ജനസമുദായ പ്രയാണം

Sunday 5 May 2019 3:28 am IST
എല്ലാത്തരം തൊഴില്‍ ചെയ്യാനും ഇതര സംസ്ഥാനക്കാര്‍ ഇന്നു ലഭ്യമാണ്. പൊതുവേ 'ഭായി'മാര്‍ എന്നാണല്ലൊ അവര്‍ അറിയപ്പെടുന്നത്. കല്‍പണി, മരപ്പണി, പെയിന്റിങ്, കൃഷിപ്പണി എന്നിവയിലെല്ലാം അവര്‍ സര്‍വസാധാരണമാണ്. കേരളീയര്‍ ഗള്‍ഫിലും പാശ്ചാത്യ രാജ്യങ്ങളിലും, അമേരിക്കയിലും, ആസ്‌ട്രേലിയയിലുമൊക്കെ പോകുന്നതിനാല്‍, അവര്‍ ചെയ്തുവന്ന തൊഴിലുകള്‍ക്ക് ഇന്നു ഭായിമാര്‍ വേണ്ടിവരുന്നു.ഇതൊരു പുതിയ പ്രതിഭാസമായി നാം വിശേഷിപ്പിക്കുന്നുവെങ്കിലും, ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള ജനസംഖ്യാ മാറ്റപ്രക്രിയ നടന്നിട്ടുള്ളതായിക്കാണാം. ആയിരക്കണക്കിന് കൊല്ലങ്ങളായി ഇതു നടക്കുകയാണ്.

കേരളത്തില്‍ ഏതാനും നാളുകളായി എല്ലാവിധ തൊഴിലുകള്‍ ചെയ്യാനും ഇതരസംസ്ഥാനത്തൊഴിലാളികളെയാണ് ലഭ്യമാകുന്നത്. ഓരോ നഗരത്തിലും അവര്‍ ആയിരക്കണക്കായി കാണപ്പെടുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരും പരിസരങ്ങളുമാണ് അവരുടെ ഏറ്റവും വലിയ കേന്ദ്രീകരണം. ബംഗാളികളും ബീഹാറികളും യുപിക്കാരുമാണ് അവരില്‍ ഏറെയും. പൊതുവായി അവരുമായി ബന്ധപ്പെടാന്‍ ഹിന്ദി ഭാഷ ഉപയോഗിക്കപ്പെടുന്നു.

ബംഗാളികളുടെ മറവില്‍ ബംഗ്ലാദേശികളും ധാരാളമായി എത്തുന്നുവെന്നാണ് പറയപ്പെടുന്നത്. പലരും കുടുംബങ്ങളെയും കൊണ്ടുവരുന്നു. എറണാകുളം ജില്ലയിലെ മിക്കവാറും സ്വകാര്യ ബസ്സുകളില്‍ ഹിന്ദിയിലുള്ള ഡസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ കാണാന്‍ കഴിയുന്നു. അവരുടെ താമസത്തിനും മറ്റു സാമൂഹ്യാവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ വളരെ അപര്യാപ്തമായതിന്റെ മാനുഷിക പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ആ വിഭാഗക്കാരുമായി ബന്ധപ്പെട്ട പല കുറ്റകൃത്യങ്ങളും സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച വിധത്തില്‍ നടന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധമായിരുന്നു.

എല്ലാത്തരം തൊഴില്‍ ചെയ്യാനും ഇതരസംസ്ഥാനക്കാര്‍ ഇന്നു ലഭ്യമാണ്. പൊതുവേ 'ഭായി'മാര്‍ എന്നാണല്ലൊ അവര്‍ അറിയപ്പെടുന്നത്. കല്‍പണി, മരപ്പണി, പെയിന്റിങ്, കൃഷിപ്പണി എന്നിവയിലെല്ലാം അവര്‍ സര്‍വസാധാരണമാണ്. കേരളീയര്‍ ഗള്‍ഫിലും പാശ്ചാത്യ രാജ്യങ്ങളിലും, അമേരിക്കയിലും, ആസ്‌ട്രേലിയയിലുമൊക്കെ പോകുന്നതിനാല്‍,  അവര്‍ ചെയ്തുവന്ന തൊഴിലുകള്‍ക്ക് ഇന്നു ഭായിമാര്‍ വേണ്ടിവരുന്നു.

