സഹ്രാന്‍ ഹാഷിം തമിഴ്‌നാട്ടിലെത്തിയത് കടല്‍ മാര്‍ഗം

Monday 6 May 2019 8:24 am IST

കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നതിനിടയിലാകാം തമിഴ്‌നാട്ടിലേയ്ക്ക് കടന്നതെന്ന് ശ്രീലങ്കന്‍ അധികൃതര്‍.

ഹാഷിം ഇന്ത്യയിലേയ്ക്ക് ആകാശ മാര്‍ഗ്ഗമാണ് സഞ്ചരിച്ചതെന്ന് തെളിയിക്കുന്ന ഇമിഗ്രേഷന്‍ രേഖകളോ മറ്റു റെക്കോര്‍ഡുകളോ അധികൃതര്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ മാന്നാറില്‍ നിന്ന് കടല്‍ മാര്‍ഗമാകാം തമിഴ്‌നാട്ടിലേയ്ക്ക് ഇയാള്‍ കടന്നതെന്നാണ് നിഗമനമെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനായക വ്യക്തമാക്കി. ഇന്ത്യ, ശ്രീലങ്ക അന്വേഷണങ്ങളുടേയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തലുകളും കൂടി കണക്കിലെടുത്താണ് സൈനിക മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ് ചാവേറുകളാണെന്ന് ചൂണ്ടിക്കാട്ടുമ്പോഴും ശ്രീലങ്കയിലെ കിഴക്കന്‍ തീരപ്രദേശമായ ബാറ്റികോളോവയിലും പടിഞ്ഞാറന്‍ തീരപ്രദേശമായ കൊളംബോയിലും കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ചാവേറുകളുടെ പ്രധാന പ്രവര്‍ത്തന മേഖല ഈ രണ്ടു നഗരങ്ങളിലുമാണെന്നതാണ് ഇതിന് കാരണം. 

അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2018ല്‍ ഹാഷിം ബംഗളൂരുവിലും കശ്മീരിലും കേരളത്തിലെ ചില സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രദേശങ്ങളിലെ ജിഹാദുകളുമായി ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഹാഷിം ഇതിലൂടെ ശ്രമിച്ചതെന്നാണ് കരുതുന്നത്. എന്താണ് അവര്‍ ചെയ്തതെന്ന് വ്യക്തമല്ലെന്നും എന്നാല്‍ തീര്‍ത്ഥാടനമല്ലായിരുന്നു ഇവരുടെ ഉദ്ധേശമെന്ന് ഉറപ്പാണെന്നും സൈനിക മേധാവി വ്യക്തമാക്കി.

ഒമ്പത് ചാവേറുകള്‍

ഏപ്രില്‍ 21ന് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ ഒമ്പത് ചാവേറുകളാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 139 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. അതില്‍ ഏറെ പേരേയും അറസ്റ്റ് ചെയ്തു. പലരും കസ്റ്റഡയിലാണ്. ഇവരെ സിഐഡി, പോലീസ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും സെനാനായക പറഞ്ഞു. കഴിഞ്ഞ രാണ്ടാഴ്ചയ്ക്ക് മേലെയായി നാഷണല്‍ തൗഹീദ് ജമാഅത്ത്, ജമാത്തെ മിലാത്തു ഇബ്രാഹിം ഭീകര സംഘടകളിലെ പ്രദേശിക ഇസ്ലാമിസ്റ്റുകളിലെ കുറ്റവാളികളെ ചോദ്യം ചെയ്തതിലൂടെ ഇതിന് പിന്നില്‍ രണ്ട് സ്ത്രീകളടക്കം എട്ട് പേരാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഐഎസുമായും അതിന്റെ നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. 

ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി തവണ ഹാഷിം നടത്തിയ സംഭാഷണങ്ങളും സിറിയയില്‍ നിന്ന് ലഭിച്ച സന്ദേശങ്ങളേയും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിരുന്നു. ഇത് കാണിക്കുന്നത് ആക്രമണത്തിനായി പ്രദേശിക ആളുകളെ കൂടുതലായി റിക്രൂട്ട് ചെയ്യാന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക നിര്‍മ്മിത ബോബുകള്‍

ആക്രമണത്തിനായി ഉപയോഗിച്ചത് പ്രദേശികമായി നിര്‍മിച്ച സാധാരണ ബോംബുകളാണെന്ന് കണ്ടെത്തിയിരുന്നു. ടിഎടിപി അല്ലെങ്കില്‍ ട്രയാസെറ്റോണ്‍ ട്രൈപെറോസൈഡ് സാമഗ്രികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ണ സാങ്കേതികത്വമുള്ള ബോംബുകളല്ല ഇത്. ഓണ്‍ലൈന്‍ പഠനങ്ങളായും പ്രാദേശികമായും നിര്‍മ്മിച്ച ഇവയില്‍ പലതും വാഷിങ് മെഷ്യന്‍ ടൈമര്‍ ബോംബുകളായിരുന്നു. 

സ്‌ഫോടനത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷയോടൊപ്പം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും വരുന്ന റംസാന്‍, വേസക്(ബുദ്ധമതപ്രകാരമുള്ള ആഘോഷം) ആഘോഷങ്ങള്‍ സമാധാനപരമായി കൊണ്ടാടുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ലഫ്. ജനറല്‍ സേനാനായ വ്യക്തമാക്കി.

ഹാഷിം ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് സ്വന്തം ഗ്രാമത്തില്‍ വെച്ച്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.