വരുന്നൂ... വൈദ്യുതി റോ- റോ

Monday 6 May 2019 12:05 pm IST

മട്ടാഞ്ചേരി: വൈദ്യുതി ഓട്ടോയ്ക്കും ബസ്സിനും പിന്നാലെ വൈദ്യുതി റോ- റോയുമെത്തുന്നു. ജലഗതാഗത മേഖലയില്‍ വാഹനകടത്തിനായുള്ള റോള്‍ ഓണ്‍ റോള്‍ ഓഫ് വെസ്സലാണ് വൈദ്യുതി സംവിധാന പ്രവര്‍ത്തനവുമായി നീറ്റിലിറക്കുന്നത്. അടുത്തവര്‍ഷത്തോടെ ആദ്യവൈദ്യുതി റോ- റോ വെസ്സല്‍ നീറ്റിലിറക്കാനാണ് ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ഇ - റോ-റോ വിജയകരമാണങ്കില്‍ മറ്റു പ്രദേശങ്ങളിലേയ്ക്കും, ചരക്ക് കടത്ത് അടക്കമുള്ള യാന സംവിധാനത്തിലേയ്ക്കും പരിവര്‍ത്തനം ചെയ്യാനുമാണ് അധികൃതരുടെ ആലോചന. ജലസ്രോതസ്സുകളെ പരിസ്ഥിതി സൗഹൃദമാക്കാനും മലിനീകരണ മുക്തമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. 

നിര്‍മാണ ചെലവില്‍ നേരിയ വര്‍ധനവുണ്ടാകുമെങ്കിലും തുടര്‍ പ്രവര്‍ത്തന ചെലവി ലെ കുറവ് ഇ- റോ റോയുടെ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ജലയാന യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വൈദ്യുതി- റോ റോ നിര്‍മ്മാണമെന്നാണ് ജലഗതാഗത വകുപ്പധികൃതര്‍ പറയുന്നത്. കൊച്ചി സര്‍വ്വകലാശാല പുതിയ സംവിധാനത്തിന്റെ വിവിധ വശങ്ങളെകുറിച്ചുള്ള പഠനങ്ങള്‍ നടത്തി. 

ഏഴ് മുതല്‍ ഒന്‍പത് കോടി രൂപയാണ് ഒരു റോ-റോ വെസ്സലിന് ചെലവ് പ്രതീക്ഷിക്കുന്നത്. വൈക്കം- തവണക്കടവ് കടത്ത് മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ സര്‍വ്വീസ് നടത്തുക. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമാണിവിടെയുള്ളത്. ജെട്ടികളില്‍ വൈദ്യുതി ചാര്‍ജ്ജിങ്ങ് സംവിധാനമെര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ യാനങ്ങള്‍ വൈദ്യുതീകരിക്കാനും, സൗരോര്‍ജ്ജ സംവിധാനത്തിലാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.