വധശിക്ഷയ്ക്ക് വിധിച്ച കനേഡിയന്‍ പൗരന്റെ അപ്പീല്‍ കേള്‍ക്കുന്നത് ചൈന വൈകിക്കുന്നു

Friday 10 May 2019 3:20 am IST

ബീജിങ്: മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച കനേഡിയന്‍ പൗരന്റെ അപ്പീല്‍ കേള്‍ക്കുന്നത് ചൈന വൈകിക്കുന്നു. 200 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ റോബേര്‍ട്ട് ഷെല്ലന്‍ബര്‍ഗിനാണ് ചൈനീസ് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ എന്നു നടപ്പാക്കുമെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ലിയോണിങ് പ്രവിശ്യയിലെ കോടതി അറിയിച്ചു. കേസ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കി. 

മുഖ്യപ്രതി ഷെല്ലന്‍ബര്‍ഗാണെന്നും, ഹാജരാക്കിയ തെളിവുകള്‍ ശരിയാണെന്നും ചൈനീസ് കോടതി കണ്ടെത്തിയിരുന്നു. 2014 ലാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ നവംബറില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഷെല്ലന്‍ബര്‍ഗിന് കോടതി വിധിച്ചത്. എന്നാല്‍, ജനുവരിയില്‍ തിടുക്കപ്പെട്ട് ഇതു വധശിക്ഷയാക്കി മാറ്റി. ചൈനീസ് ടെലികോം ഭീമന്‍ ഹുവായിയുടെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥ മെങ് വാന്‍സു കാനഡയില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഷെല്ലെന്‍ബര്‍ഗിന് വധശിക്ഷ നല്‍കിയത്. ഇതിനു പിന്നാലെ കനേഡിയന്‍ പൗരന്മാരായ മൈക്കിള്‍ കോവ്‌റിഗ്, മൈക്കിള്‍ സ്പാവര്‍ എന്നിവരും ചൈനയില്‍ അറസ്റ്റിലായി. വധശിക്ഷയെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. ചൈനയുടെ താത്പര്യങ്ങളാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. 

ഇറാനുമായുള്ള കമ്പനിയുടെ കച്ചവട ബന്ധത്തെപ്പറ്റി ബാങ്കുകളോട് കള്ളം പറഞ്ഞെന്നായിരുന്നു ഹുവായി ഉദ്യോഗസ്ഥയ്‌ക്കെതിരെയുള്ള കുറ്റം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മെങ്ങിന്റെ അഭിഭാഷകന്റെ വാദം. മെങ്, വാന്‍കൂവര്‍ കോടതിയില്‍ ഹാജരായതിനു പിന്നാലെയാണ് ഷെല്ലെന്‍ബര്‍ഗിന്റെ അപ്പീലില്‍ വാദം കേട്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.