നിപ വൈറസ് ബാധയ്ക്ക് ഒരാണ്ട്; ആദ്യ ഇരയ്ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ല

Sunday 5 May 2019 7:03 am IST

പേരാമ്പ്ര (കോഴിക്കോട്): കേരളത്തിന്റെ ആരോഗ്യ മേഖലയെ വിറപ്പിച്ച നിപ വൈറസ്ബാധയുടെ ദുരന്തസ്മരണകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് നിപ വൈറസ് ബാധയേറ്റ് പേരാമ്പ്ര പന്തിരിക്കരക്കടുത്ത സൂപ്പിക്കടയിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത്ത് മരിച്ചത്. 

സാബിത്ത് മരിക്കുമ്പോള്‍ നിപ വൈറസ് ബാധയാണെന്ന് ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞിരുന്നില്ല. സഹോദരന്‍ സ്വാലിഹ് 12 ദിവസത്തിനു ശേഷം ഇതേ രോഗലക്ഷണങ്ങളോടെ മരിച്ചപ്പോഴാണ് ആരോഗ്യ വകുപ്പ് ഉണര്‍ന്നത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

നിപയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആദ്യ ഇര സാബിത്തിന്റെ കുടുംബത്തിന് മാത്രം ഇതുവരെ സഹായധനമൊന്നും കിട്ടിയില്ല. ആശുപത്രിയില്‍ ചെലവായ 30,000 രൂപ സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, ബന്ധുക്കള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ നിരവധി തവണ കയറിയിറങ്ങിയിട്ടും പണം ലഭിച്ചില്ല. 

നിപ ബാധിച്ച് മരിച്ച മറ്റുള്ളവര്‍ക്കെല്ലാം സഹായം നല്‍കി. സാങ്കേതികത്വത്തിന്റെ പേരില്‍ സാബിത്തിന്റെ മരണം സര്‍ക്കാര്‍ എഴുതിത്തള്ളി. ശാസ്ത്രീയ പരിശോധനകളിലൂടെ രോഗകാരണം തെളിയിക്കപ്പെട്ടില്ലെന്നതാണ് സഹായം നിഷേധിക്കാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച കാരണം. സാബിത്തിന്റെ രോഗകാരണം കണ്ടെത്തേണ്ട ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത മറച്ചുവച്ച് കുറ്റം കുടുംബത്തിന്റെ തലയില്‍ വച്ച് സര്‍ക്കാര്‍ സഹായം നിഷേധിക്കുകയാണ്. 

സ്ഥലം എംഎല്‍എയും സംസ്ഥാന തൊഴില്‍-എക്‌സൈസ് മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്‍ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വരെ ഇവര്‍ സമീപിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. സ്വാലിഹിനും പിതാവിനും ലഭിച്ച ധനസഹായം കൊണ്ടു മാത്രമാണ് ഈ കുടുംബം ഇതുവരെ പിടിച്ചുനിന്നത്. സാബിത്തിനു പുറമെ സഹോദരന്‍ സ്വാലിഹ്, പിതാവ് മൂസ മുസലിയാര്‍, പിതാവിന്റെ സഹോദരഭാര്യ മറിയം എന്നിവരെയാണ് നിപ മൂലം കുടുംബത്തിന് നഷ്ടമായത്.

 ആശുപത്രികളില്‍ വച്ചാണ് നിപ വൈറസ് ബാധയേറ്റ് മരണ സംഖ്യ വര്‍ദ്ധിച്ചതെന്ന് പിന്നീട് തെളിഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മികവിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതായിരുന്നു ഇത്.  പേരാമ്പ്ര ഗവ. താലൂക്കാശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നത്. മറ്റു അസുഖങ്ങള്‍ കാരണം ചികിത്സക്കെത്തിയവരെയാണ് നിപ വൈറസ് ബാധിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി പതിനെട്ടോളം പേര്‍ മരിച്ചു.  

പേരാമ്പ്ര താലൂക്കാശുപത്രിയില്‍ സാബിത്തിനെ ശുശ്രൂഷിച്ച നഴ്‌സ് ലിനിയുടെ മരണം നാടിനെ നടുക്കി. രോഗികളെ ചികിത്സിക്കുന്നവരെയും ശുശ്രൂഷിക്കുന്നവരെയും പോലും ഇത് ഭയചകിതരാക്കി. മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അജന്യമോള്‍, മലപ്പുറം സ്വദേശി ഉബീഷ് എന്നിവരില്‍ നിപ ബാധ സ്ഥിരീകരിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.