സുപ്രീം‌കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് രാഹുൽ

Wednesday 8 May 2019 11:26 am IST

ന്യൂദല്‍ഹി: റഫാല്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് നിരുപാധികം മാപ്പ് അപേക്ഷിച്ചത്. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് കോടതിയും സമ്മതിച്ചെന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. 

സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ എഴുതിയ ഭാഗത്തായിരുന്നു രാഹുലിന്റെ ഖേദപ്രകടനം. ഇതു മതിയാവില്ലെന്നും നിരുപാധികം മാപ്പ് പറയണമെന്നും മീനാക്ഷി ലേഖി കോടതിയില്‍ വാദിച്ചു. രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതിയലക്ഷ്യ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

പരാമര്‍ശം തെറ്റായിപ്പോയെന്നും തെരഞ്ഞെടുപ്പ് ആവേശത്തില്‍ പറഞ്ഞതാണെന്നും രാഹുല്‍ വ്യക്തമാക്കി. അതിനാല്‍‌ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. എന്നാല്‍ രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ വാദം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.