ചൈന തിരിച്ചറിഞ്ഞു; ഇന്ത്യ ഇടഞ്ഞാല്‍ പണി പാളും

Sunday 5 May 2019 4:30 am IST
മസൂദ് അസര്‍ വിഷയത്തില്‍ ഇന്ത്യയൊരുക്കിയ അതിശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനു വിധേയമായതോടെ ചൈനയ്ക്കു മനസ്സിലായി, ലോകരാഷ്ട്രങ്ങളെ ഇനിയും പിണക്കുന്നത് മïത്തരമാണെന്ന്. സില്‍ക്ക് റോഡ് എന്ന അവരുടെ പദ്ധതി, യൂറോപ്യന്‍ രാജ്യങ്ങളെയും ചൈനയുമായി ബന്ധിപ്പിക്കുന്നതാണ്. അന്താരാഷ്ട്രസമൂഹം ഇടഞ്ഞാല്‍ യൂറോപ്യന്‍ രാജ്യങ്ങളും സഹകരിക്കാതെ മാറി നില്‍ക്കും.

സമീപകാലത്ത് അന്താരാഷ്ട്ര നിരീക്ഷകരെയും ഭാരതീയരെയും അദ്ഭുതപ്പെടുത്തിയ രണ്ടുനീക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായി.  ഒന്ന്, ചൈനയിലെ ബെയ്ജിങ്ങില്‍ ആരംഭിക്കുന്ന വണ്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായി ചൈന അവതരിപ്പിച്ച ഭൂപടത്തില്‍ കാശ്മീരും അരുണാചല്‍പ്രദേശും ഭാരതത്തിന്റെ ഭാഗമായി കാണിച്ചു. അത് ഏതാനും ദിവസങ്ങള്‍ക്കകം അബദ്ധമെന്നു പറഞ്ഞു തിരുത്തി. ചൈനയ്ക്ക് അത്തരം അബദ്ധങ്ങള്‍ ഇത്രയും പ്രധാനപ്പെട്ട കാര്യത്തില്‍ സംഭവിക്കില്ല എന്നുറപ്പാണ്. രണ്ടാമത്തേത് മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ ഭീകരലിസ്റ്റില്‍ പെടുത്തുന്നതിന് സമ്മതം മൂളിയതാണ്. രണ്ടും ഒരാഴ്ചയുടെ ഇടവേളയില്‍ സംഭവിച്ചവയായിരുന്നു. ഇതൊക്കെ എന്തുകൊണ്ട് സംഭവിച്ചു? 

ഉത്തരം ലളിതം; വിശദീകരണം വേണ്ടിവരുമെന്നുമാത്രം.  ചൈനയുടെ സ്വപ്‌നപദ്ധതിയായ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് എന്ന ആധുനിക പട്ടുപാതാ പദ്ധതിയുമായി (മോഡേണ്‍ സില്‍ക്ക് റോഡ് പ്രൊജക്റ്റ്) ഭാരതം സഹകരിക്കുന്നില്ല എന്നതാണ് മുഖ്യ കാരണം. പിന്നെ അന്താരാഷ്ട്ര സമ്മര്‍ദ്ദവും. ചൈന അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവുംവലുതും മുതല്‍മുടക്കുള്ളതുമായ അടിസ്ഥാനസൗകര്യ വികസനപദ്ധതി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ്. ഇപ്പോള്‍ത്തന്നെ വളരെയധികം പണം അതിലേക്കായി  മുടക്കിക്കഴിഞ്ഞു.  തങ്ങളുടെ ഭാവി ചൈന വിഭാവനം ചെയ്യുന്നത് ഈ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ്. 

ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം, പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രദേശത്ത് അറബിക്കടലില്‍ ചൈന നിര്‍മ്മിച്ചിരിക്കുന്ന ചൈനാ-പാക് വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗ്വദര്‍ തുറമുഖമാണ്. ആ തുറമുഖം, പട്ടുപാതയെ ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ശ്രീലങ്ക, ഇന്ത്യ, തെക്കുകിഴക്കനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, പസഫിക് ദ്വീപുകള്‍ എന്നിവയെ കടലിലൂടെ ബന്ധിപ്പിക്കുന്നു. ആധുനിക കാലത്ത് ഒരു രാജ്യം വിഭാവനം ചെയ്യുന്ന ഏറ്റവും വലിയ ചരക്കുഗതാഗത പദ്ധതിയാണ് വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി. അതിന്റെ വിജയം ഏതാണ്ട് എണ്‍പതു ശതമാനത്തിലധികം ആശ്രയിക്കുന്നത് തെക്കന്‍ സമുദ്രത്തിലേക്ക് തുറക്കുന്ന ഗ്വദര്‍ തുറമുഖത്തെയാണ്. ഗ്വദര്‍ കൂടാതെ ചൈന മറ്റൊരു തുറമുഖം ഉണ്ടാക്കാന്‍, അല്ലെങ്കില്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത് ഭാരതത്തിലെ കൊല്‍ക്കൊത്തയിലാണ്. ചരിത്രങ്ങളില്‍ പറയുന്ന പഴയ സില്‍ക്ക് റോഡിനെ പുനരുജ്ജീവിപ്പിച്ച്, അതീവ സമ്പദ് ശക്തിയുള്ള പുതിയ ചൈനയെ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ ഒരു കാര്‍ഗോ റോഡ് ആണ് പ്രധാനമായും വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. ഇത് പല തുറമുഖങ്ങളുമായും എയര്‍പോര്‍ട്ടുകളുമായും ബന്ധപ്പെടും. മോഡേണ്‍ സില്‍ക്ക് റൂട്ട് അഥവാ ആധുനിക പട്ടുപാത എന്നു വിളിക്കപ്പെടുന്ന ഈ പദ്ധതിയില്‍, മറ്റു രാഷ്ട്രങ്ങളും സഹകരിച്ചില്ലെങ്കില്‍ അതിനെ ആശ്രയിച്ച് മുന്നോട്ടുപോയാല്‍ ചൈനയുടെ സമ്പദ്ഘടന തകരും. 

