മുഖ്യന്‍ പിന്നെയും പറന്നു...!

Thursday 9 May 2019 4:54 am IST
പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള ഡച്ച് രീതി പഠിക്കുക എന്ന ഉദ്ദേശ്യവും മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് ഉണ്ടത്രെ. അതു പഠിക്കാനാണെങ്കില്‍ ഒഡിഷയില്‍ ഒന്നിറങ്ങിയാല്‍ മതിയല്ലോ. 200 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടവും ആള്‍നാശവും ഏറ്റവും കുറച്ചത് എങ്ങിനെയെന്ന് അവിടത്തെ സര്‍ക്കാരിനോടും ചീഫ് സെക്രട്ടറിയോടും ചോദിച്ചാലറിയാം. 12 ലക്ഷം ആളുകളെ അതിവേഗം എങ്ങിനെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും ചോദിക്കാം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വന്‍ സംഘവുമായി വിദേശ സഞ്ചാരത്തിന് പുറപ്പെട്ടു. 10 ദിവസമാണു യാത്ര. അതിനിടയില്‍ നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ നാലു യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇതൊരു ഇടക്കാല കലാപരിപാടിയാണെങ്കിലും എന്തൊക്കെയാണ് ഇത്തവണത്തെ പരിപാടികള്‍ എന്ന് നോക്കാം. 

നെതര്‍ലാന്‍ഡ്‌സില്‍ ഐ.ടി. അസോസിയേഷനുമായും വ്യവസായ പ്രമുഖരുമായും സംഭാഷണം. സ്വിറ്റ്സര്‍ലണ്ടിലും ലണ്ടനിലും ഇതേ പരിപാടികള്‍ തന്നെ. ഐടിയും മറ്റു വ്യവസായങ്ങളും കൊണ്ടുവരാന്‍ വേണ്ടി കേരളം എത്ര യാത്ര സംഘടിപ്പിച്ചതാണ്? എത്ര തവണ സംഭാഷണം നടത്തിയതാണ്?  ഇടയ്ക്കു വിദേശത്തു പോയി വ്യവസായികളെ കാണുകയും ചെയ്യുന്നു. എന്നിട്ടും ആരും വ്യവസായവുമായി ഇങ്ങോട്ടില്ല. മുതല്‍ മുടക്കാന്‍ പണവുമായി വരുന്നവനെ കുത്തുപാളയെടുപ്പിക്കുന്ന ഹര്‍ത്താലും പണിമുടക്കും ട്രേഡ് യുണിയനിസവുംകൊണ്ട് പൊറുതിമുട്ടിക്കുന്ന നാടാണു കേരളമെന്ന് അറിയാത്തവര്‍ ലോകത്തില്ല. 

ഇപ്പറഞ്ഞതിന്റെയൊക്കെ ഉപജ്ഞാതാക്കളും പ്രായോജകരുമാണ് ഇപ്പോള്‍ ലോകം ചുറ്റാന്‍ പോയിരിക്കുന്നത്. മേല്‍ വിവരിച്ചതിനു പുറമെ പുതിയതായി രംഗത്തു വന്ന സുകുമാര കലയാണ് ഭീകരവാദം. ചാവേറുകള്‍ ബോംബുമായി പതിയിരിക്കുന്ന നാടെന്ന ചീത്തപ്പേരുകൂടി ഈ നാടിനു തരപ്പെടുത്തിയവരാണ് യാത്രക്കാര്‍. വ്യവസായ സൗഹൃദമല്ലാത്ത കേരളത്തില്‍, സാമാന്യ ബുദ്ധിയുള്ള ആരും സ്വന്തം പണം നിക്ഷേപിക്കാന്‍ വരില്ല എന്ന സത്യം അറിയാത്തവരൊന്നുമല്ല ഇവിടത്തെ രാഷ്ട്രീയക്കാര്‍. എന്തെങ്കിലും  കാരണം കാണിച്ചു ഒരു വിദേശ യാത്ര  തരപ്പെടുത്തുന്നു. എന്നതിനപ്പുറം ഇതില്‍ ഒന്നുമില്ല. 

സാമ്പത്തിക വിദഗ്ധരെ കാണുക എന്നതാണ് മറ്റൊരു പരിപാടി. ഫ്രഞ്ച്കാരന്‍ തോമസ് പിക്കെറ്റി, ഇദ്ദേഹമാണത്രെ രാഹുല്‍ ഗാന്ധിയ്ക്ക് ഉപദേശം നല്‍കുന്ന സാമ്പത്തിക വിദഗ്ധന്‍. ഓരോ ഇന്ത്യന്‍ പൗരനും ഓരോ വര്‍ഷവും 72000 രൂപ നല്‍കാമെന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് എന്നറിയുന്നു. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത് പോലെ ഒരു വാഗ്ദാനം നല്‍കാനുള്ള ഉപദേശം ഇദ്ദേഹത്തില്‍ നിന്നു സംഘടിപ്പിക്കുകയാണോ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്നറിയില്ല. കേരളത്തിന്റെ  പൊതു കടം രണ്ടര ലക്ഷം കോടി ആയ സ്ഥിതി കണക്കിലെടുത്താണോ ഈ വിദഗ്ധന്മാരുടെ ഉപദേശം തേടുന്നത് എന്നുമറിയില്ല. കേരളത്തിന്റെ സാമ്പത്തിക വിദഗ്ധന്‍ ധനമന്ത്രി തോമസ് ഐസക്കും സംഘത്തില്‍ ഉണ്ട് എന്നത് ആശ്വാസം. 

