സര്‍ക്കാര്‍ ആംബുലന്‍സുകള്‍ നോക്കുകുത്തി

Monday 6 May 2019 11:00 am IST

നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ നോക്കുകുത്തികളായി മാറുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അമിത ചാര്‍ജിന് ഓടുന്ന സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. അപകടത്തില്‍പ്പെടുന്നവരുടെയും അത്യാസന്ന നിലയിലായവരുടെയും ആശ്വാസവാക്കായ ആംബുലന്‍സുകള്‍ ഈ ഒരു സേവനത്തിന്റെ മറവില്‍ പലപ്പോഴും നിയമങ്ങള്‍ ലംഘിക്കുകയാണെന്നുള്ളതിന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യം പറയുന്നു.

വാടകയ്ക്ക് വിളിക്കുന്ന മറ്റെല്ലാ വാഹനങ്ങളുടെ നിരക്കുകള്‍ക്കും ഏകീകരണമുണ്ടെന്നിരിക്കെ സ്വകാര്യ ആംബുലന്‍സുകള്‍ തോന്നുംവിധമാണ് നിരക്കുകള്‍ ഈടാക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരം ചൂഷണങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത് 108 പോലുള്ള സര്‍ക്കാര്‍ ആംബുലന്‍സുകളാണ്. എന്നാല്‍ 108 ഒഴികെയുള്ള മറ്റ് സര്‍ക്കാര്‍ ആംബുലന്‍സുകള്‍ സ്വകാര്യന്മാരെ സഹായിക്കുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ മാസം പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ആംബുലന്‍സിനായി മണിക്കൂറോളം കാത്തു നിന്ന സംഭവം ഉണ്ടായി. ഒടുവില്‍ സ്വകാര്യ ആംബുലന്‍സിനെ ആശ്രയിച്ചാണ് തിരുവനന്തപുരത്തേക്ക് പോയത്. ആംബുലന്‍സുകളെ മറയാക്കി ചില സ്വകാര്യ ആംബുലന്‍സുകള്‍ ദുര്‍വിനിയോഗം നടത്തുന്നതായും പറയുന്നു. രോഗികള്‍ ഇല്ലാതെ പോയാലും സൈറണ്‍ മുഴക്കി ഹോണ്‍ അടിച്ച് പായുകയെന്നത് ആംബുലന്‍സുകളുടെ സ്വഭാവമായി മാറിക്കഴിഞ്ഞു. അമിതവേഗം ആംബുലന്‍സുകളെ സംബന്ധിച്ചിടത്തോളം നിയമവിരുദ്ധമല്ലാത്തതിനാല്‍ ഈയൊരു ആനുകൂല്യം പലപ്പോഴും മുതലെടുപ്പിന് വഴിയൊരുക്കുന്നുണ്ട്.

അലറിപ്പാഞ്ഞ് വരുന്ന ആംബുലന്‍സിനെ സംശയത്തിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുമ്പോള്‍ നിരത്തിലെ നിയമങ്ങള്‍ പലതും ലംഘിച്ചാണ് ഇവയില്‍ മിക്കതും പായുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കു ബാഡ്ജ് നിര്‍ബന്ധമാണ്. എന്നാല്‍ സ്വകാര്യ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചെറുപ്പക്കാരായ പല ഡ്രൈവര്‍മാര്‍ക്കും ലൈസന്‍സോ ബാഡ്ജോ ഉണ്ടോ എന്ന കാര്യം സംശയമാണ്. ഇവര്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പോലും ലഭ്യമല്ല. പരിശോധകരുടെ പരിമിതി മുതലെടുക്കുകയാണ് ഈ മേഖലയിലെ ചില ഡ്രൈവര്‍മാരും ആംബുലന്‍സ് നടത്തിപ്പുകാരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.