ഈ പദ്ധതിയില്‍ ഭാരതം സഹകരിക്കുന്നില്ല. അതിനു പല കാരണങ്ങളുണ്ട്. ഒന്ന്, ഈ പദ്ധതിയുടെ അനുബന്ധ പ്രോജക്റ്റുകള്‍ പലതും ഭാരതത്തിനു ഭീഷണിയാണ്. ശ്രീലങ്കയിലെ ഹമ്പന്‍തോട്ടയിലെ തുറമുഖവും, ആഫ്രിക്കയിലെ ജിബൂട്ടിയിലെ തുറമുഖവും ഒക്കെ ആ ഭീഷണിക്ക് ഉദാഹരണങ്ങള്‍തന്നെ. മാത്രവുമല്ല, ഭാരതത്തിന്റെ ഭാഗംതന്നെയായ പാക്ക് അധീന കാശ്മീര്‍ മേഖലയില്‍ ചൈന പാകിസ്ഥാനുമായി സഹകരിച്ചാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. അതിന് ഭാരതത്തിന്റെ സമ്മതം ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല, ഭാരതം ശക്തമായി എതിര്‍ക്കുന്നുമുണ്ട്. എന്നിട്ടും കശ്മീരില്‍ പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്ന ചൈന ഭാരതത്തെ ഫലത്തില്‍ പ്രകോപിപ്പിക്കുകയാണ്. 

ഭാരതത്തിലെ രാഷ്ട്രീയ ബഹളങ്ങള്‍ക്കിടയിലും ബാലക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലുമൊക്കെ അധികം ആരും ശ്രദ്ധിക്കാത്ത ചില വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. ബലൂചിസ്ഥാനില്‍ വിമോചനപ്പോരാട്ടങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. ബലൂച് വിമോചനപ്പോരാളികള്‍ നിരന്തരം പാക് സൈനിക-സിവില്‍ ഉദ്യോഗസ്ഥരെയും ചൈനീസ് എന്‍ജിനീയര്‍മാരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. ബലൂച് പോരാട്ടം ഭാരതത്തിന്റെ സഹായത്തോടെ നടക്കുന്നു എന്നാണു പാകിസ്ഥാന്‍ ആരോപിക്കുന്നത്. ബലൂച് പോരാളികള്‍ ആകട്ടെ, അവര്‍ക്ക് ആശയും ആശ്രയവുമായി കാണുന്നതു ഭാരതത്തെയാണ്. നമ്മള്‍  അവരെ സഹായിക്കുന്നില്ല എന്നൊന്നും പറയാനാകില്ല. സഹായിക്കുന്നതാണ് രാജ്യതന്ത്രം, അതാണ് ശരിയും. ആധുനിക സില്‍ക്ക് റോഡ് അറബിക്കടലിലേക്ക് തുറക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കപ്പലുകള്‍ അവിടെനിന്നു പോകേണ്ടതും ബലൂചിസ്ഥാനിലാണ്. ആ ബലൂച് പ്രദേശം ശാന്തമായില്ലെങ്കില്‍ ചൈനയുടെ റോഡ് പദ്ധതി അവതാളത്തിലാകും. 

മസൂദ് അസര്‍ വിഷയത്തില്‍ അതിശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനു വിധേയമായ ചൈനയ്ക്കു മനസ്സിലായി, ലോകരാഷ്ട്രങ്ങളെ ഇനിയും പിണക്കുന്നത് മണ്ടത്തരമാണെന്ന്. അവിടെയും പ്രശ്നം ഇപ്പറഞ്ഞ റോഡ് തന്നെയാണ്. കാരണം, സില്‍ക്ക് റോഡ് എന്ന പദ്ധതി യൂറോപ്യന്‍ രാജ്യങ്ങളെയും ചൈനയുമായി ബന്ധിപ്പിക്കുന്നതാണ്. അന്താരാഷ്ട്രസമൂഹം ഇടഞ്ഞാല്‍ യൂറോപ്യന്‍ രാജ്യങ്ങളും സഹകരിക്കാതെ മാറി നില്‍ക്കും.  

