ദേവസ്വം ബോര്‍ഡുകള്‍ എന്ന കടല്‍ക്കിഴവന്‍

Tuesday 7 May 2019 3:04 am IST

കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങള്‍ ഭരിക്കാന്‍ സ്വയംഭരണാവകാശത്തോടെ സൃഷ്ടിച്ച സ്ഥാപനങ്ങളാണ് ദേവസ്വം ബോര്‍ഡുകള്‍. എന്നാല്‍ ഹിന്ദുക്കളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ തടസ്സം ഈ ബോര്‍ഡുകളാണ്. ഇവയെ ഇല്ലാതാക്കിയാല്‍ ഒരു പുതിയ നവോത്ഥാനത്തിന് തുടക്കമിടാം. അത് കേരളത്തിലെ എല്ലാ മതവിശ്വാസികള്‍ക്കും ഗുണകരമാവും. 

ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തങ്ങളെ വഞ്ചിച്ചുവെന്ന് ഹിന്ദുമതവിശ്വാസികള്‍ പറയുന്നു. പക്ഷേ അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ ചേര്‍ന്ന് ചെയ്യുന്ന ദ്രോഹത്തിന്റെ ശരിയായ ആഴം അവര്‍ക്ക് മനസ്സിലായിട്ടില്ല. ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥയ്ക്കുള്ള പ്രധാന കാരണം അവയാണ്. 

ഒരു മതവിഭാഗത്തിന്റെ പൊതുസമ്പത്ത് വരുന്നത് അവരുടെ ആരാധനാലയങ്ങളില്‍ നിന്നാണ്. ആരും സമ്മതിച്ചില്ലെങ്കിലും അതാണ് സത്യം. അങ്ങനെ വരുന്ന പണംകൊണ്ട് സമുദായത്തിന്റെ വക സ്ഥാപനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുക. എത്ര സ്‌കൂളുകളും കോളേജുകളും ആശുപത്രികളുമാണ് ക്രിസ്തുമത വിശ്വാസികള്‍ നടത്തുന്നത്. മുസ്ലീങ്ങളും ഇതുപോലെയുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ. (ഈവിഷയത്തില്‍ ക്രിസ്ത്യന്‍, മുസ്ലീം സഹോദരന്മാരുടെ പേരില്‍ യാതൊരു പരാതിയുമില്ല. അനേകം ഹിന്ദുക്കള്‍ അവരുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍ ആണ്.) എന്നാല്‍ ഇതുപോലെ കാര്യമായ ഒരുനേട്ടവും ഹിന്ദുസമൂഹത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇങ്ങനെ സംഭവിച്ചത് ഹിന്ദുക്കള്‍ മടിയന്മാരായതുകൊണ്ടോ മറ്റുവിശ്വാസികള്‍ കൂടുതല്‍ മിടുക്കന്മാരായതുകൊണ്ടോ അല്ല. പള്ളികളില്‍നിന്നും മറ്റു മതസ്ഥാപനങ്ങളില്‍ നിന്നും ഉള്ള വരുമാനം സ്വരുക്കൂട്ടി ന്യൂനപക്ഷവിഭാഗങ്ങള്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നു. ഹൈന്ദവരുടെ ക്ഷേത്രങ്ങളിലെ വരുമാനം ദേവസ്വം ബോര്‍ഡുകള്‍ കൊണ്ടുപോകുന്നു. അതാണ് വ്യത്യാസം. 

ദേവസ്വം മന്ത്രിയുടെ പ്രസ്താവന അനുസരിച്ച് 2017-2018കാലത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ മൊത്തം വരുമാനം 683കോടി രൂപ ആയിരുന്നു. ചെലവ് 678കോടിയും. ഇതില്‍ 475 കോടി രൂപ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുംവേണ്ടി ചെലവാക്കി. അതായത് വരുമാനത്തിന്റെ 70 ശതമാനം. ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിനായി ചെലവാക്കിയത് എത്രയാണെന്ന് വ്യക്തമാണല്ലോ. 

വിദ്യാഭ്യാസം പ്രത്യേകിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസം ആണ് വളര്‍ച്ച പ്രാപിച്ച ഒരു ആധുനിക സമൂഹത്തിന്റെ അടിത്തറ. ഉദാഹരണത്തിന് നമ്മുടെ ക്രിസ്ത്യന്‍ സമൂഹത്തെ തന്നെ എടുക്കാം. കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് മാത്രമാണ് അവരുടെ എണ്ണം. എന്നാല്‍ സമസ്ത മേഖലകളിലും അവര്‍ കൈവരിച്ചിട്ടുള്ള നേട്ടം സ്തുത്യര്‍ഹമാണ്. അതിന്റെ അടിത്തറ ആദ്യം മിഷനറിമാരും പിന്നീട് പള്ളികളും ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. 

