ബിസിനസ് പങ്കാളിക്ക് മുങ്ങിക്കപ്പല്‍ ഓഫ്‌സെറ്റ് കരാര്‍

Sunday 5 May 2019 6:15 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ബിസിനസ് പങ്കാളിക്ക് 2011ല്‍ യുപിഎ ഭരണകാലത്ത് അന്തര്‍വാഹിനി കരാറുമായി ബന്ധപ്പെട്ട ഓഫ്‌സെറ്റ് കരാര്‍ ലഭ്യമായെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫാല്‍ കരാറിലെ ഓഫ്‌സെറ്റ് കരാറിനെ എതിര്‍ത്ത് നിരന്തരം രംഗത്തെത്തുന്ന രാഹുലിന്റെ ബിസിനസ് പങ്കാളിക്ക് സ്‌കോര്‍പ്പിയന്‍ അന്തര്‍വാഹിനി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഓഫ്‌സെറ്റ് കരാര്‍ ലഭിച്ചത് ദുരൂഹമാണെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. 

രാഹുലിന്റെ മുന്‍ ബിസിനസ് പങ്കാളിയായ ഉള്‍റിക് മക്‌നൈറ്റിന്റെ ഉടമസ്ഥതയിലുള്ള യുകെയിലെ ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് സ്‌കോര്‍പിയന്‍ അന്തര്‍വാഹിനി കരാറുമായി ബന്ധപ്പെട്ട ഓഫ്‌സെറ്റ് കരാറുകള്‍ ലഭിച്ചത്. 2003-2009 കാലത്ത് ബാക്കോപ്‌സ് ലിമിറ്റഡില്‍ 65 ശതമാനം ഓഹരി പങ്കാളിത്തവും രാഹുലിനായിരുന്നു. രാഹുലിന്റെ ഉറ്റ ചങ്ങാതിയായ ഉള്‍റിക് അമേരിക്കന്‍ പൗരനാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

പ്രതിരോധ കരാറുകള്‍ക്ക് വേണ്ടി പിന്നണിയില്‍ കളിച്ച വ്യക്തി ഇന്ത്യയുടെ പ്രധാനമന്ത്രി പദം മോഹിക്കുകയാണെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. റഫാല്‍ കരാറിലെ ഓഫ്‌സെറ്റ് കരാര്‍ വിവാദമാക്കിയ രാഹുല്‍ ഓഫ്‌സെറ്റ് കരാര്‍ നേടിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത മോദിയെ വ്യാജ ആരോപണങ്ങള്‍ കൊണ്ട് അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയ വ്യക്തിയാണ്. എന്നാല്‍, രാഹുല്‍ സ്വയം മറ്റൊരു ഓഫ്‌സെറ്റ് കരാറിന്റെ പ്രയോജനം നേടിയെടുത്ത വ്യക്തിയാണെന്ന് ജനം തിരിച്ചറിഞ്ഞു, ജെയ്റ്റ്‌ലി പറഞ്ഞു.

ഏറെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ഏതന്വേഷണവും നേരിടാമെന്ന് രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.