ഒരു യെമണ്ടന്‍ യെച്ചൂരിയന്‍ അപാരത

Sunday 5 May 2019 4:35 am IST

പേരു കേട്ടാല്‍ ഒരു വേദ പണ്ഡിതനാണെന്നൊക്കെ തോന്നുമെങ്കിലും സീതാറാം സോമയാജലു യെച്ചൂരി മറ്റേതൊരു മാര്‍ക്‌സിസ്റ്റ് നേതാവിനെയും പോലെ വിവരക്കേടും വെളിവില്ലായ്മയും ഏതുവേദിയിലും വിളമ്പാന്‍ പാകത്തിന് ഉളുപ്പില്ലായ്മ സ്വന്തമാക്കിയ ആളാണ്. ഇത്തരം വിശേഷണങ്ങള്‍ പൊതുവേ മറ്റുള്ളവര്‍ക്ക് ആക്ഷേപമാണെങ്കിലും യെച്ചൂരിയും കൂട്ടരും അത് അലങ്കാരമായിത്തന്നെ ചുമക്കും. 

ശ്രീലങ്കയില്‍ മുന്നൂറോളം പേരെ കൊന്ന് ഇല്ലാതാക്കിയ ചാവേര്‍ ആക്രമണത്തിനെതിരെ, മനുഷ്യന്റെ ഭാഷയിലെന്നല്ല, മാര്‍ക്‌സിസ്റ്റുകളുടെ ഭാഷയില്‍ പോലും അപലപിക്കാന്‍ തയ്യാറാകാത്ത നേതാവാണ് അദ്ദേഹം. മഹാരാഷ്ട്ര പോലീസിലെ പതിനഞ്ച് കമാന്‍ഡോകളെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ വധിച്ചപ്പോഴും പഴം വിഴുങ്ങിയ അതേ ഇരിപ്പായിരുന്നു മാര്‍ക്‌സിസ്റ്റ് മതനേതാവിന്. 

ലോകം മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചതിന്റെ പേരില്‍ ഇനി വല്ല ദുഃഖാചരണമോ മൗനവ്രതമോ യെച്ചൂരീയന്‍ സഖാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. സാധ്വി പ്രജ്ഞാസിങ് ഠാക്കുര്‍ ഭീകരവാദിയാണെന്ന് പറയാന്‍ പൊന്തുന്ന ആ നാവ് ശ്രീലങ്കയില്‍ കൊന്നുവീഴ്ത്തപ്പെട്ടവരോടല്ല, കൊല്ലാന്‍ പോയവരോടാണ് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നത്.

അതുകൊണ്ടാണ് പ്രജ്ഞാസിങ് ജനവിധി തേടുന്ന ഭോപ്പാലില്‍ പോയി സഖാവ് ഹിന്ദുക്കളാകമാനം അക്രമികളാണെന്ന് പ്രഖ്യാപിച്ചുകളഞ്ഞത്. ഹിന്ദുക്കള്‍ അക്രമികളാകാന്‍ കാരണം മഹാഭാരതവും രാമായണവുമാണെന്ന എമണ്ടന്‍ കണ്ടുപിടിത്തവും അദ്ദേഹത്തിന്റേതായുണ്ട്. ശാന്തിവേദമെന്ന് ഉദ്‌ഘോഷിക്കപ്പെട്ട ഭാരതേതിഹാസങ്ങളെക്കുറിച്ച് യെച്ചൂരിയോട് പറയുന്നതിനേക്കാള്‍ ഭേദം നമ്മുടെ എം.ബി. രാജേഷിന്റെ ചെവിയില്‍ വേദമോതുന്നതാവും. ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നാലെ ഭീകരതയ്ക്ക് മതമുണ്ടെന്ന ചര്‍ച്ചകള്‍ പൊന്തിവരുമ്പോഴാണ് മഹാഭാരതത്തിനും രാമായണത്തിനുമെതിരെ സഖാവ് ഓരിയിടുന്നതെന്നത് ശ്രദ്ധേയമാണ്. 

