കൊല്‍ക്കത്ത: ബംഗാളിലെ ബൊങ്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശന്തനു താക്കൂറിന് വാഹനാപകടത്തില്‍ പരിക്ക്. നാദിയ ജില്ലയിലെ ഹന്‍സ്ഖാലിയില്‍ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. വധശ്രമമാണോയെന്ന് സംശയമുണ്ട്.
പോലീസ് എന്ന് എഴുതിയ എസ്യുവി താക്കൂറിന്റെ കാറില്‍ ഇടിപ്പിക്കുകയായിരുന്നു. എന്നാല്‍, വാഹനം പോലീസിന്റെയല്ലെന്നാണ് കണ്ടെത്തല്‍. വാഹനം ഓടിച്ചിരുന്നയാളെ പോലീസ് ചോദ്യം ചെയ്യുന്നു. താക്കൂറിന്റെ തലയ്ക്കാണ് പരിക്ക്. ഡ്രൈവര്‍ അടക്കം മറ്റു രണ്ടുപേര്‍ക്കും പരിക്കുണ്ട്. വിവരം അറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. രോഷാകുലരായ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
മെയ് ആറിനാണ് ഇവിടെ തെരഞ്ഞെടുപ്പ്. മതുവ സമുദായ നേതാവിന്റെ മകനാണ് ശന്തനു. ബംഗാളില്‍ നിര്‍ണായക സ്വാധീനമുള്ള മതുവ സമുദായത്തിന് ഒരു കോടിയിലേറെ വോട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശന്തനുവിന്റെ നില മെച്ചപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: