ക്ലാസിക് ക്ലാഷ്

Tuesday 7 May 2019 4:16 am IST

ചെന്നൈ: കലാശപ്പോരാട്ടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഇറങ്ങുന്നു. ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ക്വാളിഫയര്‍ ഒന്നില്‍ ധോണിയുടെ ചെന്നൈ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് കളിതുടങ്ങും.

ഇന്ന് ജയിക്കുന്ന ടീം ഫൈനലിലെത്തും. തോല്‍ക്കുന്ന ടീമിന് ഫൈലിലെത്താന്‍ മറ്റൊരു അവസരം കൂടി ലഭിക്കും. നാളെ നടക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരത്തില്‍ ജയിക്കുന്ന ടീമും ക്വാളിഫയര്‍ ഒന്നില്‍ തോറ്റ ടീമും രണ്ടാം ക്വാളിയഫയറില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികളും കലാശക്കളിക്ക് അര്‍ഹത നേടും. മെയ് 12നാണ് കലാശപ്പോരാട്ടം.

പതിനാല് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ലീഗില്‍ ഒന്നാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തിയത്. ചെന്നൈക്കും പതിനെട്ട് പോയിന്റ് ലഭിച്ചെങ്കിലും റണ്‍റേറ്റില്‍ അവര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മൂന്ന് തവണവീതം ഐപിഎല്‍ കിരീടം ചൂടിയ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും.

മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി നയിക്കുന്ന ചെന്നൈയുടെ തുടക്കം ഗംഭീരമായിരുന്നു. വിജയങ്ങള്‍ നേടി കുതിച്ച അവര്‍ അവസാന ലീഗ് മത്സരത്തില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനോട് തോറ്റു.

ഐപിഎല്ലില്‍ ചെന്നൈയുടെ ഏറ്റവും വലിയ എതിരാളികളാണ് മുംബൈ. ലീഗ് മത്സരങ്ങളില്‍ രണ്ട് തവണ ഈ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ് വിജയം നേടിയത്. പക്ഷെ സ്വന്തം തട്ടകത്തിലാണ് കളിയെന്നത് ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്നത്. ആരാധകരുടെ പിന്തുണയില്‍ ജയം നേടാമെന്ന പ്രതീക്ഷയിലാണ് ധോണിപ്പട. 

ഈ സീസണില്‍ ചെന്നൈക്ക് സ്വന്തം തട്ടകത്തില്‍ മികച്ച റെക്കോഡാണുളളത്. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഏഴു ഹോംമാച്ചുകളില്‍ ആറിലും ചെന്നൈ വിജയക്കൊടി നാട്ടി.

ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡ്യ, ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹാര്‍ എന്നിവര്‍ അണിനിരക്കുന്ന മുംബൈയുടെ ബൗളിങ്ങ് നിര ശക്തമാണ്. ചെന്നെയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മുംബൈയുടെ ബൗങ്ങിനെ അടിച്ചുനിരത്തിയാല്‍ ആതിഥേയര്‍ക്ക് വിജയം നേടാനാകും.

ഈ സീസണില്‍ ചെന്നൈക്കായി കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ നായകന്‍ ധോണിയാണ്. 12 മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറിയടക്കം 368 റണ്‍സ് നേടി. ഫാ ഡുപ്ലെസിസ്, സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരാണ് ബാറ്റിങ്ങ് നിരയിലെ മറ്റ് പ്രമുഖര്‍. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേദാര്‍ ജാദവിന്റെ സേവനം ഈ മത്സരത്തില്‍ ചെന്നൈക്ക് ലഭിക്കില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് കാരണം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് മുംബൈയുടെ ബാറ്റിങ്ങ് നിരയിലെ കരുത്തര്‍. ഇത് വരെ നടന്ന മത്സരങ്ങളില്‍ ഡികോക്ക് 492 റണ്‍സും ശര്‍മ 386 റണ്‍സും നേടിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ 380 റണ്‍സും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.