ശ്രീലങ്കന്‍ ചാവേറുകള്‍ കേരളത്തില്‍ എത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്

Saturday 4 May 2019 11:57 am IST
2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സൈന്യത്തലവന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല. ഭീകരരുടെ കശ്മീര്‍ ബന്ധത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല.

ന്യൂദല്‍ഹി : ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി. കേരളം കൂടാതെ ജമ്മു കശ്മീര്‍, ബെംഗളൂരു എന്നിവിടങ്ങളിലും ഇവര്‍ സന്ദര്‍ശിച്ചതായി ലെഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായ്ക് ആണ് അറിയിച്ചത്. ഭീകര പ്രവര്‍ത്തനങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായാണ് ഇവര്‍ കശ്മീരിലെത്തിയതെന്നാണ് സൈന്യത്തലവന്‍ അറിയിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സൈന്യത്തലവന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല. ഭീകരരുടെ കശ്മീര്‍ ബന്ധത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല.

സ്‌ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ(എന്‍ടിജെ)യുടെ നേതാവാണ് ഹാഷിം. ഹാഷിമിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം ഇന്ത്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഹാഷിം അംഗമായുള്ള തമിഴ്‌നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. തമിഴ്‌നാട് തൗഹീദ് ജമാ അത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു.

അതേസമയം ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുകയാണ്. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.