ട്രാന്‍സ്‌ജെന്‍ഡര്‍ ഉടമസ്ഥതയിലുള്ള ആദ്യ ഹോട്ടല്‍ കൊച്ചിയില്‍

Saturday 4 May 2019 4:21 am IST

കൊച്ചി: ഭിന്നലിംഗക്കാരായ സുഹൃത്തുക്കള്‍ ഉടമസ്ഥരായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോട്ടല്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. എറണാകുളം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയാണ് 'രുചിമുദ്ര' എന്നപേരില്‍ ഹോട്ടല്‍ ആരംഭിക്കുന്നത്. 

കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ ഷെഫ് ആയി ജോലിനോക്കിയിരുന്ന സായ മാത്യുവിന്റെയും സുഹൃത്തുക്കളുടേയും ശ്രമഫലമായാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കമാകുന്നത്. എല്‍എല്‍ബി ബിരുദധാരിയും മുന്‍ മെട്രോ ജീവനക്കാരിയുമായിരുന്ന അദിതി അച്ചു, പ്രണവ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഹോട്ടല്‍ പദ്ധതിയുമായി മുന്നോട്ട് വരുന്നത്. ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ മറ്റിടങ്ങളില്‍ ജോലിലഭിക്കാതെ വന്നതോടെയാണ് സ്വന്തമായി സംരംഭം ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് സായ മാത്യു പറയുന്നു. 

മായമില്ലാത്ത ഭക്ഷണ സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരാനും പുതു തലമുറക്കായി പഴമയുടെ രുചിക്കൂട്ടുകള്‍ അവതരിപ്പിക്കാനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയായ മുദ്ര, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹായത്തോടെയാണ് ആദ്യഘട്ടത്തില്‍ ഹോട്ടല്‍ ആരംഭിക്കുന്നത്. ജൈവകര്‍ഷകരുടെ കൂട്ടായ്മയില്‍ നിന്ന് പച്ചക്കറിയെത്തിക്കും. നോര്‍ത്ത് പോലീസ് സ്‌റ്റേഷനോട് ചേര്‍ന്നാണ് രുചിമുദ്ര പ്രവര്‍ത്തനത്തിന് തയാറെടുക്കുന്നത്. ഉടന്‍ ഉദ്ഘാടനം നടത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.