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ വളര്‍ച്ചയാണ് ഉണ്ടായത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം എത്രമാത്രം മെഡിക്കല്‍, ഡെന്റല്‍, എഞ്ചിനീയറിംഗ് കോളേജുകളാണ് സ്ഥാപിക്കപ്പെട്ടത്. അവയില്‍ പകുതിയിലേറയും ന്യൂനപക്ഷങ്ങളുടെ വകയാണ്. 

ഈ വളര്‍ച്ച് സന്തോഷകരം തന്നെ എന്ന് തോന്നാം പക്ഷേ ചില കോടതിവിധികള്‍ (TMA Pai and others) ഇടിത്തീപോലെയാണ് ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ മേല്‍പതിച്ചത്. ഇവ അനുസരിച്ച് ഈ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റുകള്‍ നിര്‍ബന്ധമായും അവ നടത്തുന്ന വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മെറിറ്റ്, എന്‍ആര്‍ഐ തുടങ്ങിയ ക്വാട്ടകളിലും സീറ്റുകള്‍ ലഭിക്കും. അതായത് ഹൈന്ദവര്‍ക്ക് ഈ കോളേജുകള്‍കൊണ്ടുള്ള ഗുണം തുച്ഛം. 

ഉദാഹരണത്തിന് മെഡിക്കല്‍ കോളേജുകള്‍. ഇവയില്‍ പകുതിയിലേറെയും ന്യൂനപക്ഷ സ്ഥാപനങ്ങളാണ്. ഇവയ്ക്ക് കോടതിവിധിയെ മാനിക്കാതെ നിവൃത്തിയില്ല. ചില കോളേജുകള്‍ സര്‍ക്കാരിന് കൊടുക്കേണ്ട പകുതി സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറുമല്ല. ഒരു കോളേജ് 100ല്‍ 70സീറ്റുകളില്‍ കൂടുതല്‍ ഒരു മതവിഭാഗത്തിന് 2018-19ല്‍ അനുവദിച്ചു. (ഈവിവരം അവരുടെ വെബ്‌സൈറ്റില്‍ ഉണ്ട്). ഇതില്‍നിന്ന് കേരളത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ എത്രശതമാനം ഹിന്ദുക്കള്‍ ഉണ്ടെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 

ഹൈന്ദവര്‍ നടത്തുന്ന കുറേയെറെ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടെന്ന് വയ്ക്കുക. എന്നാലും വലിയ പ്രയോജനം ഒന്നും ഇല്ല. കാരണം, അവയില്‍ പകുതി സീറ്റുകള്‍ ഹിന്ദുക്കള്‍ക്ക് റിസര്‍വ്വ് ചെയ്യണം എന്ന നിയമമോ കോടതിവിധിയോ ഇല്ല. 

സമ്പന്നമെങ്കിലും തളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലെ ഹിന്ദുക്കള്‍. ഒരു ടൈംസ് ഓഫ് ഇന്ത്യ(4-9-2012) റിപ്പോര്‍ട്ട് അനുസരിച്ച് ദേവസ്വം ബോര്‍ഡുകളുടെ അക്കാലത്തെ വാര്‍ഷിക വരുമാനം 1000 കോടി രൂപ ആയിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റേതുമാത്രം 400 കോടിയും. 

സാമ്പത്തിക വളര്‍ച്ച ഏറെയുണ്ടായ തുടര്‍ന്നുള്ള ഏഴെട്ടുവര്‍ഷങ്ങളില്‍ 25ശതമാനം വളര്‍ച്ചയെങ്കിലും ക്ഷേത്രവരുമാനത്തില്‍ ഉണ്ടായിരിക്കണം. അതായത് ഇപ്പോള്‍ 1250 കോടി രൂപയെങ്കിലും ദേവസ്വം ബോര്‍ഡുകളുടെ കൈവശം വന്നുചേരുന്നുണ്ടാവണം. യാതൊരു വരുമാനവും ഇല്ലാത്ത ക്ഷേത്രങ്ങള്‍ 3000ല്‍ ഏറെ ഉണ്ടാവില്ല. അവയ്ക്ക് ഒരുവര്‍ഷം 6ലക്ഷം രൂപവീതം കൊടുത്താല്‍ 180 കോടി ചിലവാകും. സമ്പന്നക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കായി 200 കോടി മാറ്റിവച്ചാലും 800 കോടിയിലേറെ രൂപ നീക്കിയിരിപ്പ് ഉണ്ടാകും. ഇതുവരെ ബോര്‍ഡുകള്‍ തിന്നുമുടിച്ച മൊത്തംതുക കണക്ക് കൂട്ടി നോക്കൂ.

