തമ്മിലടിച്ച് ആപ്പും കോണ്‍ഗ്രസും

Tuesday 7 May 2019 5:56 am IST

ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലെയും വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല. തലസ്ഥാനനഗരിയില്‍ അതിശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് ഇത്തവണയും ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. 2014ല്‍ 46.40 ശതമാനം വോട്ടോടെ ഏഴു മണ്ഡലങ്ങളിലും താമര വിരിയിച്ച ബിജെപി ഇത്തവണ വോട്ടിംഗ് ശതമാനം കൂടുതല്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. സിറ്റിംഗ് എംപിമാരില്‍ ആറുപേരെയും നിലനിര്‍ത്തിയ ബിജെപി കിഴക്കന്‍ ദല്‍ഹിയില്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെയാണ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്. മെയ് 12ന് നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പിലാണ് ദല്‍ഹി പോളിംഗ് ബൂത്തിലെത്തുക.

ചാന്ദ്‌നി ചൗക്ക്: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനാണ് ചാന്ദ്‌നി ചൗക്കില്‍നിന്നുള്ള നിലവിലെ ലോക്‌സഭാംഗം. ദല്‍ഹിക്കാര്‍ ബഹുമാനത്തോടെ ഡോക്ടര്‍സാബ് എന്ന് വിളിക്കുന്ന ഹര്‍ഷവര്‍ദ്ധന്‍ ഇത്തവണയും ഇവിടെ ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസിന്റെ ജെ.പി. അഗര്‍വാളും ആപ്പിന്റെ പങ്കജ്കുമാര്‍ ഗുപ്തയുമാണ് എതിരാളികള്‍. 1.16 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ 4.38 ലക്ഷം വോട്ട് വാങ്ങി ആപ്പിന്റെ അശുതോഷിനെ പരാജയപ്പെടുത്തിയായിരുന്നു ഹര്‍ഷവര്‍ദ്ധന്‍ 2014ല്‍ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷനും ഭോജ്പുരി നടനുമായ മനോജ് തിവാരിയാണ് നിലവിലെ എംപി. മനോജ് തിവാരി തന്നെയാണ് ഇത്തവണയും ബിജെപി ടിക്കറ്റില്‍ ഇവിടെ മത്സരിക്കുന്നത്. ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മനോജ് തിവാരിയുടെ 2014ലെ വിജയം. മൂന്നുവട്ടം ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതാണ് നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ദിലീപ് പാണ്ടെ ആപ്പ് ടിക്കറ്റിലും മത്സരിക്കുന്നു. യുപി, ബിഹാര്‍ സ്വദേശികള്‍ കൂടുതലായുള്ള മണ്ഡലത്തില്‍ മനോജ് തിവാരിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകവും അതു തന്നെ. 

ന്യൂദല്‍ഹി: സിറ്റിംഗ് എംപിയായ തീപ്പൊരി നേതാവ് മീനാക്ഷി ലേഖി തന്നെയാണ് ഇത്തവണയും ഇവിടെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. 1.63 ലക്ഷം ആയിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമെങ്കില്‍ ഇത്തവണ രണ്ടുലക്ഷം ഉറപ്പാണെന്ന് മീനാക്ഷി ലേഖി ജന്മഭൂമിയോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും ആപ്പിന്റെ ബ്രിജേഷ് ഗോയലുമാണ് മറ്റു പ്രധാന സ്ഥാനാര്‍ത്ഥികള്‍. 2014ലും മാക്കന്‍ ഇവിടെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

നോര്‍ത്ത് വെസ്റ്റ് ദല്‍ഹി: ഒരുലക്ഷത്തിനടുത്ത് വോട്ട് നേടി ഡോ. ഉദിത്‌രാജ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച സംവരണ മണ്ഡലമാണിത്. എന്നാല്‍ ഇത്തവണ ടിക്കറ്റ് ഗായകന്‍ ഹന്‍സ്‌രാജ് ഹന്‍സിനാണ്. ഇതില്‍ പ്രതിഷേധിച്ച് ഉദിത്‌രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ രാജേഷ് ലിലോതിയയും ആപ്പിന്റെ ഗഗന്‍സിങ് രംഗയുമാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍. 

വെസ്റ്റ് ദല്‍ഹി: സിറ്റിംഗ് എംപിയായ പര്‍വേശ് വര്‍മ്മയാണ് ഇത്തവണയും ബിജെപി ടിക്കറ്റില്‍ പടിഞ്ഞാറന്‍ ദല്‍ഹിയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മൂന്നുലക്ഷത്തിനടുത്തായിരുന്നു ഭൂരിപക്ഷം. ഇത്തവണയും സമാനമായ വലിയ വിജയമാണ് പര്‍വേശ് വര്‍മ്മ പ്രതീക്ഷിക്കുന്നത്. ആപ്പിന്റെ ബല്‍ബീര്‍ ജഖറും കോണ്‍ഗ്രസിന്റെ മഹാബല്‍ മിശ്രയുമാണ് മത്സര രംഗത്തുള്ളത്. ബിജെപിക്ക് ഏറ്റവും മികച്ച വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പടിഞ്ഞാറന്‍ ദല്‍ഹി.

സൗത്ത് ദല്‍ഹി: മലയാളി-തെക്കേന്ത്യന്‍ വോട്ടര്‍മാര്‍ അധികമുള്ള മണ്ഡലമായ സൗത്ത് ദല്‍ഹിയില്‍ നിലവിലെ എംപിയായ രമേശ് ബിധൂരിയെയാണ് ഇത്തവണയും ബിജെപി മത്സരിപ്പിക്കുന്നത്. 2014ല്‍ ലഭിച്ച ഒരുലക്ഷത്തിന്റെ ഭൂരിപക്ഷം നിലനിര്‍ത്താനാവുമെന്നാണ് ബിജെപി പ്രതീക്ഷ. ബോക്‌സിംഗ് താരം വിജേന്ദര്‍സിങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രാഘവ്ഛന്ദ ആപ്പ് ടിക്കറ്റിലും മത്സരിക്കുന്നു. 