എങ്ങനെയാണ് ചൈനയുടെ സമ്പദ്ഘടനയെ ഈ റോഡ് പണി തടസ്സപെട്ടാല്‍ ബാധിക്കുന്നത്?

സില്‍ക്ക് റോഡ് വെറും റോഡല്ല. ഹോളണ്ടിലെ റോട്ടര്‍ഡാം തൊട്ട് ചൈനയിലെ ഷിയാനും ബെയ്ജിങ്ങും വരെയുള്ള ഒട്ടേറെ നഗരങ്ങളെയും തെക്കനേഷ്യന്‍ തുറമുഖങ്ങളെയും, അവയെ എല്ലാം ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളെയും, ആഫ്രിക്ക, അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, പസഫിക് എന്നവിടങ്ങളെല്ലാമായി കൂട്ടിമുട്ടിക്കുന്നതരത്തില്‍ കരയിലൂടെയും കടലിലൂടെയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കുഗതാഗത പാതയാണ് ആധുനിക പട്ടുപാതാ പദ്ധതിയായ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പ്രോജക്റ്റ്. മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളും ഇതില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളാകുന്ന വിധത്തിലാണ് രൂപകല്‍പന. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയിലെ വരുമാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പ്രധാനമായും ചൈനയും പാകിസ്ഥാനും ആയിരിക്കും. ഗ്വദര്‍ തുറമുഖം പാകിസ്ഥാനില്‍ ആയതിനാലാണ് പാകിസ്ഥാന് വലിയ ഗുണം ലഭിക്കാന്‍ പോകുന്നത്. 160 ബില്യണ്‍ യു എസ് ഡോളര്‍ (പത്തുലക്ഷം കോടി ഇന്ത്യന്‍ രൂപാ) ആണ് ചൈന ഈ വലിയ പദ്ധതിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മാത്രമായിത്തന്നെ 2015-ല്‍ കണക്കാക്കിയിരുന്നത്. ഇപ്പോള്‍ അത് വര്‍ദ്ധിച്ചിട്ടുണ്ടാകണം. ദിനംതോറും ചെലവുകള്‍ കൂടിക്കൂടിവരും. ഇത്രയും ചെലവു വരാന്‍ പാകത്തില്‍ ഉള്ള പദ്ധതികള്‍ അതില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.  

സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റ് എന്ന പദ്ധതിയാണ് ഇതിലെ പ്രധാനഘടകം. ഇത് നേരിട്ട് റോഡുവഴി രാജ്യങ്ങളെ ബന്ധപ്പെടുത്തുന്ന പദ്ധതിയാണ്. മദ്ധ്യേഷ്യയും പശ്ചിമേഷ്യയും യൂറോപ്പും ചൈനയുമായി ബന്ധപ്പെടുന്നത് ഇതിലൂടെയാണ്.  ഖസാക്കിസ്ഥാന്‍ വഴിയുള്ള യൂറേഷ്യന്‍ ലാന്‍ഡ് ബ്രിഡ്ജ്, ചൈന-മംഗോളിയ-റഷ്യ ഇടനാഴി, തുര്‍ക്കി വഴി പോകുന്ന ചൈന-മദ്ധ്യേഷ്യ ഇടനാഴി, സിംഗപ്പൂരുമായി ബന്ധപ്പെടാനുള്ള ചൈന-ഇന്തോചൈന ഉപഭൂഖണ്ഡ ഇടനാഴി എന്നിവ അതിന്റെ ഭാഗമായി വിലയിരുത്തുന്നു. ഗ്വദര്‍ തുറമുഖത്തേക്ക് ബലൂചിസ്ഥാനിലൂടെയുള്ള പാത സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റിലെ നിര്‍ണായകഘടകമാണ്. ഭാരതത്തിലൂടെ ചൈനയെ മ്യാന്‍മര്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയും ചൈനക്കുണ്ട്. ഡോക്ലാമിലേക്ക് ചൈന റോഡ് വെട്ടുന്നത് ഇതിന്റെ കൂടി ഭാഗമാണ്. ഇന്ത്യ ഇടഞ്ഞാല്‍ പണിപാളുമെന്നു ചൈനയ്ക്കറിയാം. തത്ക്കാലം വഴങ്ങുന്നതാണ് നല്ലതെന്ന് അവര്‍ കണക്കുകൂട്ടിയെന്നു കരുതാം. 

സൗഹൃദത്തിന്റെ ഭാഷയില്‍ അനുനയിപ്പിക്കാന്‍ ചൈന നോക്കുമ്പോള്‍, അതിനെ ഭാരതം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി അറിയേണ്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.