കേരളത്തില്‍ ചാവേറാക്രമണം: നിര്‍ദ്ദേശിച്ചത് അബ്ദുള്‍ റാഷിദ്

Tuesday 7 May 2019 5:00 am IST

കൊച്ചി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായും റിയാസ് അബൂബക്കറാണ് ഇതിലെ പ്രധാന പ്രതിയെന്നും  ദേശീയ അന്വേഷണ ഏജന്‍സി  പ്രത്യേക എന്‍ഐഎ കോടതിയില്‍ വെളിപ്പെടുത്തി. ഐഎസ് ഭീകരന്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷിദിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് കണ്ടെത്തിയതായും  കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ  വ്യക്തമാക്കി.

 അതിനിടെ വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെയാണ്  പ്രതിചേര്‍ത്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നത്.

 ചാവേറാക്രമണത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റിയാസ്. കേരളത്തില്‍ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതും റിയാസിന്റെ നേതൃത്വത്തിലായിരുന്നു. കേരളത്തിന് പുറമേ മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും റിയാസ് ഏകോപിപ്പിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. കോളേജുകള്‍ കേന്ദ്രീകരിച്ച് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനമുണ്ട്.  വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. മത പഠനത്തിന്റെ പേരില്‍ സംഘടിപ്പിച്ച ക്ലാസുകളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നെന്നും എന്‍ഐഎ കണ്ടെത്തി.  റിയാസ് അബൂബക്കറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ഐഎസ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുകയും ചെയ്തിരുന്ന ഇരുപതു പേര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. 

റിയാസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ അഞ്ച് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയായിരുന്നു കോടതി. ശ്രീലങ്കന്‍ ചാവേറാക്രമണങ്ങള്‍ക്ക്  കേരള ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ റെയ്ഡില്‍ കഴിഞ്ഞ 30നാണ്   റിയാസ് പിടിയിലായത്. 

26 തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കി

കൊച്ചി: ഐഎസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 26 കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കുന്നു. ഐബിയും സൈനിക ഇന്റലിജന്‍സുകളും ഇതിന് വേണ്ട നിര്‍ദേശം നല്‍കി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍, കേരളത്തിലെ വിവിധ സൈനിക താവളങ്ങള്‍, വിമാനത്താവളങ്ങള്‍ അടക്കമുള്ളവയുടെ സുരക്ഷ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം.

 സംശയമുള്ള കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്താനും എല്ലാ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറില്‍ നിന്നാണ് കേരളത്തില്‍ ശ്രീലങ്കന്‍ മോഡല്‍ ചാവേറാക്രമണം ആസൂത്രണം ചെയ്തിരുന്നു എന്ന സുപ്രധാന വിവരം ലഭിച്ചത്. 

തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും തയാറാക്കിയിരുന്നു എന്നാണ് റിയാസിന്റെ വെളിപ്പെടുത്തല്‍. ഇസ്ലാമിക വിഭാഗത്തിലെ തീവ്ര സംഘങ്ങള്‍ ഐഎസ് സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നതും സൈനിക ഇന്റലിജന്‍സ് ഗൗരവത്തോടെയാണ് കാണുന്നത്. ഓരോ പ്രദേശങ്ങളുടെയും വിവരങ്ങള്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആക്രമണം നടത്താന്‍ തയാറായിരിക്കുന്ന സംഘങ്ങളുടെ കൈയില്‍ എത്താന്‍ സാധ്യത ഏറെയാണ്.

സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് നടപടി ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ കേരളത്തിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന ലങ്കന്‍ സേനയുടെ സ്ഥിരീകരണത്തെ തുടര്‍ന്ന് കര-നാവിക-വ്യോമ സേനകളുടെ ഇന്റലിജന്‍സ് സംഘം കേരളത്തില്‍ ക്യാമ്പ് ചെയ്യുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.