എളംകുളം ബാങ്ക് തട്ടിപ്പ്; ഡയറക്ടര്‍മാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Wednesday 8 May 2019 8:41 pm IST

കൊച്ചി: കോട്ടയം ജില്ലയിലെ എളംകുളം സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഡയറക്ടര്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഡയറക്ടര്‍മാരായ കൂരാലി സ്വദേശി എം.ജി. കൃഷ്ണന്‍ നായര്‍, വി.ടി. ജോസഫ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. 

ബാങ്കിന്റെ ഭാരവാഹികളും മാനേജരും ചേര്‍ന്നു നടത്തിയ തട്ടിപ്പിന്റെ ബാധ്യത ഡയറക്ടര്‍മാരില്‍ ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ ചെയ്ത കുറ്റത്തിന്റെ ബാധ്യത മറ്റൊരാള്‍ക്കുകൂടി ബാധകമാക്കാന്‍ ക്രിമിനല്‍ നിയമപ്രകാരം സാധ്യമല്ല. ഒരാള്‍ കുറ്റകൃത്യത്തില്‍ സഹായിയായോ പങ്കാളിയായോ ഉള്‍പ്പെട്ടാല്‍ മാത്രമേ പ്രോസിക്യൂഷന്‍ നടപടി സാധ്യമാകൂവെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.

വിവിധ കാലഘട്ടങ്ങളില്‍ ബാങ്കില്‍ നിന്ന് വായ്പ നല്‍കിയതില്‍ ക്രമക്കേടു കണ്ടെത്തിയ, വിജിലന്‍സ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കോട്ടയം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രവും നല്‍കി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍മാര്‍ വിജിലന്‍സ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.