'തീര്‍ച്ചയായും തീര്‍ച്ച'

Sunday 5 May 2019 4:40 am IST

''ഈസ്റ്റമീന്‍കിരെ എന്ന അനുഗ്രഹീത എഴുത്തുകാരിയുടെ തൂലിക കൂടിയാകുമ്പോള്‍ തീര്‍ച്ചയായും സമകാലിക സാഹിത്യത്തില്‍ അടുത്തകാലത്തുവന്ന ഏറ്റവും മികച്ച നോവലുകളില്‍ ഒന്നായി ഈ പുസ്തകം ശ്രദ്ധിക്കപ്പെടും എന്നു തീര്‍ച്ച.''

അനുഗ്രഹം ലഭിച്ചയാള്‍ അനുഗൃഹീതനോ അനുഗൃഹീതയോ ആണ്. ഇവിടെ 'അനുഗൃഹീത' എഴുത്തുകാരി എന്നുവേണം. അനുഗ്രഹീതന്‍, അനുഗ്രഹീത, അനുഗ്രഹീതം എന്നീ തെറ്റായ പ്രയോഗങ്ങള്‍ മാധ്യമങ്ങളിലും പുസ്തകങ്ങളിലും വ്യാപകമായി കൊണ്ടിരിക്കുന്നു. 

ഈ വാക്യത്തില്‍ 'തീര്‍ച്ചയായും', 'തീര്‍ച്ച' എന്നീ രണ്ടു വാക്കുകളും കൂടി വേണ്ട. അവയിലൊന്ന് ഒഴിവാക്കാം. പറയുന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തതുകൊണ്ടാവാം ഈ ആവര്‍ത്തനം!

''തീര്‍ച്ചയായും ആ അഴിമതിയാരോപണം അടിസ്ഥാനരഹിതമല്ലെന്ന് എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും''. 

''ഇത് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു പരിപാടിയാണ്. യുവതലമുറയ്ക്കിത് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലെന്ന് തീര്‍ച്ചയാണ്''. 

എഴുത്തിലും ഭാഷണത്തിലും ഇങ്ങനെ സ്ഥാനത്തും അസ്ഥാനത്തും തീര്‍ച്ച കടന്നു വരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന പദങ്ങളിലൊന്നാണ് തീര്‍ച്ച. 

''സമകാലിക സാഹിത്യത്തില്‍ അടുത്തകാലത്തു വന്ന ഏറ്റവും മികച്ച നോവലുകളില്‍...'' 

സമകാലികവും അടുത്തകാലവും കൂടി വേണ്ട. രണ്ടിനും ഇവിടെ ഒരേ അര്‍ത്ഥമാണ് ഉദ്ദേശിച്ചിട്ടുള്ളത്. 

''സമകാലികസാഹിത്യത്തിലെ ഏറ്റവും മികച്ച' എന്നോ 'അടുത്ത കാലത്തു വന്ന ഏറ്റവും മികച്ച' എന്നോ എഴുതിയാല്‍ ആവര്‍ത്തനം ഒഴിവാക്കാം. 

''പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരു പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പോലും കഴിയാതെ അവര്‍ തങ്ങളുടെ കൂട്ടായ്മയുടെ ദൈന്യത തുറന്നു കാട്ടുന്നു''. 

'ദൈന്യത' തെറ്റ് 'ദീനത', 'ദൈന്യം' എന്നിവ ശരി. സാദൃശ്യത, ജാള്യത, ഐക്യത തുടങ്ങിയ തെറ്റായ പ്രയോഗങ്ങളും സാധാരണമായിരിക്കുന്നു. 

'സാദൃശ്യം, സദൃശത, ജാള്യം, ജളത, ഐക്യം, ഏകത' എന്നിവ ശരി. 

''മാതൃഭാഷ എന്നത് വെറും ഭൗതികതലത്തില്‍ മാത്രം നില്‍ക്കുന്ന ഒന്നാണോ''. 

'വെറും', 'മാത്രം' എന്നിവയില്‍ ഒന്നു മതി. 

''ദേശവത്കരണം കൊണ്ടുമാത്രം സേവന മേഖല മെച്ചപ്പെടുകയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു''.

'ദേശവത്കരണം തെറ്റ്', 'ദേശത്തിന്റേതാകുക' എന്ന അര്‍ത്ഥം കിട്ടാന്‍ 'ദേശസാത്കരണം' എന്നു വേണം. 

''ചപ്പാത്തി നമുക്ക് അന്യനല്ല. ഗോതമ്പില്‍ നിന്ന് ഉണ്ടാക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ചപ്പാത്തി. നാം സ്ഥിരമായി ആശ്രയിക്കുന്ന ചെടികളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പിന്റെ ഒരു പ്രധാന ഉറവിടമാണ് ഗോതമ്പ്. ചപ്പാത്തി ശരീരത്തില്‍ എത്തുമ്പോള്‍ അവ ശരീരത്തിലെ ഹീമോഗ്‌ളോബിന്റെ അളവ് സമതുലിതാവസ്ഥയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നു. ചപ്പാത്തി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താത്തവര്‍ നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കില്‍ ഡയറ്റീഷ്യനോട് ചോദിച്ചതിന് ശേഷം മാത്രം ഇത് ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുക''. 

'അന്യനല്ല' എന്ന പ്രയോഗത്തിലൂടെ ചപ്പാത്തിയെ 'ഒരാണാ'ക്കിയത് ഒരു രസത്തിനു വേണ്ടിയായിരിക്കാം! എങ്കിലും ഇത് ആണധികാരപ്രയോഗത്തിന്റെ മറ്റൊരുദാഹരണമാണെന്ന് സ്ത്രീവിമോചനവാദികള്‍ ആക്ഷേപിക്കാനിടയുണ്ട്! 'അന്യമല്ല' എന്നു പ്രയോഗിച്ചെങ്കില്‍ ഈ ആശങ്ക ഒഴിവാക്കാമായിരുന്നു. 'ഗോതമ്പില്‍ നിന്ന്' എന്നതിനേക്കാള്‍ ഉചിതം 'ഗോതമ്പുകൊണ്ട്' എന്നതാണ്. മൂന്നമത്തെ വാക്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാനാവുന്നില്ല. നാലാമത്തെ വാക്യത്തിലെ 'ശരീരത്തില്‍ എത്തുമ്പോള്‍ അവ' എന്ന ഭാഗം ഒഴിവാക്കാം. 

ചപ്പാത്തി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍പ്പോരേ? എന്തിനാണ് 'ഭക്ഷണക്രമ'ത്തിലും 'ഭക്ഷണരീതി'യിലും ഉള്‍പ്പെടുത്തുന്നത്?

പിന്‍കുറിപ്പ്:

ഉത്സവവാര്‍ത്തയില്‍ കണ്ടത്:-

'രാത്രി 9 മുതല്‍ രാവണോത്സവം കഥകളി ഉണ്ടായിരിക്കും'. 'ഉദ്ഭവം', 'ഉത്സവ'മായത് അച്ചടിതെറ്റാണെന്ന് ആശ്വസിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.