ഇതൊരു പുതിയ പ്രതിഭാസമായി നാം വിശേഷിപ്പിക്കുന്നുവെങ്കിലും, ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള ജനസംഖ്യാ മാറ്റപ്രക്രിയ നടന്നിട്ടുള്ളതായിക്കാണാം. ആയിരക്കണക്കിന് കൊല്ലങ്ങളായി ഇതു നടക്കുകയാണ്. ഏതാനും ദശകങ്ങള്‍ക്കു മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ഈ വിധം കേരളത്തിലെങ്ങും വന്നുകൊണ്ടിരുന്നത്. അവര്‍ കേരളത്തിന്റെ മാത്രമല്ല മഹാരാഷ്ട്ര, പഞ്ചാബ്, ദല്‍ഹി, കാണ്‍പൂര്‍ മുതലായ വന്‍ നഗരങ്ങളിലെ നിര്‍മാണരംഗം കയ്യടക്കിവെച്ചിരുന്ന കാലം ഉണ്ടായിരുന്നു.

കേരളത്തിലെ പല മേഖലകളിലും ഇന്നു താമസിക്കുന്ന പല പ്രമുഖ സമൂഹങ്ങളും ഓരോ കാലത്തായി ചരിത്രപരവും സാമൂഹ്യവുമായ അനിവാര്യതകള്‍ മൂലം ഇവിടെ വന്നവരാണ്. അവര്‍ പ്രത്യേക സമൂഹങ്ങളായി താന്താങ്ങളുടെ സാമൂഹ്യാചാരങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കേരളീയ ജീവിതത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു. പാലക്കാട്ട് പരിസരങ്ങളിലും കാണപ്പെടുന്ന മൂത്താന്‍ സമൂഹം ആയിരത്താണ്ടുകള്‍ക്കുമുമ്പ് തെക്കന്‍ തമിഴ്‌നാട്ടിലെ കാവേരിപൂംപട്ടണത്തില്‍നിന്ന്, അന്നത്തെ രാജാവിന്റെ നടപടികള്‍ അംഗീകരിക്കാനാകാതെ വന്ന് പാലക്കാട്ട് താമസമാക്കിയതാണത്രേ. പാലക്കാടിനു ചുറ്റുമുള്ള മിക്ക പട്ടണങ്ങളിലും ഗ്രാമങ്ങളിലും അവരുടെ സമൂഹമുണ്ട്. സാധാരണ മലയാളി സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്ന അവര്‍ കുടുംബജീവിതത്തിലും ആചാരങ്ങളിലും  സ്വന്തം തനിമ നിലനിര്‍ത്തുന്നുണ്ട്.

പഴയ തിരുവിതാംകൂറിലും കൊച്ചിയുടെ തെക്കന്‍ഭാഗങ്ങളിലും സജീവസാന്നിദ്ധ്യമായ വെള്ളാള സമൂഹവും ഈ വിഭാഗത്തില്‍പ്പെടുന്നു.  തെക്കന്‍ തമിഴ്‌നാട്ടിലെ  പാണ്ടി, തിരുനെല്‍വേലി, നാഞ്ചിനാട് മുതലായ പ്രദേശങ്ങളിലെ ജലസേചനരംഗത്തെ വൈദഗ്ദ്ധ്യമാണവരെ ഇങ്ങോട്ട് ക്ഷണിച്ചുവരുത്തി ആദരണീയമായ പദവി നല്‍കി കുടിയിരുത്താന്‍ നാടുവാഴികള്‍ക്ക് പ്രേരണയായതെന്ന് ചരിത്രം പറയുന്നു. അഞ്ഞൂറ്, മുന്നൂറ്, നാനൂറ് മുതലായ സംഘങ്ങളായി വന്ന് ഓരോ പ്രദേശത്ത് താമസമാക്കിയ ആ സമൂഹം അപ്പേരുകളില്‍ അറിയപ്പെടുകയും ചെയ്യുന്നു. ജലവിനിയോഗ വൈദഗ്ദ്ധ്യം മൂലമാവണം അവര്‍ക്കു വെള്ളാളര്‍ എന്ന പേരുവരാനിടയായത്.

