പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേടെന്ന് ഇന്റലിജന്‍സ് സ്ഥിരീകരണം

Tuesday 7 May 2019 8:40 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ശരിവെച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസില്‍ സിപിഎം ഫ്രാക്ഷന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് പിടിച്ചു വാങ്ങുന്നെന്ന് എപ്രില്‍ 23ന് ജന്മഭൂമിയാണ് ആദ്യം  റിപ്പോര്‍ട്ട് ചെയ്തത്. പോലീസിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നെന്ന ജന്മഭൂമി വാര്‍ത്ത ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് വിഭാഗം ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് കൈമാറിയത്.

  കഴിഞ്ഞ ദിവസമാണ് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ നാല് പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ബെഹ്റയ്ക്ക് നല്‍കിയത്. ബാലറ്റുകള്‍ ശേഖരിക്കാന്‍ കേരള പോലീസ് അസോസിയേഷനിലേയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനിലെയും ഒരു വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടിലുണ്ട്. പോലീസ് അസോസിയേഷന്‍ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പോലീസുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പു വഴി പ്രചരിച്ച ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും പറയുന്നു. അസോസിയേഷന്‍ നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. എന്നാല്‍ അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായെന്ന സൂചന റിപ്പോര്‍ട്ടിലുണ്ട്. അതേസമയം പോലീസ് മേധാവി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

  പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് കള്ളവോട്ടിന് ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് അസോസിയേഷനെ രക്ഷിക്കാന്‍ രാഷ്ട്രീയ ഭരണ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായി. അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍ ജന്മഭൂമിയിലും പിന്നീടു മറ്റു മാധ്യമങ്ങളിലും തുടര്‍ച്ചയായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. സിപിഎം നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷന്‍ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പിടിച്ചെടുത്ത് കള്ളവോട്ട് ചെയ്യുന്നുവെന്ന് ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ഡിജിപി ഇന്റലിജന്‍സ് മേധാവിയെ അന്വേഷണം ഏല്‍പ്പിച്ചു. 

  നേരിയ ഭൂരിപക്ഷത്തിനു സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്ന പല മണ്ഡലങ്ങളിലും പോലീസിലെ 55,000 ത്തിലേറെ പേരുടെ വോട്ട് നിര്‍ണായകമാണ്. വീട്ടിലെ വിലാസത്തിലാണു പോസ്റ്റല്‍ ബാലറ്റിനു സാധാരണയായി അപേക്ഷിക്കുന്നത്. എന്നാല്‍ ഓരോ ബറ്റാലിയനിലും രൂപീകരിച്ചിട്ടുള്ള പോലീസ് അസോസിയേഷന്റെ സിപിഎമ്മിന്റെ ഇലക്ഷന്‍ സെല്ലിലെ പോലീസുകാര്‍ വെട്ടിത്തിരുത്തി ബറ്റാലിയന്‍ വിലാസത്തിലാക്കി അപേക്ഷ നല്‍കിയെന്നായിരുന്നു പരാതി.

 പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലീസുകാര്‍ക്ക് തങ്ങള്‍ക്ക് സൗകര്യമുള്ള വിലാസത്തില്‍ നിന്ന് ബാലറ്റ് പേപ്പര്‍ വരുത്താം. ഇത് മുതലെടുത്താണ് പോലീസ് അസോസിയേഷന്‍ നിയന്ത്രിക്കുന്ന ഇടത് അനുകൂലികള്‍ ഇടപെടല്‍ നടത്തിയത്. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പോലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇന്റലിജന്‍സ് കൈമാറിയ റിപ്പോര്‍ട്ടിന്മേല്‍ എന്തുനടപടിയുണ്ടാകുമെന്നതാണ് ഇനി പ്രധാനം. ആരോപണം ഉയര്‍ന്ന് ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.