ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട

Monday 6 May 2019 11:57 am IST

കൊച്ചി: കൊച്ചി നഗരത്തിലും ആലുവയിലും പോലീസും എക്‌സൈസും നടത്തിയ പരിശോധനകളില്‍ നിന്നും പിടികൂടിയത് 20.5കിലോ കഞ്ചാവ്. ഓപ്പറേഷന്‍ കിങ് കോബ്രയുടെ ഭാഗമായി നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 16 കിലോ കഞ്ചാവുമായി മുന്‍ കേരള ഫുട്ബോള്‍ താരമുള്‍പ്പെടെ രണ്ട് പേരാണ് പിടിയിലായത്. 

മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഷെഫീഖ്(24), ഫിറോസ്(24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും പിടികൂടിയത്. ആന്ധ്ര വിജയവാഡയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിച്ച, കഞ്ചാവ് നഗരത്തിലെ മൊത്തക്കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനായി കലൂരിലെത്തിയതായിരുന്നു ഇരുവരും. കഞ്ചാവ് എത്തിച്ച് നല്‍കുന്നതിന് 10000 രൂപയായിരുന്നു ഇവരുടെ പ്രതിഫലം. ഷെഫീഖ് 2017 കേരള ഫുട്ബോള്‍ അണ്ടര്‍ 19 ടീമിലും ഫിറോസ് പാലക്കാട് ജില്ലാ ഫുട്ബോള്‍ അണ്ടര്‍ 16 ടീമിലും കളിച്ചിരുന്നു. മുമ്പും ഇത്തരത്തില്‍ ഇവര്‍ വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായി പോലീസ് പറഞ്ഞു. നഗരത്തില്‍ കഞ്ചാവെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പേലീസ് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

ആലുവയില്‍ എക്‌സൈസ് പരിശോധനയില്‍ നാലര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് കാസര്‍കോട് സ്വദേശി അബ്ദുള്‍ റസാഖ് (34), ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ഇടക്കൊച്ചി പള്ളുരുത്തി സഫലി ജുമാമസ്ജിദ് പരോടത്ത്പറമ്പ് അഷ്‌കര്‍ (32) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ റസാഖിക്കില്‍ നിന്ന് 3.25 കിലോയും അഷ്‌കറില്‍ നിന്ന് 1.25 കഞ്ചാവും പിടിച്ചെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.