രാമായണം, സഖാവ് രാവണനെതിരെയും മഹാഭാരതം, സഖാവ് ദുര്യോധനനെതിരെയും അക്കാലത്തെ സംഘികള്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കഥകളാണെന്നാണ് മാക്‌സിമം മാര്‍ക്‌സിസ്റ്റ് ബോധം. കാവിക്കൊടി ആര്‍എസ്എസുകാരന്റേതാണെന്നൊക്കെ വിളിച്ചുകൂവുകയും അതുകണ്ടാല്‍ മുക്രയിട്ട് പാഞ്ഞടുക്കുകയും ചെയ്യുന്ന ഒരുതരം മനോരോഗത്തെയാണല്ലോ ഈ വന്ന കാലത്ത് മാര്‍ക്‌സിസം എന്ന് വിളിക്കുന്നത്. അതിന്റെ അഖിലേന്ത്യനാണെന്ന് പറഞ്ഞ് ആങ്ങളയ്ക്കും പെങ്ങള്‍ക്കും വേണ്ടി നാടൊട്ടുക്ക് പ്രസംഗിച്ച് നടക്കലാണ് യെച്ചൂരിയുടെ ഇപ്പോഴത്തെ പണി. അവരാണെങ്കില്‍ നരേന്ദ്രമോദിക്കെതിരെ കല്ലുവെച്ച കള്ളങ്ങള്‍ വിളിച്ചുകൂവി ഒരോന്നിനും മാപ്പ് പറഞ്ഞ് നടക്കുന്ന തിരക്കിലും. അതിനപ്പുറം ഒന്നുമില്ലാതെ വരുമ്പോഴുള്ള ഒരു കിരുകിരുപ്പാണ് ഇതിഹാസങ്ങള്‍ക്കെതിരായ ഈ പുലഭ്യം പറച്ചില്‍. 

രാമായണത്തിനും മഹാഭാരതത്തിനുമെതിരായ മാര്‍ക്‌സിസ്റ്റ് കലിപ്പ് പുതിയതൊന്നുമല്ല. രാമന്‍ പണ്ടേ അവര്‍ക്ക് വില്ലന്റെ റോളിലാണ്. കൃഷ്ണനാണെങ്കില്‍ ജാതി ഉണ്ടാക്കിയ ആളാണെന്നാണ് വര്‍ഗബഹുജനസംഘടനയ്ക്കുള്ളില്‍ ജാതി സംഘടന സൃഷ്ടിച്ച പാര്‍ട്ടിയുടെ നിലപാട്. രാമായണവും മഹാഭാരതവുമൊക്കെ കത്തിച്ചുകളയേണ്ട ഇനങ്ങളാണെന്നാണ് അവരുടെ ഒരു വാദം. പഠിപ്പിക്കുന്ന അധ്യാപികയുടെ ഇരിപ്പിടം കത്തിക്കുന്ന ജനുസ്സല്ലേ, പഠിക്കേണ്ടതെല്ലാം കത്തിച്ചുകളയുന്നതാണ് നല്ലതെന്ന് തോന്നാതിരിക്കാന്‍ വേറെ ന്യായമൊന്നും കാണുന്നില്ല.

പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാല്‍ എന്താ കുഴപ്പം എന്ന് ചോദിച്ച 'യെച്ചൂരിയന്‍ നിഷ്‌കളങ്കത'യുടെ മാരകമായ മറ്റൊരു ഭാവമാണിത്. കള്ളവോട്ടും കത്തിക്കുത്തും ബൂത്ത് പിടിക്കലുമായി ജനാധിപത്യത്തെ ആഘോഷമാക്കുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ പാര്‍ട്ടിയാണല്ലോ അത്. അതുകൊണ്ട് അക്രമം ഞങ്ങള്‍ പൊറുക്കില്ല. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന മഹാഭാരതത്തിനും രാമായണത്തിനുമെതിരെ സര്‍വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍.... മഹിഷാസുരന്റെ രക്തസാക്ഷിദിനം കൊണ്ടാടിയ മുതലുകളാണ്. എന്തും നമ്മള്‍ പ്രതീക്ഷിക്കണം. സഖാവ് ദുര്യോധനനും സഖാവ് രാവണനും വേണ്ടി നാടൊട്ടുക്ക് രക്തസാക്ഷിമണ്ഡപങ്ങള്‍ ഉയര്‍ത്തി അതിനുമുന്നില്‍ ഒരുപിടി ചെമ്പരത്തിപ്പൂക്കള്‍ അഥവാ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ച് അക്രമത്തിനെതിരായ വിപ്ലവം മുഷ്ടി ചുരുട്ടി കയറിവരട്ടെ.... 

അതിങ്ങ് പാനായിക്കുളത്തും കനകമലയിലുമൊക്കെ പടരട്ടെ. സിറിയയിലും മറ്റും സമാധാനവിപ്ലവം നടത്തുന്ന ഐഎസ് സഖാക്കള്‍ക്കായി തൊട്ടിപ്പിരിവ് നടത്താം. എന്‍ഐഎ തുലയട്ടെ എന്ന് മുദ്രാവാക്യം വിളിക്കാം. യെച്ചൂരിയന്‍ നിഷ്‌കളങ്കത പരന്ന് യെമണ്ടന്‍ യെച്ചൂരിയന്‍ അപാരതയായി മാറുന്ന ഈ കാലത്ത് ആരും അന്തം വിട്ട് തലയ്ക്ക് കൈവെച്ച് അപാരം എന്നു പറഞ്ഞുപോകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.