ഭൂഗര്‍ഭജല വരാല്‍ മത്സ്യത്തെ കണ്ടെത്തി

Friday 10 May 2019 3:50 am IST

കൊച്ചി: ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വയിനം വരാല്‍ മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്സോണമിസ്റ്റുമായ ഡോ. റാല്‍ഫ് ബ്രിറ്റ്സിന്റെ നേതൃത്വത്തില്‍ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകന്‍ ഡോ. രാജീവ് രാഘവന്‍ ഉള്‍പ്പെട്ട പഠന സംഘമാണ് സ്നേക്ക്ഹെഡ് (വരാല്‍) കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യയിനത്തെ കണ്ടെത്തിയത്. 

ഗോലം സ്നേക്കഹെഡ് എന്നാണ് പുതിയ മത്സ്യയിനത്തിന് ഇംഗ്ലിഷില്‍ പേര്. ശാസ്ത്രനാമം അനിക്മാചന ഗോലം. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റിമീറ്റര്‍ നീളമുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള നെല്‍വയലില്‍ നിന്നാണ് കണ്ടെത്തിയത്. മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗര്‍ഭ ജലഅറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ. രാജീവ് രാഘവന്‍ പറഞ്ഞു. 

ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗവും ഇനവും തിരിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഭൂഗര്‍ഭ ജലാശയങ്ങളില്‍ ഒളിച്ചു ജീവിക്കുന്ന ഭുഗര്‍ഭജല വരാല്‍ മത്സ്യയിനത്തിന്റെ കണ്ടെത്തെലെന്ന് കുഫോസ് വിസി ഡോ.എ. രാമചന്ദ്രന്‍ പറഞ്ഞു. പുതിയ വരാല്‍  മത്സ്യ ഇനത്തെ കണ്ടെത്തിയ വിവരം ന്യൂസിലാന്‍ഡില്‍ നിന്ന് പുറത്തിറങ്ങുന്ന ഇന്റര്‍നാഷണല്‍ അനിമല്‍ ടാക്സോണമി ജേണലായ സൂടാക്സയുടെ പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.