ഇനിയുള്ള ചോദ്യം, എങ്ങനെ ഈ പണം ചെലവ് ചെയ്യണം എന്നുള്ളതാണ്. സര്‍ക്കാര്‍ വകുപ്പുകള്‍പോലെ അഴിമതിനിറഞ്ഞ ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനുമായി വീതിച്ച് കൊടുക്കണോ അതോ ഹിന്ദുസമൂഹത്തിന്റെ പൊതുനന്മയ്ക്കായി മാറ്റിവയ്ക്കണോ. തീര്‍ച്ചയായും അത് ഹിന്ദുസമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കണം. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രഭരണം ഹിന്ദുജനതയോട് പ്രതിബദ്ധതയുള്ള ട്രസ്റ്റുകളെ ഏല്‍പ്പിക്കണം. ക്ഷേത്രധനംകൊണ്ട് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണിതുയര്‍ത്തണം. ഗുരുവായൂരപ്പന്‍ മെഡിക്കല്‍ കോളേജും സ്വാമി അയ്യപ്പന്‍ എഞ്ചിനീയറിംഗ് കോളേജുകളും ഉണ്ടാവണം. അവകൊണ്ട് മറ്റുവിതവിഭാഗങ്ങള്‍ക്കും ഗുണം ഉണ്ടാവും. 

ഇതുകൊണ്ട്മാത്രം ആയില്ല. കോളേജുകള്‍ വരുന്നതോടൊപ്പം ഭൂരിപക്ഷസമുദായത്തിന് 50 ശതമാനം റിസര്‍വ്വേഷന്‍ കിട്ടാന്‍ വേണ്ടതായ നിയമനിര്‍മ്മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് നടത്തിക്കണം. 

ഇതിന്റെ ആദ്യപടിയായി സര്‍ക്കാരിന്റെ ഹൈന്ദവ സംരക്ഷണം അവസാനിപ്പിച്ച് ദേവസ്വം ബോര്‍ഡുകളെ പിരിച്ച് വിടണം. ഇപ്പോള്‍ നടക്കുന്നത് എന്താണ്. ഈ ബോര്‍ഡുകളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ സര്‍ക്കാര്‍ നോമിനികള്‍ ആണ്. അതായത് രാഷ്ട്രീയക്കാര്‍. പലപ്പോഴും നിരീശ്വരവാദികള്‍. 

നമ്മുടെ കൂട്ടത്തിലെ ചില മതേതരര്‍ ക്ഷേത്രങ്ങളുടെ പ്രയോജനത്തെ ചോദ്യം ചെയ്യുന്നവരാണ്. പുരോഗമനവാദികളുടെ ചിന്ത ക്ഷേത്രവിശ്വാസത്തേക്കാള്‍ വളരെ ഉയരത്തില്‍ ആയിരിക്കണമല്ലോ. അവര്‍ ഒന്നോര്‍ക്കണം. നിങ്ങളോ നിങ്ങളുടെ കുട്ടികളോ പ്രൊഫഷണല്‍ കോളേജ് പ്രവേശനത്തിന് ചെല്ലുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടതനോ വലതനോ എന്ന ചോദ്യം ആയിരിക്കില്ല. നിങ്ങള്‍ ഹിന്ദുവോ, ക്രിസ്ത്യനോ, മുസ്ലീമോ ഏതാണ് എന്നായിരിക്കും ചോദ്യം. വീട്ടുചോറുള്ളവനേ വിരുന്ന് ചോറുള്ളൂ. അരക്ഷിതാവസ്ഥ നേരിടുന്ന ഒരു ന്യൂനപക്ഷം മതേതരത്തിന് ഹാനികരമാണ്. അതിലും വലിയ ഭീഷണിയാണ് അവകാശങ്ങള്‍ നിഷേധി്ക്കപ്പെട്ട ഒരു ഭൂരിപക്ഷസമുദായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.