്തോട്ടം, പറവൂര്‍, വര്‍ക്കല എന്നീ പോലീസ്‌ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.