വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ...

Saturday 4 May 2019 4:32 am IST

കൊച്ചി: വി. വിശ്വനാഥ മേനോന്‍ പൊതു രംഗത്തേക്കു വന്നത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ. 1927 ജനുവരി 15ന് അഭിഭാഷകനായ അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനനം. എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം. ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകനായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത്  നിരവധി തവണ അറസ്റ്റിലായി,

1956 ല്‍ എറണാകുളം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി. 1960 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തു നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1967 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി എ.എം. തോമസിനെതിരെ മത്സരിച്ച് വിജയിച്ചു. പാര്‍ലമെന്റിന്റെപ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ നോമിനേറ്റ് ചെയ്ത സെനറ്റില്‍ അംഗമായി. 1971 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1974ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗമായിരുന്നു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി.  

 പിന്നീട് പാര്‍ട്ടിയില്‍ നിന്നകന്ന് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ ബിജെപി പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി. ആത്മകഥയായ 'കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍' ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം) , മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.