കേരളത്തിലെ ഭീകര പ്രവര്‍ത്തനത്തിന് പാക് മണ്ണില്‍ നിന്ന് സഹായം

Friday 10 May 2019 2:05 am IST
കശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിന് പാക് മണ്ണില്‍ നിന്ന് സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നത് പോലെ കേരളത്തിലേക്കും എത്തുന്നുവെന്ന് എന്‍ഐഎ കണ്ടെത്തല്‍. കേരളത്തിലടക്കം ഐഎസ്‌ഐ അനുഭാവം പുലര്‍ത്തുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൊച്ചി: കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക് മണ്ണില്‍ നിന്ന് സഹായം. ഐഎസ് റിക്രൂട്ട്‌മെന്റിലടക്കം എന്‍ഐഎ അന്വേഷിക്കുന്ന പലര്‍ക്കും പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ അഭയം നല്‍കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി.

 കശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിന് പാക് മണ്ണില്‍ നിന്ന് സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നത് പോലെ കേരളത്തിലേക്കും എത്തുന്നുവെന്ന് എന്‍ഐഎ കണ്ടെത്തല്‍. കേരളത്തിലടക്കം ഐഎസ്‌ഐ അനുഭാവം പുലര്‍ത്തുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പാക് ഏജന്‍സികളുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഐബി സംസ്ഥാന പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായവും പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

എന്നാല്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും, കശ്മീര്‍ സ്വദേശികളുടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളികളിലും അന്വേഷണം നടത്താന്‍ പോലീസ് തയാറായിരുന്നില്ല. ഐഎസ് റിക്രൂട്ട്‌മെന്റിന് സമാനമായ രീതിയില്‍ പാക് ഭീകര സംഘടനകളിലേക്ക് മലയാളികളെ എത്തിക്കുന്നതിന്റെ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചു. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ എന്‍ഐഎ ചെന്നൈ, കൊച്ചി കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.

ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ഇന്ത്യ വിട്ട ഏഴ് യുവാക്കള്‍ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാര്‍ച്ച് 23ന് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ എന്‍ഐഎ തിരിച്ചറിഞ്ഞെങ്കിലും പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലുള്ളവരുടെ വിവരങ്ങള്‍ പിന്നീട് ലഭിച്ചിട്ടില്ല. കേരളത്തിലുള്ള ഇവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു. മാസങ്ങളായി ഇവര്‍ നിരീക്ഷണത്തിലാണ്. മലയാളികള്‍ ഖത്തറില്‍ നിന്ന് സന്ദര്‍ശക വിസയില്‍ പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ടെന്ന് എന്‍ഐഎ ചോദ്യം ചെയ്യലില്‍ റിയാസ് അബൂബക്കറും, മുഹമ്മദ് ഫൈസലും മൊഴി നല്‍കിയിട്ടുണ്ട്. 

കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പിടികിട്ടാപ്പുള്ളിയായ കണ്ണൂര്‍ മരയ്ക്കാര്‍കണ്ടി കൊച്ച്പീടിയാക്കല്‍ സ്വദേശി മുഹമ്മദ് സാബിറിന് അഭയം ഒരുക്കിയിരിക്കുന്നതും പാക് ഭീകരകേന്ദ്രത്തിലാണ്. എന്‍ഐഎ അന്വേഷണത്തില്‍ സാബിറിന്റെ പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിരുന്നു. കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ പലര്‍ക്കും പാക് അധീന കശ്മീര്‍ പ്രദേശങ്ങളില്‍ ഭീകരര്‍ താവളം ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് പാക് ഭീകര സംഘടനകളിലെത്തിയവരുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടെങ്കിലും, ഇന്ത്യ നല്‍കുന്ന വിവരങ്ങളില്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കാറില്ല. ഇത് അന്വേഷണത്തിന് തിരിച്ചടിയാവുന്നു

പോലീസിനു നല്‍കുന്ന വിവരങ്ങള്‍ ചോരുന്നു: എന്‍ഐഎ

തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പോലീസില്‍ നിന്ന് ചോരുന്നുവെന്ന് എന്‍ഐഎ. എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് കാര്യമായി എടുക്കാറില്ലെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. റിയാസ് അബൂബക്കര്‍ നിരീക്ഷണത്തില്‍ ഉണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. അഫ്ഗാന്‍, യെമന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്  മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികള്‍ നിയന്ത്രിക്കുന്ന ദോഹ, സലാല, അബുദാബി മൊഡ്യൂളുകള്‍ ശക്തമാണെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.