ഈസ്റ്റ് ദല്‍ഹി: ഒന്നരലക്ഷത്തോളം മലയാളി വോട്ടര്‍മാരുള്ള മണ്ഡലമാണ് തെക്കന്‍ ദല്‍ഹി. സിറ്റിംഗ് എംപിയായ മഹേഷ് ഗിരിയെ മാറ്റി ക്രിക്കറ്റ് താരമായ ഗൗതം ഗംഭീറിനെയാണ് ഇത്തവണ ബിജെപി പരീക്ഷിക്കുന്നത്. 2014ല്‍ രണ്ടു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി ഇത്തവണ അതിലേറെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. അരവിന്ദ് സിങ് ലൗലി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ആതിഷി മര്‍ലേന ആപ്പ് ടിക്കറ്റിലും ഇവിടെ മത്സരിക്കുന്നുണ്ട്. 

ബീഹാര്‍, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ വിധി നിര്‍ണ്ണയിക്കുന്ന ദല്‍ഹി തെരഞ്ഞെടുപ്പുകളില്‍ രണ്ടു മണ്ഡലങ്ങളിലെങ്കിലും മലയാളി വോട്ടര്‍മാരുടെ സാന്നിധ്യം സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും അവഗണിക്കാനാവില്ല. കിഴക്കന്‍ ദല്‍ഹിയിലും തെക്കന്‍ ദല്‍ഹിയിലുമാണ് മലയാളി വോട്ടുകള്‍ നിര്‍ണ്ണായകം. ദില്‍ഷാദ് ഗാര്‍ഡന്‍ മുതല്‍ മയൂര്‍ വിഹാര്‍ ഫേസ് വണ്‍, ഫേസ് റ്റു, ഫേസ് ത്രി, ലക്ഷ്മി നഗര്‍, സരിത വിഹാര്‍, ആശ്രം, ഓഖ്‌ല വരെയുള്ളള മലയാളി ഏരിയകള്‍ കിഴക്കന്‍ ദല്‍ഹിയില്‍ വിധിയെ സ്വാധീനിക്കും. 

 ആറു ലക്ഷത്തോളം മലയാളികളാണ് ദല്‍ഹിയിലുള്ളതെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം പേര്‍ക്ക് ദല്‍ഹിയില്‍ വോട്ടുള്ളവരാണ്. കോണ്ട്‌ലി അടക്കമുള്ള 25 നിയമസഭാ മണ്ഡലങ്ങളില്‍ അയ്യായിരം മുതല്‍ പതിനയ്യായിരം വരെ മലയാളി വോട്ടുകളുണ്ടെന്നാണ് ബിജെപി സൗത്ത് ഇന്ത്യന്‍ സെല്ലിന്റെ കണക്ക്. ഇതില്‍ കിഴക്കന്‍ ദല്‍ഹിയില്‍ ഏകദേശം ഒന്നരലക്ഷത്തോളം മലയാളി വോട്ടുകളും സൗത്ത് ദല്‍ഹിയില്‍ ഒരുലക്ഷത്തോളം വോട്ടുകളുമുണ്ട്. 

മലയാളി വോട്ടര്‍മാര്‍ക്കായി ബിജെപി ഇത്തവണ കാര്യമായിതന്നെ അധ്വാനം നടത്തിയിട്ടുണ്ട്. ബിജെപിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെല്ലാം ദിവസങ്ങളായി ദല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനത്തിലാണ്. വി. മുരളീധരന്‍ എംപി, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്ര ന്‍, ശോഭ സുരേന്ദ്രന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ്‌ഗോപി എംപി എന്നിവരെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി ജനസഭകളില്‍ പ്രസംഗിച്ചുകഴിഞ്ഞു. മുമ്പില്ലാത്തവിധം തെക്കേന്ത്യന്‍ വോട്ടുകളില്‍ ദല്‍ഹിയില്‍ ബിജെപി കാര്യമായി ലക്ഷ്യമിടുന്നു എന്നതാണ് ശ്രദ്ധേയം. കേരള നേതാക്കള്‍ പങ്കെടുത്ത പരിപാടികളിലെ ജനബാഹുല്യം ബിജെപിയുടെ ഈ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരായ വിശ്വാസ സമൂഹത്തിന്റെ പ്രതിഷേധത്തിന്റെ അലയൊലികള്‍ കേരളത്തിന് പുറത്ത് ഏറ്റവുമധികം മുഴങ്ങിക്കേട്ട സ്ഥലമാണ് ദല്‍ഹി. അതിനാല്‍തന്നെ ദല്‍ഹിയിലെ മലയാളി വോട്ടുകളെയും ശബരിമല അടക്കമുള്ള വിഷയങ്ങള്‍ സ്വാധീനിക്കുമെന്നുറപ്പാണ്. 

ഒന്നരക്കോടി വോട്ടര്‍മാരില്‍ 80-85 ലക്ഷം പേരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഇതില്‍ 35-40 ലക്ഷം വോട്ടുകള്‍വരെ ബിജെപിക്ക് അനുകൂലമായി വീഴുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. അങ്ങനെയങ്കില്‍ 2014ന് സമാനമായി ഏഴു മണ്ഡലങ്ങളിലും താമര തന്നെ വിരിയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.