പലിശരഹിത വായ്പയുമായി ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍

Thursday 9 May 2019 3:33 am IST

കൊച്ചി: രോഗികളുടെ ചികിത്സാച്ചെലവിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്സി) ആരംഭിച്ചു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സമയോചിത സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. ആസ്റ്റര്‍ ഈസി കെയര്‍, ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകള്‍, ചാരിറ്റി എന്നീ സേവനങ്ങളാണ് ആസ്റ്റര്‍ ഫിനാന്‍സ് സെന്റര്‍ ലഭ്യമാക്കുക. 

ബജാജ് ഫിന്‍സേര്‍വ്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ച് രോഗികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയോടെ ലളിതമായ മാസത്തവണ വ്യവസ്ഥയില്‍ തിരിച്ചടയ്ക്കാവുന്ന സാമ്പത്തിക സേവനമാണ് ആസ്റ്റര്‍ ഈസി കെയര്‍. വായ്പയുടെ പലിശ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടയ്ക്കും. ഇന്റര്‍നെറ്റില്‍ ക്രൗഡ്ഫണ്ടിങ്ങിലൂടെ അര്‍ഹരായ രോഗികള്‍ക്ക് വളരെ എളുപ്പത്തില്‍ ആവശ്യമായ പണം ലഭ്യമാക്കുന്നതാണ് മറ്റൊരു സേവനം. 

അവയവമാറ്റം ഉള്‍പ്പെടെ ഏറെ പണച്ചെലവുള്ള വളരെ സങ്കീര്‍ണമായ ചികിത്സ ആവശ്യമുള്ള രോഗികളുടെ സഹായത്തിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മിലാപ്, ഇംപാക്റ്റ് ഗുരു തുടങ്ങിയ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ധന രോഗികള്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ഡോ. മൂപ്പന്‍സ് ഫാമിലി ഫൗണ്ടേഷനും നിലവില്‍ നല്‍കിവരുന്ന സബ്സിഡികള്‍ ഇനി ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ വഴിയാകും നല്‍കുക. 

കേരളത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ഡിഎം വിംസ് വയനാട് എന്നിവിടങ്ങളിലും ബെംഗളൂരു, കൊല്‍ഹാപൂര്‍, ഹൈദരാബാദ്, ഗുണ്ടൂര്‍, വിജയവാഡ, ഓങ്കോള്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ആശുപത്രികളിലും സേവനം ലഭിക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.