ഒന്നും പറയാനില്ല...മനോജാണ് മലയോര നാട്ടിലെ താരം

Monday 6 May 2019 6:49 pm IST

പത്തനാപുരം :വര്‍ണങ്ങളില്‍ വിസ്മയം തീര്‍ത്ത് വിധിയെ വെല്ലുവിളിച്ച് യുവ കലാകാരന്‍  ശ്രദ്ധേയനാകുന്നു. വിധിയേല്‍പ്പിച്ച പ്രഹരങ്ങളോട് മല്ലിട്ട് മനോജ് നേടിയ കരവിരുത് ഇന്ന് ആരെയും അമ്പരപ്പിക്കും.  തോല്‍ക്കാതെ പൊരുതി ജയിക്കാനുള്ള നിശ്ചയ ദാര്‍ഡ്യമാണ് ഈ യുവാവിനെ വേറിട്ടുനിര്‍ത്തുന്നത്. ചായക്കൂട്ടുകള്‍ കൊണ്ട് ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചാണ് യുവാവ് തന്റെ കലാവിരുത് പ്രകടിപ്പിക്കുന്നത്.

ഇളമ്പല്‍ സര്‍ക്കാര്‍ എല്‍ പി സ്‌ക്കൂളിന്റെ ചുമരുകളെല്ലാം വര്‍ണ്ണങ്ങളും ചിത്രങ്ങളും കൊണ്ട് മനോഹരമാക്കുകയാണ് പത്തനാപുരം ചേകം മഞ്ചുവിലാസത്തില്‍ മനോജ്കുമാര്‍ (35) എന്ന ചെറുപ്പക്കാരന്‍. ജന്മനാ തന്നെ വലത് കൈ നഷ്ടപ്പെട്ട യുവാവ് സ്‌കൂള്‍  പഠനകാലം മുതല്‍ ചിത്രരചന ആരംഭിച്ചതാണ്. തുടര്‍ന്ന് പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം കൊട്ടാരക്കര രവിവര്‍മ്മ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ ചിത്രകല അഭ്യസിച്ചു. വാഹനങ്ങളുടെ നമ്പര്‍ ബോര്‍ഡുകളും വാഹനങ്ങളിലെ ചിത്രങ്ങളും വരച്ചാണ് തുടക്കം.ഇതിനിടെ 7 വര്‍ഷം മുന്‍പ് ചുമരെഴുത്ത് ആരംഭിച്ചു.

തെരഞ്ഞെടുപ്പിനും രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും ചുമരെഴുത്ത് ആരംഭിച്ചതോടെ തിരക്ക് ആരംഭിച്ചു. പൂര്‍ണ്ണമായും ഇടതുകൈ കൊണ്ടാണ് ചിത്രങ്ങളെല്ലാം വരയ്ക്കുന്നത്. നിരവധി പ്രമുഖവ്യക്തികളും കലാരൂപങ്ങളും പുനലൂര്‍ തൂക്കുപാലവും, ജഡായുപാറയും ,കൊല്ലം ലൈറ്റ് ഹൗസുമെല്ലാം മനോജ് ഇളമ്പല്‍ സ്‌ക്കൂളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  ഇപ്പോള്‍ വിളക്കുടി ഗവ. യു.പി സ്‌കൂളിലും ചിത്രം വരച്ച് വരികയാണ് . ഇനാമലും ഓയില്‍ പെയിന്റും കൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. 

നാല് ദിവസം ഉണ്ടെങ്കില്‍ ഒരു ചിത്രം പൂര്‍ത്തികരിക്കാന്‍ കഴിയൂ. പെന്‍സില്‍ കൊണ്ട് ഔട്ട്‌ലൈന്‍ തയ്യാറാക്കും അതിന് ശേഷം ഓയില്‍ പെയിന്റ് കൊണ്ട് വരയ്ക്കുകയും ചിത്രത്തില്‍ ചായം നിറയ്ക്കുകയും ചെയ്യും.കാലപഴക്കം കൊണ്ട് തെളിമ മങ്ങാതെയിരിക്കാന്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ പെയിന്റിന്റെ ഒരു ആവരണവും പൂശും.നിരവധി ആളുകളാണ് മനോജ് വരയ്ക്കുന്ന ചിത്രങ്ങള്‍ കാണുന്നതിനായി ഇളമ്പലിലേയും,വിളക്കുടിയിലേയും   സര്‍ക്കാര്‍ സ്‌ക്കൂളിലേക്ക്  എത്തുന്നത്. രഞ്ചുവാണ് മനോജിന്റെ ഭാര്യ. നിസാമോള്‍, മെസ്സി എന്നിവര്‍ മക്കളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.