കേരളത്തിലേക്കു ആദിമകാലം മുതല്‍ തന്നെ ജനപ്രവാഹവും സംസ്‌കാരപ്പകര്‍ച്ചയും ഉണ്ടായി എന്നത് പ്രസിദ്ധമാണല്ലോ. കശ്മീരും കേരളവുമായുണ്ടായിരുന്ന ആദാന പ്രദാനങ്ങള്‍ ചരിത്രപരമായും സാംസ്‌കാരികമായും അങ്ങേയറ്റം വിലയേറിയവയാണ്. കശ്മീരിലെ ഉപാസനാസമ്പ്രദായമായ കൗളരീതി ഉത്തരകേരളത്തില്‍ രണ്ടായിരം വര്‍ഷങ്ങളായെങ്കിലും പ്രചാരത്തിലിരുന്നു. ആ സമ്പ്രദായം അനുവര്‍ത്തിക്കുന്നവര്‍ ഇന്നും കണ്ണൂര്‍ ജില്ലയില്‍ ഉണ്ട്.

ഇവിടെ ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളിലെല്ലാം  മറ്റു സ്ഥലങ്ങളുമായുള്ള ബന്ധം കാണാം. പ്രസിദ്ധമായ ഗുരൂവായൂര്‍ ക്ഷേത്രത്തിന് ഗുജറാത്തിലെ ദ്വാരകയുമായുള്ള ബന്ധം സുപ്രസിദ്ധമാണല്ലോ. ചിറയ്ക്കല്‍ രാജകുടുംബവും, അതിന്റെ ശാഖയായ വേണാടും നര്‍മദാ തീരത്തുനിന്നു വന്നുവെന്ന ഐതിഹ്യം പ്രസിദ്ധമാണല്ലോ.  മൂഷികവംശം എന്ന കാവ്യം അവിടെനിന്നുവന്ന രാജപരമ്പരയിലെ നൂറിലേറെ തലമുറയുടെ ചരിത്രമാണ്.

കശ്മീരിലെ രാജ തരംഗിണിയെന്ന, കല്‍ഹണ കൃതിപോലെ അതും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു. മൂഷികവംശ രാജപരമ്പരയോടൊപ്പം സൗരാഷ്ട്രയില്‍ നിന്നുകൊണ്ടുവരപ്പെട്ടവരടക്കം വടക്കന്‍ കേരളീയ ജീവിതത്തിന്റെ അവിഭാജ്യഭാഗമാണ് ചാലിയ സമുദായം. അവിടത്തെ ഓരോ ഗ്രാമത്തിലും വസ്ത്രനിര്‍മാണത്തിലേര്‍പ്പെടുന്ന ചാലിയ സമുദായത്തെരുവുകളുണ്ട്. അതുപോലെ തന്നെയാണ് എണ്ണയാട്ട്  കുലത്തൊഴിലായ വാണിയ സമുദായവും വടക്കേ മലബാറില്‍ അവര്‍ കൂട്ടമായിത്താമസിക്കുന്ന ഗ്രാമങ്ങളുണ്ട്. നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പുവരെ അവരുടെ വീടുകളില്‍ എണ്ണച്ചക്കുകളുമുണ്ടായിരുന്നു. കേരളത്തിലുടനീളം എണ്ണയാട്ട് വാണിയ സമൂഹത്തിന്റെ കുലത്തൊഴിലുമായിരുന്നു. ഗുജറാത്തിലെ ബനിയ എന്ന വിഭാഗക്കാര്‍ തന്നെയാണ് വാണിയര്‍. മഹാത്മാ ഗാന്ധി ആ സമുദായക്കാരനായിരുന്നല്ലോ.

