കൊച്ചി: സെറിബ്രല്‍പാള്‍സി ബാധിതനായ അശ്വിന് അശോക് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കരസ്ഥമാക്കിയത് അഭിമാന വിജയം. 96.5 ശതമാനം മാര്‍ക്ക് വാങ്ങി അശ്വിന് വിജയിച്ചപ്പോള്‍ അത് നാടിന്റെ കൂടി വിജയമാവുകയായിരുന്നു.
പള്ളുരുത്തി എസ്ഡിപിവൈ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് വിദ്യാര്‍ത്ഥിയാണ് അശ്വിന്. അരക്കുതാഴേക്കു തളര്‍ന്ന അശ്വിന്റ വലതു കൈക്കും ചലനശേഷിയില്ല. പള്ളുരുത്തി കടേഭാഗം, അശോകന്റേയും ശോഭയുടേയും മകനാണ്. ഇടതുകൈ കൊണ്ടാണ് എഴുത്ത്. എസ്എസ്എല്‍സി പരീക്ഷ സ്ക്രൈബിന്റെ സഹായത്തോടെയാണ് എഴുതിയത്. അഞ്ച് വിഷയങ്ങള്‍ക്ക് ഫുള്‍ മാര്‍ക്ക് നേടിയ അശ്വിന് ഇംഗ്ലീഷ് പരീക്ഷക്ക് സമയം കഴിഞ്ഞതു കൊണ്ട് മാര്‍ക്ക് മുഴുവന്‍ നേടാന്‍ കഴിഞ്ഞില്ലെന്ന് അശ്വിന് വിഷമത്തോടെ പറയുന്നു.
ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്നാണ് അശ്വിന്റെ ആഗ്രഹം. കല്‍പ്പണിക്കാരനായ അശ്വിന്റെ പിതാവ് അശോകന് മകന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ പിന്തുണയുമായി ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: