തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള ഹര്‍ജി തള്ളി; കോണ്‍ഗ്രസിന് തിരിച്ചടി

Wednesday 8 May 2019 12:21 pm IST
തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവേചനം കാണിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് എം.പി സുശ്മിത ദേവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ന്യൂദല്‍ഹി: പെരുമാറ്റ ചട്ടലംഘനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവേചനം കാണിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് എം.പി സുശ്മിത ദേവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പ്രചാണത്തിനിടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി,? മായാവതി,? യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവേചനം കാണിക്കുന്നെന്നും ഹര്‍ജിയില്‍ കോണ്‍ഗ്രസ് എം.പി വ്യക്തമാക്കുന്നു. എന്നാല്‍ നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്ബാകെയുള്ള 11പരാതികളിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന് മറ്റൊരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കരുതെന്ന കമ്മിഷന്‍ നിര്‍ദേശം ഇരുവരും ആവര്‍ത്തിച്ചു ലംഘിക്കുകയാണ്. അഹമദാബാദില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി റോഡ്ഷോ നടത്തിയതും പെരുമാറ്റചട്ട ലംഘനമാണ്. ഇക്കാര്യങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പന്ത്രണ്ട് പരാതികള്‍ കമ്മിഷന് നല്‍കി. അഞ്ചു തവണ കമ്മിഷന്‍ മുന്‍പാകെ നേരിട്ട് ഹാജരായി തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്നും സുശ്മിത ദേവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം, മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിക്കെതിരെ നരേന്ദ്ര മോദി നടത്തിയ പരമാര്‍ശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ഇതുകൂടാതെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന രണ്ട് പരാതികളില്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ ക്ലീന്‍ ചിറ്റ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.