ലാഹോറില്‍ ചാവേറാക്രമണം: പത്ത് പേര്‍ കൊല്ലപ്പെട്ടു

Wednesday 8 May 2019 10:29 am IST

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോറില്‍ സൂഫി ആരാധനാലയത്തിനടുത്തുണ്ടായ  ചാവേറാക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനി താലിബന്‍ ഏറ്റെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സൂഫി വിശുദ്ധന്‍ അലി ഹജ്‌വാരിയുടെ ആരാധനാലയമായ ഡാറ്റാ ദര്‍ബാറിന്റെ രണ്ടാം കവാടത്തിനടുത്ത് ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയായിരുന്നു ആക്രമണം. അഞ്ച് പോലീസുദ്യോഗസ്ഥരുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. നാല് പോലീസുകാരുടെ നില ഗുരുതരമാണ്. 

ആരാധനാലയത്തിന് സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനമായിരുന്നു ചാവേറിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന് സമീപമെത്തിയയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും പഞ്ചാബ് ഐജി ആരിഫ് നവാസ് പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്ന് പഞ്ചാബ് നിയമകാര്യ മന്ത്രി ബസ്രത് രാജ അറിയിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റ് നേതാക്കളും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കൊല്ലപ്പെട്ടവരുടെ കുടംബത്തോട് ഇമ്രാന്‍ ഖേദം പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാധനാലയത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രവേശനം നിരോധിക്കുകയും ചെയ്തു. ലാഹോറിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. റംസാന്‍ മാസം മുഴുവന്‍ ഇത് തുടരുമെന്നും പോലീസ് അറിയിച്ചു.

2010ലും ലാഹോറിലെ സൂഫി ആരാധനാലയത്തെ ലക്ഷ്യമാക്കി ചാവേറാക്രമണം നടന്നിരുന്നു. അന്ന് 40 പേരാണ് കൊല്ലപ്പെട്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.