ആദ്യ ആന്‍ഡ്രോയ്ഡ് ബസ് ടിക്കറ്റിങ് സംവിധാനവുമായി വിഎസ്ടി

Wednesday 8 May 2019 4:35 am IST

കൊച്ചി: രാജ്യത്തെ ആദ്യ ആന്‍ഡ്രോയ്ഡ് ബസ് ടിക്കറ്റിങ് മെഷീനും ഐഎസ്ആര്‍ഒയുടെ നാവിക് ഉപഗ്രഹ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വാഹന ഗതിനിര്‍ണയ (ട്രാക്കിങ്) ഉപകരണവും കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത വിഎസ്ടി മൊബിലിറ്റി സൊല്യൂഷന്‍സ് പുറത്തിറക്കി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീനായ മോബ്‌ഗോയില്‍ 5.5 ഇഞ്ച് മോണിറ്ററാണുള്ളത്. 

മൊബൈല്‍ ഇടപാടുകള്‍ അടക്കം സാധ്യമാക്കുന്ന 'നോ ഫീല്‍ഡ് കമ്യൂണിക്കേഷന്‍' (എന്‍എഫ്‌സി) സാങ്കേതികവിദ്യയിലൂടെ സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിച്ച് കറന്‍സി രഹിത ഇടപാട് നടത്താം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ) അംഗീകരിച്ച സ്മാര്‍ട്ട് എക്ലിപ്‌സ് എന്ന വാഹന ട്രാക്കിങ് ഐഎസ്ആര്‍ഒയുടെ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനമായ (ഐആര്‍എന്‍എസ്എസ്) നാവിക് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ജിപിഎസിനു പകരം 2019 ഏപ്രില്‍ ഒന്നു മുതല്‍ നാവിക് അടിസ്ഥാനമാക്കിയാണ് വാഹനങ്ങളില്‍ ഗതിനിര്‍ണയ സംവിധാനം ഘടിപ്പിക്കേണ്ടതെന്ന് ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ സംവിധാനം നടപ്പാക്കുന്ന കേരളത്തിലെ ആദ്യ ഉപകരണമാണ് സ്മാര്‍ട്ട് എക്ലിപ്‌സ്. 

കെഎസ്യുഎമ്മിനു കീഴില്‍ കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണിലാണ് വിഎസ്ടി പ്രവര്‍ത്തിക്കുന്നത്. ഗവേഷണ വിഭാഗവും നിര്‍മാണ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ സഹകരണം ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കമ്പനിയുടെ നേട്ടം. ഖത്തര്‍, സൗദി അറേബ്യ, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ടിക്കറ്റ് മെഷീന് പുതിയ ഓര്‍ഡറുകള്‍ ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.