മീന്‍ ലഭ്യത കുറഞ്ഞു; വില കുതിക്കുന്നു

Wednesday 8 May 2019 10:50 am IST

കൊച്ചി: കടലില്‍ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യത്തിന്റെ വില കുതിക്കുകയാണ്. മലയാളികളുടെ ഇഷ്ട മത്സ്യ ഇനങ്ങളായ മത്തിയും അയലയും കിട്ടാക്കനിയായിരിക്കുകയാണ്. ഉള്ളതിനാവട്ടെ തൊട്ടാല്‍ പൊള്ളുന്ന വിലയും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കടലിലെ താപനില വര്‍ദ്ധിച്ചതാണ് മത്സ്യ ലഭ്യതയില്‍ കുറവ് ഉണ്ടാകാന്‍ കാരണം. 

രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലെ ട്രോളിങ് നിരോധനവും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളായ തമിഴ്‌നാട്, ആന്ധ്ര, ബംഗാള്‍, ഓറീസ എന്നിവിടങ്ങളിലാണ് ട്രോളിങ് നിരോധനം ഇപ്പോഴുള്ളത്. 

ട്രോളിങ് നിരോധനമുള്ള മേഖലകളില്‍ നിന്ന് വന്‍കിട വ്യാപാരികള്‍ നീണ്ടകരയിലും മറ്റും തമ്പടിച്ചിരിക്കുന്നതിനാല്‍ കിട്ടുന്ന മത്സ്യം വന്‍ വിലക്കാണ് പോകുന്നത്. കേരളത്തില്‍ നിന്നും ലഭിക്കുന്ന മത്സ്യങ്ങള്‍ തീരത്ത് എത്തിയാല്‍ വന്‍കിട കമ്പനികള്‍ വാങ്ങുകയാണ്. ഇതോടെ സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലേക്ക് മത്സ്യത്തിന്റെ വരവ് കുറയാന്‍ പ്രധാന കാരണം. 

മത്സ്യ ബന്ധന ബോട്ട് അടുക്കുന്ന തുറമുഖങ്ങളില്‍ ഒരു കുട്ട മത്തിക്ക് (24 കിലോ) 4000 രൂപയാണ് വില. മുമ്പ് 2000ല്‍ താഴെയായിരുന്നു വില. കഴിഞ്ഞ ആഴ്ച 3000 രൂപയായിരുന്ന കണ്ണി അയല ഇപ്പോള്‍ 6000 കടന്നിരിക്കുകയാണ്. അയല കുട്ടക്ക് 8000 പിന്നിട്ടു. ഒരാഴ്ച മുമ്പ് 1500 രൂപയുണ്ടായിരുന്ന കിളിമീന് 2000 രൂപയും, 2000 രൂപയായിരുന്ന ഉണ്ണിമേരിക്ക് 4000 രൂപയുമാണ് ഇപ്പോള്‍ വില.

കേരള തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്ന വള്ളങ്ങള്‍ക്ക് മത്സ്യം കിട്ടാനില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. കുറച്ച് ദിവസങ്ങളായിട്ട് ചെലവ് കാശ് പോലും ലഭിക്കുന്നില്ല. ഓഖി ദുരന്തത്തിന് ശേഷം മത്സ്യ ലഭ്യതയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.