ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു

Monday 6 May 2019 5:22 am IST

തലശ്ശേരി: ആള്‍ത്താമസമില്ലാത്ത പറമ്പില്‍ കാട് വെട്ടിത്തെളിക്കവേ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി സ്വദേശി അരിയാന്‍ മനോജി(43) നാണ് പരിക്കേറ്റത്. 

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊളശ്ശേരി എടത്തിലമ്പലത്തിനടുത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെ പറമ്പിലെ കുറ്റിക്കാട് യന്ത്രോപകരണമുപയോഗിച്ച് വെട്ടിത്തെളിക്കുന്നതിനിടയിലാണ് അക്രമികള്‍ ഒളിച്ചുവച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ടെത്തിയ പരിസരവാസികള്‍ മനോജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശരീരത്തില്‍ തുളഞ്ഞു കയറിയ ബോംബിനുള്ളിലെ ഇരുമ്പ് ആണികള്‍ നീക്കം ചെയ്യാന്‍ ആവാത്തതിനാലാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. 

മനോജ് ഇപ്പോള്‍ തലശ്ശേരിയില്‍ തെങ്ങ് കയറ്റവും മറ്റ് കൂലി പണികളും ചെയ്ത് ലോട്ടസ് പരിസരത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നിന്നും പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ്, അഡീഷണല്‍ എസ്‌ഐ വി.കെ.പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധര്‍മ്മടത്ത് നിന്നും പോലീസ് സംഘമെത്തി. കണ്ണൂരില്‍ നിന്ന് എസ്.ഐ.പ്രകാശന്റെ നേതൃത്വത്തില്‍ എത്തിയ ബോംബ് സ്‌ക്വാഡും സംയുക്തമായി പറമ്പില്‍ തിരച്ചില്‍ നടത്തി. സ്ഥല ഉടമ  ബെംഗളൂരുവിലാണുള്ളത്. ഇവരുടെ ബന്ധു രാജേഷാണ് പറമ്പിലെ ജോലി ചെയ്യിക്കുന്നത്. ധര്‍മ്മടം പോലീസ് കേസെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.