കള്ളവോട്ട് അവസാനിപ്പിക്കണം;മുഖം നോക്കാതെ, സുതാര്യതയോടെ

Sunday 5 May 2019 4:43 am IST

ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന കള്ളവോട്ട് അവസാനിപ്പിക്കാന്‍ ഇരുമുന്നണികളും തയ്യാറാകണം. കൂടുതല്‍ സ്ഥലത്തു കള്ളവോട്ടു ചെയ്തത് സിപിഎം ആണെങ്കിലും യുഡിഎഫ് ചെയ്തതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കണ്ണൂരില്‍ വര്‍ഷങ്ങളായി സിപിഎം കള്ളവോട്ട് ചെയ്യുന്നുണ്ട്. കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമം സൃഷ്ടിച്ചു പ്രവര്‍ത്തിക്കുന്ന പഴയരീതി സിപി എം ഉപേക്ഷിക്കണം. കള്ളവോട്ട് കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഗൗരവമായിട്ടാണ് കാണുന്നത്. നിയമപരമായും രാഷ്ട്രീയമായും നേരിടും.

-അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ഭയവും നീതിപൂര്‍വ്വകവുമായ വോട്ടിങ് അട്ടിമറിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതില്‍ ഡിജിപിക്കു പങ്കുണ്ടോയെന്നു പരിശോധിക്കണം. തപാല്‍വോട്ട് തിരിമറി ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനാണു ശ്രമിച്ചത്. കേസ് നല്‍കാന്‍ ഡിജിപി തയ്യാറായാല്‍ അദ്ദേഹം ചുമതല ഏറ്റെടുത്തശേഷം നടത്തിയിട്ടുള്ള നീക്കങ്ങളും ഇടപാടുകളും പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ എനിക്കു കൂടുതല്‍ അവസരം ലഭിക്കും. സിപിഎമ്മിന്റെ രാഷ്ട്രീയശൈലിയുടെ തനിയാവര്‍ത്തനമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലുള്ളത്. 

-മുല്ലപ്പള്ളി രാമചന്ദ്രന്‍

കള്ളവോട്ട് നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിപിഎം കേന്ദ്രനേതൃത്വവും മുഖ്യമന്ത്രിയും മൗനം വെടിയണം. അവര്‍ക്ക് എന്താണു പറയാനുള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. പാര്‍ട്ടി പരിപാടി പോലെയാണ് സിപിഎമ്മുകാര്‍ക്ക് കള്ളവോട്ട്. കള്ളവോട്ടിനു സഹായകമായ നിലപാടു സ്വീകരിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. സിപിഎം എന്നല്ല, ഏതു പാര്‍ട്ടി ചെയ്താലും കള്ളവോട്ട് തെറ്റാണ്. കണ്ണൂരിലെ മാത്രമല്ല, പല സ്ഥലങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്നിട്ടുള്ള കള്ളവോട്ട് ആരോപണങ്ങളെല്ലാം അന്വേഷിക്കണം.

-വി.എം. സുധീരന്‍

യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കുചേരുന്നത് ഗൗരവമുള്ളതാണ്. പിലാത്തറ ബൂത്തില്‍ മൂ ന്നുപേര്‍ കള്ളവോട്ട് ചെയ് തെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പിച്ചത് എന്തടിസ്ഥാനത്തിലാണ്? അവരുടെ വിശദീകരണം തേടിയോ? സാമാന്യനീതി നിഷേധിക്കുന്ന സമീപനമാണ് മീണയുടേത്.

-കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തില്‍ ഞാന്‍ വീണുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം വേദനാജനകമാണ്. കള്ള വോട്ടുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്റെ ഭീഷണിയും എന്നെ ബാധിക്കില്ല. തെരഞ്ഞെടുപ്പുകമ്മിഷന്‍ പ്രതിനിധി എന്ന നിലയില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. സിഇഒ കസേരയില്‍ ഇരിക്കുമ്പോള്‍ അതിന്റേതായ സത്യസന്ധതയും സുതാര്യതയും പാലിക്കേണ്ട ബാധ്യതയുണ്ട്. നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ, ഇനി പ്രവര്‍ത്തിക്കുകയുമുള്ളൂ.

-ടിക്കാറാം മീണ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.