പാലാരിവട്ടം മേല്‍പ്പാലം : വിജിലന്‍സ് അന്വേഷിക്കും

Saturday 4 May 2019 3:11 pm IST

കൊച്ചി : ദേശീയ പാതയില്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ നടത്തുന്നത് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുധാകരന്റെ ഈ പ്രസ്താവന.

ഗതാഗതം ആരംഭിച്ച് മൂന്നു വര്‍ഷം തികയും മുമ്പ് തന്നെ പാലാരിവട്ടം മേല്‍പ്പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ശക്തമായതോടെയാണ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. 

നിര്‍മാണത്തിലുണ്ടായ അഴിമതിയാണ് പാലത്തിന് ബലക്ഷയവും തകരാറും സംഭവിക്കാന്‍ കാരണമായത്. പാലത്തിന്റെ നിര്‍മാണച്ചുമതല വഹിച്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്താണ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മിക്കുന്നത്. 

പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത് മുതല്‍ നിര്‍മ്മാണം വരെയുള്ള കാര്യങ്ങളില്‍ അപാകത സംഭവിച്ചിട്ടുണ്ട്. അവ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്നുംമ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.