ഭീകരർക്ക് കേരളവുമായി അടുത്ത ബന്ധം

Tuesday 7 May 2019 12:17 pm IST

സൗദി : ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് കാസര്‍കോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐഎസ് റിക്രൂട്ട്മെന്റില്‍ പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.

2017ല്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ട ഷിബി കുന്നത്ത് തൊടിക എന്ന മലയാളി ഭീകരനുമായി റിയാസിന് അടുത്ത ബന്ധമുണ്ടെന്നും ഷിബിയുടെ മരണം റിയാസിനെ ബാധിച്ചെന്നും എന്‍ഐഎ പറയുന്നു. തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ്ഖാന്റെ നേതൃത്വത്തില്‍ ഭീകരവാദ റിക്രൂട്ട്മെന്റ് തുടരുന്നുവെന്നും എന്‍ഐഎ അറിയിച്ചു.അതേസമയം, ഐസിസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികളെക്കൂടി എന്‍ഐഎ പ്രതിചേര്‍ത്തു.

 ഖത്തറില്‍ കഴിയുന്ന കൊല്ലം കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര അനസ് ഫ്‌ളോര്‍ മില്ലിനു സമീപം വക്കേത്തറയില്‍ അബു മര്‍വാന്‍ അല്‍ ഹിന്ദി എന്നറിയപ്പെടുന്ന മുഹമ്മദ് ഫൈസല്‍ (29), കാസര്‍കോട് കളിയങ്ങാട് പള്ളിക്കല്‍ മന്‍സിലില്‍ അബു ഈസ എന്ന പി.എ. അബൂബക്കര്‍ സിദ്ദിഖ് (28), കാസര്‍കോട് എരുത്തുംകടവ് വിദ്യാനഗര്‍ സിനാന്‍ മന്‍സിലില്‍ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.കാസര്‍കോട്ട് നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണിത്.

റിക്രൂട്ട്‌മെന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെയും അഫ്ഗാനിസ്ഥാനില്‍ ഒളിവിലുള്ള മറ്റൊരു പ്രതിയുടെയും നിരന്തര സ്വാധീനം നിമിത്തം പ്രതികള്‍ ഒറ്റ ഗ്രൂപ്പായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2018 സെപ്തംബര്‍ മുതല്‍ ആസൂത്രണങ്ങള്‍ നടത്തി വരികയായിരുന്നു. ഫൈസലിന്റെയൊഴികെ മറ്റു പ്രതികളുടെ വീടുകളില്‍ ഏപ്രില്‍ 28 ന് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, എയര്‍ഗണ്‍, പേഴ്‌സണല്‍ ഡയറികള്‍, ചില പുസ്തകങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. അബ്ദുള്‍ റാഷിദ് കാസര്‍കോട്ടും പാലക്കാട്ടുമുള്ള ചില യുവാക്കളെ ഐസിസില്‍ ചേരാനും ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിരന്തരം പ്രേരിപ്പിക്കുന്നുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.