ഉടനീളം പോരാട്ടം

Saturday 4 May 2019 4:36 am IST

കൊച്ചി: ഉടനീളം പോരാട്ടം....മുന്‍ ധനമന്ത്രി വി. വിശ്വനാഥ മേനോന്റെ ജീവിതത്തെ അങ്ങിനെ തന്നെ വിശേഷിപ്പിക്കാം. ആദര്‍ശത്തെ മുറുകെപ്പിടിച്ച് ആര്‍ക്കുമുന്നിലും സന്ധി ചെയ്യാത്ത പ്രകൃതം. എറണാകുളം ശ്രീരാമവര്‍മ സ്‌കൂള്‍, മഹാരാജാസ് കോളേജ്, മുംബൈ ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

ചെറുപ്പം മുതലേ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. മഹാത്മാ ഗാന്ധി കൊച്ചിയിലെത്തിയപ്പോള്‍ അച്ഛന്‍ അമ്പാടി നാരായണ മേനോനൊപ്പം ഗാന്ധിജിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ഏഴ് വയസ്സുള്ളപ്പോഴായിരുന്നു ഈ സംഭവം. അന്ന് ആലുവയില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഗാന്ധിജി ജനങ്ങളില്‍ നിന്നും സംഭാവന തേടി. തന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ചെറുനാരങ്ങയാണ് കുട്ടിയായ വിശ്വനാഥ മേനോന്‍ ഗാന്ധിജിയെ ഏല്‍പ്പിച്ചത്. അന്ന് ആ നാരങ്ങ ലേലത്തില്‍ വച്ച് വിറ്റുപോയതും നല്ലൊരു തുക കിട്ടിയതും വാര്‍ത്തയായിരുന്നു. 

ശ്രീരാമവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി. 1946 ല്‍ ജമ്മു കശ്മീരില്‍വച്ച് ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു അത്. ഇതേത്തുടര്‍ന്ന് അറസ്റ്റിലാകുമ്പോള്‍ പ്രായം പതിമൂന്ന്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി.

1947 ല്‍ സ്വാതന്ത്ര്യദിനത്തില്‍ മഹാരാജാസ് കോളേജില്‍ ദേശീയ പതാകയ്‌ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയര്‍ത്തണം എന്ന ഉത്തരവില്‍ പ്രകോപിതനായി രാജാവിന്റെ പതാക വലിച്ചുകീറി കത്തിച്ചു. ഇതേ തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ നിന്നും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി. അന്ന് അദ്ദേഹം ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. പതാക കത്തിക്കുന്നതിന് പുറമെ രാജകൊട്ടാര( ഹില്‍പാലസ്)ത്തിന് മുന്നില്‍ നിന്ന് രാജാവിനെതിരെ പ്രസംഗിക്കുകയും ചെയ്തു. 

പിന്നീട് ബോംബെ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടര്‍ന്നു, നിയമ ബിരുദം നേടി. കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. അഡ്വ. ടിസിഎന്‍ മേനോന്‍, അഡ്വ. എം.പി. മേനോന്‍, അഡ്വ. അബ്ദുള്‍ ഖാദര്‍, മലയാറ്റൂര്‍ രാമകൃഷ്ണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ സമകാലീനരും സുഹൃത്തുക്കളുമായിരുന്നു. 

1945 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 1950 ജൂലൈ 12 ന് ദല്‍ഹിയില്‍ വച്ച് അറസ്റ്റിലായി. ഏകാന്ത തടവുകാരനായി. വിചാരണ തടവുകാരോടുള്ള സമീപനമായിരുന്നില്ല ജയിലില്‍ വിശ്വനാഥ മേനോന് നേരിടേണ്ടി വന്നത്. ഇതില്‍ പ്രതിഷേധിച്ച്, അന്ന് അതേ ജയിലില്‍ ഉണ്ടായിരുന്ന എ.കെ. ഗോപാലന്റെ പ്രേരണയാല്‍ നിരാഹാര സമരം കിടന്നു. പ്രശ്‌നം എകെജി ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. വിശ്വനാഥ മേനോന് മികച്ച ചികിത്സ കിട്ടി. അഭിഭാഷകന്‍ എത്താത്തതിനെ തുടര്‍ന്ന് ദല്‍ഹി സെഷന്‍സ് കോടതിയില്‍ കേസ് സ്വയം വാദിച്ചു.  തുടര്‍ന്ന് കേസ് എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തി. രണ്ടര വര്‍ഷക്കാലം വിചാരണ തടവുകാരനായി ആലുവ സബ് ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കിടന്നു. പിന്നീട് നിരപരാധി എന്ന് കണ്ട് കോടതി വിട്ടയച്ചു. 

1956 ല്‍ എറണാകുളം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി. കൊച്ചി കോര്‍പ്പറേഷന്‍, എറണാകുളം റവന്യൂ ജില്ല എന്നിവയുടെ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും സിപിഎം പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു. 12 വര്‍ഷം എഫ്എസിടി യൂണിയന്‍ പ്രസിഡന്റ്, 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്‍ പ്രസിഡന്റ്, 10 വര്‍ഷം കെഎസ്ആര്‍ടിഇഎ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇദ്ദേഹം ലോക്‌സഭാംഗമായിരുന്ന സമയത്താണ് കൊച്ചിയില്‍ ഷിപ്‌യാര്‍ഡ് സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത്. 

 ഇന്ത്യ- ചൈന യുദ്ധവുമായി ബന്ധപ്പെട്ട്, ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം വിശ്വനാഥ മേനോന്‍ അറസ്റ്റിലായിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന താമ്രപത്രവും പെന്‍ഷനും നിഷേധിച്ചും വിശ്വനാഥമേനോന്‍ ശ്രദ്ധേയനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.