പ്രകൃതിദുരന്തങ്ങളെ എങ്ങിനെ നേരിടാം എന്ന ഡച്ച് രീതി പഠിക്കുക എന്ന ഉദ്ദേശ്യവും ഉണ്ടത്രെ. നദികളിലെ വെള്ളപ്പൊക്ക  നിയന്ത്രണത്തിന് ഡച്ച് 'റൂം ഫോര്‍ റിവര്‍' പദ്ധതി മനസ്സിലാക്കുകയാണു ലക്ഷ്യം.  ലളിതമായി പറഞ്ഞാല്‍ നദികളെ സ്വച്ഛന്ദമായി ഒഴുകാന്‍ അനുവദിക്കുക, അടിഞ്ഞുകൂടുന്ന മണ്ണ് മാറ്റുക, പുഴ കൈയ്യേറ്റം ഒഴിവാക്കുക തുടങ്ങി ഏവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ മാത്രമേ ഹോളണ്ടുകാരും ചെയ്യുന്നുള്ളൂ. പിന്നെ, ഇപ്പോള്‍ കേരളം കണ്ട പ്രളയം മനുഷ്യ നിര്‍മ്മിതം ആണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും വന്നല്ലോ.

ദുരന്ത നിവാരണ രീതികള്‍ പഠിക്കാനാണെങ്കില്‍ പോകുന്ന വഴി ഒഡിഷയില്‍ ഒന്നിറങ്ങിയാല്‍ മതിയല്ലോ. 200 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടവും ആള്‍ നഷ്ടവും ഏറ്റവും കുറച്ചത് എങ്ങിനെയെന്ന് അവിടത്തെ സര്‍ക്കാരിനോടും ചീഫ് സെക്രട്ടറിയോടും ചോദിച്ചാലറിയാം. ഇത്രയും വേഗം 12 ലക്ഷം ആളുകളെ എങ്ങിനെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി എന്നും ചോദിക്കാം. കേരളത്തിലെ പ്രളയം കൈകാര്യം ചെയ്ത നമ്മുടെ ചീഫ് സെക്രട്ടറിയും കൂട്ടത്തില്‍ ഉണ്ടല്ലോ. വേണമെങ്കില്‍, ഡാം തുറന്നു വിടുന്നതില്‍ വിദഗ്ധനായ മന്ത്രി മണിയാശാനേക്കൂടി കൊണ്ടുപോവുകയും ചെയ്യാം. 

ഹൈലൈറ്റ് ഇതൊന്നുമല്ല, മുഖ്യമന്ത്രിയുടെ ജനീവയിലെ പ്രസംഗം ആണ്. 'ഗ്ലോബല്‍ പ്ലാറ്റ്ഫോം ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക്ക് റിഡക്ഷന്‍' എന്ന ഐക്യരാഷ്ട്രസഭയുടെ ഉന്നത തല സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശിഷ്ടാതിഥികളില്‍ ഒരാളും പ്രാസംഗികനുമായിരിക്കുമെന്നാണ് അറിവ്. ഐക്യ രാഷ്ട്ര സഭയുടെ 'ദുരന്ത നഷ്ടം കുറയ്ക്കുന്നതിനുള്ള ആഗോള വേദി' ആണ് ജനീവയില്‍. അവിടെയാണ് വിജയന്‍ പ്രസംഗിക്കും എന്ന് പറയുന്നത്. പ്രളയത്തില്‍ കേരളത്തിന്റെ അനുഭവവും പ്രളയാനന്തര പുനര്‍നിര്‍മാണവും ആണ് അദ്ദേഹം ലോകത്തിന് പങ്കുവയ്ക്കുന്നതത്രെ. നമുക്കല്ലേ അറിയൂ ഇവിടെ നടന്നത് എന്താണെന്ന്. 

ഹൈക്കോടതിയുടെ അമിക്കസ്‌ക്യൂറി തെളിവുകള്‍ സഹിതം കൃത്യമായി പറഞ്ഞു, കേരളത്തില്‍ സംഭവിച്ചത് പ്രകൃതിദുരന്തമല്ല, മനുഷ്യന്‍ ഉണ്ടാക്കിയ പ്രളയം ആയിരുന്നുവെന്ന്. ഡാമുകള്‍ തുറന്നുവിട്ടു ഭരണകൂടം സൃഷ്ടിച്ച പ്രളയത്തില്‍ 500ലേറെ ആളുകള്‍ മരിച്ചു, ലക്ഷങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി, കൃഷിയും സ്ഥാവര ജംഗമ സ്വത്തുക്കളും നഷ്ടമായി. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ആകെ തകര്‍ന്നു. എല്ലാം തകര്‍ന്ന ജനത ഇന്നും കരകയറിയിട്ടില്ല.

പുനര്‍ നിര്‍മാണം അതിലും വിചിത്രം. പ്രളയം കഴിഞ്ഞു 8 മാസം കഴിഞ്ഞിട്ടും തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ട പരിഹാരം നല്‍കിയിട്ടില്ല. നഷ്ടപരിഹാരം തീര്‍പ്പാക്കാനുള്ള അപ്പീലുകള്‍ 60,000 എണ്ണമാണ് സര്‍ക്കാരില്‍ കെട്ടിക്കിടക്കുന്നത്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് തീര്‍ന്നാല്‍ മാത്രമേ ആ പാവങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടുകയുള്ളു. അതിനുള്ള അപ്പീലുകള്‍ ആണ് ഈ കിടക്കുന്നത്. ഇത്രയും കുടുംബങ്ങള്‍ ആണ് കിടപ്പാടം ഇല്ലാതെ വലയുന്നത്. ഇതൊക്കെയാണ് ദുരന്ത നിവാരണവും പുനര്‍നിര്‍മാണവും ആയി കേരളത്തിന് സത്യസന്ധമായി ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ വയ്ക്കാനുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.