ചിറ്റൂര്‍: സ്പിരിറ്റ് കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അത്തിമണി സ്വദേശി അനില്‍ എക്സൈസ് പിടിയില്‍. ശനിയാഴ്ച്ച രാത്രി 11 മണിക്ക് പാലക്കാട് ചിറ്റൂരില്‍ വെച്ചാണ് പ്രതി എക്സൈസിന്റെ പിടിയിലായത്.
സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു അനില്‍. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് വകുപ്പ് ഒന്നിന് നടത്തിയ വാഹന പരിശോധനയിലാണ് ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റുമായി തത്തമംഗലത്തുവച്ച് എക്സൈസിന്റെ മുന്നിലകപ്പെട്ടത്. എന്നാല്‍ വാഹനമുപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു.
ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ ചിറ്റൂര്‍ ടൗണില്‍ നിന്ന് പിടിയിലാവുകയായിരുന്നു. പെരുമാട്ടി കേന്ദ്രീകരിച്ച് നടന്ന നിരവധി രാഷ്ട്രീയ അക്രമസംഭവങ്ങളിലും പ്രതിയാണ് അത്തിമണി അനില്‍ എന്നറിയപ്പെടുന്ന അനില്‍കുമാര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസിന് പിടികൊടുക്കാതെ കഴിഞ്ഞ ദിവസം മീനാക്ഷിപുരം വഴിയാണ് അനില്‍ തമിഴ്നാട്ടിലേക്ക് കടന്നത്. ഇയാളെ സിപിഎം നേതൃത്വം സഹായിച്ചിരുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: