പ്രളയം ഇനി കേരളം താങ്ങില്ല, 5 അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്

Wednesday 8 May 2019 1:37 pm IST

നൂദല്‍ഹി : കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു പ്രളയം കേരളം താങ്ങില്ല, അതിനാല്‍ ഒരു മാസത്തിനകം അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. 

തീരദേശ പരിപാലന അതോറിട്ടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നീ അപ്പാര്‍ട്മെന്റുകളാണ് പൊളിച്ചു നീക്കുന്നത്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.

മരട് മുനിസിപ്പാലിറ്റിയാകുന്നതിന് മുമ്പ് 2006ല്‍ പഞ്ചായത്ത് ആയിരിക്കേയാണ് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. നിര്‍മാണ സമയത്ത് കേരളാ തീരദേശ പരിപാലന ചട്ടം ഇവ ലംഘിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സംഭവത്തില്‍ നേരത്തെ ഹര്‍ജി പരിഗണിച്ച  ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കെട്ടിടനിര്‍മ്മാതാക്കള്‍ക്ക് അനുകൂല വിധിയാണ് പുറപ്പെടുവിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് തീരദേശപരിപാലന അതോറിട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.