കള്ളവോട്ട്: ഇടത്-വലത് മുന്നണികള്‍ വെട്ടില്‍

Monday 6 May 2019 2:56 am IST
സിപിഎമ്മുകാര്‍ ചെയ്ത 199 കളളവോട്ടിന്റെ പട്ടിക കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം കണ്ണൂരില്‍ കളക്ടര്‍ക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം 40 സ്ത്രീകള്‍ കള്ളവോട്ട് ചെയ്ത പരാതിയും ഇക്കൂട്ടത്തില്‍പ്പെടും.

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ഇരുമുന്നണികളിലേയും പ്രബല കക്ഷികളുടെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ നടത്തിയ കള്ളവോട്ടുകള്‍ സംബന്ധിച്ച് ഓരോ ദിവസവും പുതിയ  പരാതികള്‍ പുറത്തു വരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ വരണാധികാരികള്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ വനിതാ നേതാക്കളുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കെതിരേയും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. 

സിപിഎമ്മുകാര്‍ ചെയ്ത 199 കളളവോട്ടിന്റെ പട്ടിക കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം കണ്ണൂരില്‍ കളക്ടര്‍ക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം 40 സ്ത്രീകള്‍ കള്ളവോട്ട് ചെയ്ത പരാതിയും ഇക്കൂട്ടത്തില്‍പ്പെടും. തലശ്ശേരിയിലെ 45 ബൂത്തുകളില്‍ സിപിഎം കളളവോട്ട് ചെയ്‌തെന്ന പരാതിയും യുഡിഎഫ് ഉന്നയിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ലീഗുകാരുടെ നേതൃത്വത്തില്‍ വ്യാപക കള്ളവോട്ട് നടന്നതായി സിപിഎമ്മും ജില്ലാ വരണാധികാരിമാര്‍ക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. 

പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വോട്ടിങ്ദിനത്തിലെ കണ്ണൂര്‍ മണ്ഡലത്തിലെ വെബ്കാസ്റ്റ് ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് ആവശ്യപ്പെടുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചിട്ടുണ്ട്. പരാതിയില്‍ ആരോപിക്കുന്ന എല്ലാ ബൂത്തിലെയും വീഡിയോ പരിശോധിക്കാനാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഇത്തരം ബൂത്തുകളിലെ ദൃശ്യങ്ങളുടെ പരിശോധന ആരംഭിക്കുമെന്നറിയുന്നു. കഴിഞ്ഞ കാലങ്ങളിലേതു പോലെ കള്ളവോട്ട് കേസുകള്‍ പരാതിയില്‍ ഒതുങ്ങുമെന്നാണ് എല്‍ഡിഎഫും യുഡിഎഫും കരുതിയിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വരണാധികാരികളുടെ തീരുമാനത്തോടെ ഇരു നേതൃത്വങ്ങളും വെട്ടിലായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.