കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വധിച്ചു

Monday 6 May 2019 5:54 am IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ ഗുലാം മുഹമ്മദ് മീറിനെ(55) ഭീകരര്‍ വധിച്ചു. വെരിനാഗിലെ വീട്ടില്‍ കയറി വെടിവച്ചുകൊല്ലുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. 

ഭീകരരില്‍ നിന്ന് നിരവധി തവണ വെടിയേറ്റ ഗുലാം മുഹമ്മദ് മീര്‍, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. നാളുകളായി അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് അല്‍താഫ് ഠാക്കൂര്‍ പറഞ്ഞു. 

ബിജെപി നേതാവിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ജമ്മുകശ്മീരില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. ഇത്തരം അക്രമങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും മീറിന്റെ മരണത്തില്‍ അനുശോചിച്ചു.  

ഒരാഴ്ചയ്ക്കുള്ളില്‍ തെക്കന്‍ കശ്മീരില്‍ ഭീകരരുടെ ആക്രമണത്തിന് ഇരയാകുന്ന രണ്ടാമത്തെ രാഷ്ട്രീയക്കാരനാണ് ഗുലാം മുഹമ്മദ് മീര്‍. കഴിഞ്ഞ വ്യാഴാഴ്ച കച്ച്മുള്ളയില്‍ അബ്ദുള്‍ റഷീദ് ഭട്ട് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന് വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു. 

ഗുലാം മുഹമ്മദ് മീറിന്റെ മരണത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ നായിക് അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ മാസങ്ങളില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ട എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മരണം അന്വേഷിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സുരക്ഷാ ഭീഷണിയുള്ള അനന്ത്‌നാഗില്‍ മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അനന്ത്‌നാഗ് ലോക്‌സഭാ സീറ്റിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു ബിജെപി ജില്ലാ ഉപാധ്യക്ഷന്റ കൊലപാതകം. 

ആര്‍എസ്എസ് ജമ്മു കശ്മീര്‍ പ്രാന്ത്രസഹസേവാപ്രമുഖ് ചന്ദ്രകാന്തശര്‍മ്മ ഹിസ്ബുള്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത് കഴിഞ്ഞ മാസമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.