വയനാട്ടില്‍ തോട്ടം മേഖലയില്‍ കാട്ടാന പ്രസവിച്ചു

Sunday 5 May 2019 6:00 am IST

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ തോട്ടം മേഖലയില്‍ കാട്ടാന പ്രസവിച്ചു. പത്ത് കാട്ടാനകളാണ് സമീപത്ത് തമ്പടിച്ചിട്ടുള്ളത്. തീറ്റയുടെ ദൗര്‍ലഭ്യത്താല്‍ കാടുവിട്ടിറങ്ങിയ കാട്ടാനക്കൂട്ടത്തിലെ ഒരു പിടിയാനയാണ് ഇന്നലെ പുലര്‍ച്ചെ വൈത്തിരി തോട്ടം മേഖലയിലെ വനത്തില്‍ പ്രസവിച്ചത്. 

നേരത്തെ ഒരു കൊമ്പനും അഞ്ച് പിടിയാനകളും അടങ്ങുന്ന സംഘത്തോടൊപ്പം രണ്ട് കുട്ടിയാനകളും ഉണ്ടായിരുന്നു. എന്നാല്‍, കുസൃതിയായ പുതിയ അതിഥി കൂടെ സംഘത്തിനൊപ്പം ചേര്‍ന്നു. 

പിറന്നുവീണ ഉടനെ തന്നെ ആനക്കുട്ടിക്ക് നടക്കാന്‍ സാധിക്കുമെങ്കിലും വേഗത്തില്‍ നടക്കാന്‍ കഴിയില്ല.  അതുകൊണ്ട് തന്നെ ഇവര്‍ക്ക് കാട്ടിലേക്ക് പെട്ടന്ന് മടങ്ങാനുമാവില്ല. കുട്ടിക്ക് സംഘത്തിനൊപ്പം നടന്ന് കാട് കയറാന്‍ പ്രാപ്തിയായാലേ ഇവര്‍ തിരിച്ചു പോകു. 

കുട്ടിയാനയെയും കൊണ്ട് ഉള്‍വനത്തിലേക്ക് പോകുന്നത് കടുവ പോലുള്ള വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാവാന്‍ കാരണമാവും. സംഘം തോട്ടം മേഖലയിലാണ് നിലയുറപ്പിച്ചതെങ്കിലും തൊട്ടടുത്ത് ജനവാസ കേന്ദ്രങ്ങളാണ്. ഒരു പക്ഷേ കാട്ടാന കൂട്ടം അവിടേക്ക് പോകുമോയെന്ന ഭയത്താല്‍ തിരിച്ച് കാട്ടിലേക്കയയ്ക്കാന്‍ വനംവകുപ്പ് ശ്രമം ആരംഭിച്ചു.

 പതുക്കെ വിരട്ടി ഓടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, അമ്മയാനയുടെ കാലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കുട്ടിയാനയെ കൊണ്ട് സംഘത്തിന് തിരിച്ചുപോകാന്‍ സാധിക്കുന്നില്ല. ഒരുപക്ഷെ രാത്രിയില്‍ സംഘം വനാന്തരങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.