അന്‍പതുകൊല്ലങ്ങള്‍ക്കുമുമ്പുവരെ കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും സംഘശിക്ഷാവര്‍ഗുകള്‍ ഒരുമിച്ചാണ് നടത്തിവന്നത്. അന്നു തമിഴ്‌നാട്ടിലെ പല ശാഖകളില്‍നിന്നും (ഉദാഹരണം പരമക്കുടി, മധുര) വന്ന സ്വയംസേവകര്‍. നെയ്ത്തുതൊഴിലാക്കിയ സമുദായക്കാരായിരുന്നു. അവര്‍ സൗരാഷ്ട്രക്കാര്‍ എന്നാണറിയപ്പെടുന്നത്. പഴയകാലത്തെ ഭരണാധികാരികള്‍ തമിഴ്‌നാട്ടില്‍ നെയ്ത്തുതൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി സൗരാഷ്ട്രയില്‍ നിന്ന്, അവിടത്തെ രാജാവിന്റെ സമ്മതത്തോടെ കൊണ്ടുവന്നു കുടിയിരുത്തിയവരാണ് ആസമൂഹം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ചോള, പാണ്ഡ്യ, പല്ലവ രാജ്യങ്ങളുടെ അഭിവൃദ്ധികണ്ട് അങ്ങോട്ട് വന്നവരാകാം; അല്ലെങ്കില്‍ ഗുജറാത്തില്‍ ദല്‍ഹിസുല്‍ത്താന്മാര്‍ നടത്തിയ ആക്രമണത്തില്‍ സംഭീതരായി സംരക്ഷിതതാവളങ്ങള്‍ തേടി ഓടിപ്പോയവരാകാം; വന്‍തോതിലുള്ള ജനസമുദായങ്ങളുടെ നീക്കം നടന്നുവെന്നതാണ് ശ്രദ്ധേയം.

കേരളത്തിലെ കോട്ടയം രാജവംശം സൂര്യവംശക്കാരാണെന്നും ഹരിശ്ചന്ദ്രന്റെ പിന്മുറക്കാരാണെന്നും വിശ്വസിക്കപ്പെടുന്നു. പഴശ്ശിയിലെ അവരുടെ ആസ്ഥാനമായിരുന്ന സ്ഥലത്തിന് ഹരിശ്ചന്ദ്രന്‍ കോട്ടയെന്നാണ് പറഞ്ഞുവരുന്നത്. തിരുവിതാംകൂര്‍, വേണാട് രാജ കുടുംബം മൂഷികവംശത്തിന്റെ തുടര്‍ച്ചയായ ചിറയ്ക്കല്‍ രാജവംശത്തിന്റെ (കോലത്തുനാട്) ഒരു ശാഖയായിരുന്നുവത്രേ. വേണാട്ടേക്ക് ദത്തെടുത്തിരുന്നത് കോലത്തുനാട്ടില്‍ നിന്നായിരുന്നല്ലോ. അതിനെച്ചൊല്ലിയുണ്ടായ ഒട്ടേറെ തര്‍ക്കങ്ങള്‍ ചരിത്രത്തിലുണ്ട്.

ഈ പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍ ചരിത്രത്തിന്റെ ഇഴകീറി ഗവേഷണം നടത്തിയവയല്ല. ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ജനസമൂഹങ്ങളുടെ കുടിയേറ്റങ്ങള്‍ നടന്നിരുന്നുവെന്നു ചൂണ്ടിക്കാണിക്കാന്‍ ഉപയോഗിച്ചുവെന്നേയുള്ളൂ. അതൊരനിവാര്യ പ്രക്രിയയാണുതാനും. ഭാരതത്തിനു പുറത്തുനിന്നും അത്തരം  ജനതകളുടെ ആഗമനവും ലയനവും നടന്നിട്ടുണ്ട്. ചരിത്രകാരന്മാര്‍ വേണ്ടത്ര അവധാനതയോടെ ഗവേഷണം നടത്തി പ്രത്യയശാസ്ത്ര മുന്‍വിധികള്‍ കൂടാതെ നിഗമനത്തിലെത്തേണ്ട വിഷയമാണവ എന്നുമാത്രം. ഇതിഹാസ സങ്കലന്‍ സമിതിയില്‍ താല്‍പര്യമുള്ളവര്‍ ഈ വിഷയത്തിലെ ഏതെങ്കിലും കുറിപ്പെട്ട വിഭാഗത്തെക്കുറിച്ചു പഠനം നടത്തുകയാണെങ്കില്‍ പ്രയോജനകരമായിരിക്കും. ചരിത്രാതീതകാലം മുതല്‍ അനുസ്യൂതമായി നടന്നുവന്ന പ്രക്രിയയാണ് ജനതകളുടെ ഇത്തരം പ്രയാണങ്ങള്‍. അവയെക്കുറിച്ചുള്ള വിദ്വേഷരഹിതവും ഭാവാത്മകവുമായ പഠനവും പ്രതിപാദനവും ആവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.